നരവരസുതവീര രഘുവരസഹജ
ശ്ലോകാർത്ഥം:-ശ്രീരാമൻ പറഞ്ഞതുകേട്ട് വീര്യത്തിൽ ഒന്നാംസ്ഥാനത്തായ ലക്ഷ്മണൻ കിഷ്കിന്ധയുടെ ഗോപുരദ്വാരത്തിൽ ചെന്ന് അതിഗംഭീരമായി വീണ്ടും വീണ്ടും ഞാണൊലിയിട്ടു. അതുകേട്ട സുഗ്രീവൻ പേടിച്ചവശനായി. ആ സമയം താര വന്ന് ലക്ഷ്മണനോട് ഇങ്ങനെ പറഞ്ഞു.
പദം:- വീരനായ രാജപുത്ര, രാമന്റെ അനുജാ, സുഗ്രീവനോട് കോപിയ്ക്കരുത്. അങ്ങയെ പോലെ ഉള്ള വീരന്മാർ ചപലന്മാരോട് ഒരിക്കലും കോപിക്കാറില്ലല്ലൊ. കാട്ടിൽ ദുഃഖത്തോടേ കഴിഞ്ഞിരുന്നവനെ രാമൻ കിഷ്കിന്ധയിൽ രാജാവായി വാഴിച്ചു. അതിനാൽ പ്രതിജ്ഞയ്ക്ക് അൽപ്പം മാറ്റം വന്നു. അത് നിന്ദകൊണ്ടല്ല തന്നെ. നോക്കൂ വാനരസൈന്യങ്ങൾ വന്നുചേരുന്നത് കണ്ടാലും. പലപർവതങ്ങളിൽ പാർക്കുന്നവരാണ് വാനരന്മാർ. പ്രതിജ്ഞ നിറവേറ്റുന്നതിൽ കാലതാമസം വന്നതിൽ കോപിക്കരുത് സുഗ്രീവനെ രക്ഷിക്കൂ.
താര, ശിരോവസ്ത്രം പിടിച്ച് കാൽ പരത്തിനിന്ന് ഇടതുവശത്തുകൂടി പ്രവേശിക്കുനു. വലം ഇടം കാലുകൾ മുന്നോട്ട് തൂക്കി ലക്ഷ്മണനെ കണ്ട് കൂപ്പുകയ്യോടെ ഇടത്തുനിന്ന് വലത്തോടുലഞ്ഞ അടുത്തു ചെന്ന് മുട്ടുകുത്തി വന്ദിക്കുന്നു.