രംഗം ആറ്

സ്വർഗ്ഗസുന്ദരിമാരിൽ പ്രധാനിയായ ഉർവ്വശി, അർജ്ജുനനെക്കണ്ട് കാമാർത്തയായി തന്റെ പാരവശ്യം സഖിയോട് പറയുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. കാമദഹനത്തിനു ശേഷം കാമദേവതുല്യനായി ബ്രഹ്മാവ് നിർമ്മിച്ച അർജ്ജുനനിൽ താൻ അനുരക്തയാണ് എന്ന് ഉർവശി സഖിയോടു പറയുന്നു. പണ്ടു തപസ്സിളക്കാൻ ചെന്നു പരാജയപ്പെട്ടുപോരേണ്ടി വന്നത് ഓർമ്മിപ്പിച്ച് മനസ്സറിയാതെ കാമാധീനയാവരുത് എന്നു സഖി ഓർമ്മപ്പെടുത്തുന്നു. ഉർവ്വശി സഖിയോട് തന്റെ അനുരാഗം സഫലമാക്കുവാനുള്ള ഉപായം തേടുന്നു. ഏകാന്തത്തിൽ അർജ്ജുനന്റെ അടുത്തുചെന്ന് ഇംഗിതം അറിയിക്കാൻ സഖി ഉർവ്വശിയെ ഉപദേശിയ്ക്കുന്നു. ഇത്രയുമാണ് ഈ രംഗത്തിന്റെ സാരം.

സുനിയതമായ ചൊല്ലിയാട്ടം നിഷ്കർഷിയ്ക്കപ്പെട്ടിട്ടുള്ള രംഗമാണിത്. ഉർവ്വശിയുടെ പദത്തിൽ വരുന്ന പതിഞ്ഞ ഇരട്ടി എന്ന നൃത്തശിൽപ്പം കഥകളിയിലെ മറ്റൊരു സ്ത്രീവേഷപദത്തിലും കാണാനാവില്ല.