ആരിവിടെ വന്നതാരെടാ മൂഢാ
ശ്ലോകം:- സീതാന്വേഷണത്തിനായി വേഗത്തിൽ ലങ്കയിൽ കടക്കാനൊരുങ്ങിയ ഹനൂമാനോട് തന്നിഷ്ടം പോലെ രൂപം ധരിക്കുവാൻ കഴിവുള്ളവളും രാവണന്റെ കല്പനപ്രകാരം ലങ്കയെ കാത്തുരക്ഷിക്കുന്നവളും ആയ ലങ്കാലക്ഷ്മി, ഘോരമായ അട്ടഹാസങ്ങളോടും തുടുത്ത വട്ടക്കണ്ണുകളോടും ഉഗ്രമായ ദംഷ്ട്രങ്ങളോടും കൂടി പുരികം വളച്ചുകൊണ്ട് പറഞ്ഞു.
പദം:-ഇവിടെ വന്ന മൂഢാ നീ ആരാണ്? രാവണന്റെ ആജ്ഞപ്രകാരം ലങ്കയെ ഞാൻ കാക്കുമ്പോൾ, അകത്ത് കടക്കാൻ ശ്രമിച്ച നീ മരിച്ചതായി കരുതിക്കൊള്ളുക.
ലങ്കാലക്ഷ്മി ഈ സമയം കരിവേഷമാണ്.
ലങ്കാലക്ഷ്മി തിരനോക്കുകഴിഞ്ഞ് തിരതാഴ്ത്തി ഉത്തരീയം വീശി ഇരുന്ന് ആലോചിച്ച് കുണ്ഠിതത്തോടെ) കഷ്ടം! ഇങ്ങനെ വന്നുവല്ലൊ! ബ്രഹ്മശാപത്താൽ ഈ വേഷത്തോടെ ഇവിടെ വന്ന് രാവണന്റെ കോട്ട് കാക്കുവാൻ സംഗതി വന്നു. ഈ ദുഷ്ടന്മാരുടെ ഇടയിൽ ഇങ്ങനെ എത്രകാലം കഴിയണം ആവോ! വാനരപ്രഹരമേറ്റാൽ ശാപം നീങ്ങുമെന്ന് ബ്രഹ്മദേവൻ അനുഗ്രഹിച്ചിട്ടുണ്ട്. പക്ഷെ കടൽ കടന്നിവിടെ എത്തുവാൻ കരുത്തുള്ള ഒരു വാനരൻ എവിടെ? (ശുഭ്രപ്രതീക്ഷയോടെ) ഉണ്ട്< ഉണ്ട്. കിഷ്കിന്ധയിൽ ചില പ്രബലന്മാരായ വാനരന്മാരുണ്ടെന്ന് കേൾക്കുന്നു. അവരാരെങ്കിലും എത്തിയാൽ ഭാഗ്യമായി. ഏതായാലും ഇപ്പോൾ സമാധാനത്തോടേ കോട്ട കാത്ത് വസിക്കുക തന്നെ.