ദാനവാരി മുകുന്ദനേ സാനന്ദം കണ്ടീടാൻ വിപ്രൻ
ആ ഭൂമീദേവശ്രേഷ്ഠൻ തന്റെ ഭാര്യയോട് ഇപ്രകാരം പറഞ്ഞിട്ട് പെട്ടെന്ന് പ്രഭാതത്തിലെ വിധായം വണ്ണമുള്ള സ്നാനാദി കർമ്മങ്ങളെച്ചെയ്തു തീർത്ത് തന്റെ യാത്രയിൽ കൗതൂഹലം പൂണ്ട് ഭഗവാൻ ശ്രീകൃഷ്ണനിൽ നിറഞ്ഞ വലുതായ ഭക്തിയാകുന്ന സമുദ്രത്തിൽ അത്യധികം മുങ്ങി കുളിച്ച് ശുഭശകുനങ്ങൾ കണ്ടുകൊണ്ട് ലക്ഷ്മീനാഥന്റെ വസതിയായ ദ്വാരകയിലേക്ക് പുറപ്പെട്ടു.
ദാനവന്മാരുടെ ശത്രുവായ മുകുന്ദനെ സന്തോഷത്തോടെ കാണാൻ ബ്രാഹ്മണൻ തനിച്ച് നടന്നു പോകുമ്പോൾ ഇങ്ങനെ ചിന്തിച്ചു. സുന്ദരനായ ആ ആനന്ദമൂർത്തിയെ ഞാൻ തീർച്ചയായും കാണുന്നുണ്ട്. താമരക്കണ്ണനെ ഞാൻ എത്രകാലമായി കാണാൻ മോഹിക്കുന്നു! ഗുരുവിന്റെ അടുക്കൽ നിന്നും പോന്നതിനുശേഷം ആ കറുത്തനിറമുള്ളവനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ ഈ പ്രാകൃതനായ ബ്രഹ്മണനെ കാണുമ്പോൾ ലോകനാഥനായ ശ്രീകൃഷ്ണനു മറവി ഉണ്ടാകുമൊ? ബ്രാഹ്മണരിൽ ഏറ്റവും അധികം കൃപയുള്ളതിനാൽ മുകുന്ദൻ എന്നെ മാനിയ്ക്കും. (അവഗണിക്കില്ല ഒരിക്കലും എന്ന് സാരം.)