എന്തൊരു ചിത്രമിദം വിചാരിച്ചാൽ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കല്യാണശ്രീ തടഞ്ഞീടിന കുസുമവധൂമൗലിമാലയ്ക്കിതപ്പോൾ
മല്ലാരോതേഃ പ്രഭാവാദഖിലപുരവിഭൂത്യാദി സിദ്ധിച്ചതെല്ലാം
ഉല്ലാസത്തോടും വിപ്രാംഗനയുടെ സഖിമാർ കണ്ടു സന്തോഷഭാരോ-
ലെല്ലാരും ചേർന്നു തമ്മിൽ ഭണിതമിദമുരച്ചീടിനാൻ വിസ്മയേന
 
എന്തൊരു ചിത്രമിദം വിചാരിച്ചാൽ
ബന്ധുരഗാത്രിമാരേ!
 
അന്തിയ്ക്കുഴക്കരി വെച്ചുണ്മാനില്ലാത്തൊ-
രന്തർജ്ജനത്തിനു സിദ്ധിച്ച സമ്പത്തിതു-
ഹന്ത സഖിമാരേ! മുന്നമിവൾ തീക്ഷ്ണ-
ഗന്ധകിസലയം തിന്നു കിടന്നതും
ചെന്താരിൽമാനിനീ കാന്തന്റെ കാരുണ്യ-
സന്തതി കണ്ടാലുമെന്തൊരു വിസ്മയം.
 
കൊണ്ടൽവേണിയിവൾ കണ്ണനു നൽകുവാൻ
തെണ്ടിക്കൊണ്ടൊന്നൊരു ശാലിയാൽ നിർമ്മിച്ച
കുണ്ഠമായീടും ചിപിടകം കാന്തന്റെ
മുണ്ടിൽക്കൊടുത്തതു കണ്ടിരിക്കുന്നു ഞാൻ
 
കോട്ടയും വാരണക്കൊട്ടിലും മന്ദിര-
ക്കെട്ടും പതിനെട്ടുമല്ല കുശസ്ഥലീ-
പട്ടണത്തോടു സമാനം കുചേലന്റെ
പത്തനാടിയ്ക്കു ലഭിച്ച പുരമിതു
 
എന്തെങ്കിലും ഇവൾ തന്നുടെ ഭാഗ്യത്തിൻ-
വീതം നമുക്കും തടയും സഖിമാരേ!
ഭൂദേവനിന്നിതാ താനേ വന്നീടുന്നു
ജ്യോതിസ്സു മുന്നേതിലേറ്റവും കാണുന്നു
 
അർത്ഥം: 

ശ്ലോകസാരം. കല്യാണശ്രീ തടഞ്ഞീടിന..

മംഗളകരമായ ഐശ്വര്യം കിട്ടിയ ആ ദരിദ്ര ബ്രാഹ്മണസ്ത്രീയ്ക്ക് ശ്രീകൃഷ്ണഭഗവാന്റെ പ്രഭാവം കൊണ്ട് എല്ലാ സമ്പത്തുകളും കൈവന്നത് സന്തോഷത്തോടു കൂടി കണ്ടിട്ട് കുചേലഭാര്യയോട് എല്ലാവരും ചേർന്ന് അത്ഭുതപ്പെട്ട് ഇങ്ങനെ ഉള്ള വാക്കുകളെ പരസ്പരംതാവദ്ഭൂഷ പറഞ്ഞു.
 
പദം:- സുന്ദരികളേ, ഇതെന്തത്ഭുതം! സന്ധ്യയ്ക്ക് കഞ്ഞിക്ക് പോലും വക ഇല്ലാത്തെ വിഷമിച്ചു കഴിഞ്ഞ ഈ അന്തർജ്ജനത്തിനു എന്തെല്ലാം സൗഭാഗ്യങ്ങൾ ആണ് കിട്ടിയിരിക്കുന്നത്! കഴിഞ്ഞ ദിവസം വരെ വെറും മുരിങ്ങ ഇലയും മറ്റും കഴിച്ചു കഴിഞ്ഞു കൂടിയിരുന്ന ഇവളിൽ ലക്ഷ്മീകാന്തനായ കൃഷ്ണൻ കാട്ടിയ കാരുണ്യം കണ്ടില്ലേ? എവിടെ നിന്നൊ ഇരന്നുകിട്ടിയ തല്ലിപ്പൊളി അവിലിം തുണിയിൽ പൊതിഞ്ഞു കെട്ടി കണ്ണനു കൊടുക്കാനായി ഇവൾ അവളുടെ ഭർത്താവിനെ ഏൽപ്പിച്ചത് നേരിട്ടു കണ്ടവളാണ് ഞാൻ. കോട്ടകൊത്തളങ്ങൾ, ആന ക്കൊട്ടിലുകൾ, മന്ദിരസമുച്ചയങ്ങൾ തുടങ്ങി ദ്വാരകയോടു കിടനിൽക്കുന്ന ശ്രേഷ്ഠമായ ഒരു വീടാണ് ഈ ബ്രാഹ്മണിക്കുട്ടിക്ക് കിട്ടിയിട്ടുള്ളത്. എന്തായാലും ഇവൾക്ക് കിട്ടിയ ഈ ഭാഗ്യത്തിന്റെ ഒരു വീതം അല്പമെങ്കിലും നമുക്കും കിട്ടാതിരിക്കില്ല. അല്ല ഇതാ കുചേലബ്രാഹ്മണൻ ഒറ്റയ്ക്ക് നടന്നു വരുന്നല്ലൊ. നേരത്തെ ഉള്ളതിലും എത്രയോ കൂടുതൽ തേജസ്സാണല്ലൊ മുഖത്തുള്ളത്. നമുക്കിതൊക്കെയൊന്നു നോക്കി കാണുക തന്നെ.
അരങ്ങുസവിശേഷതകൾ: 

സഖിമാർ പറയുന്ന പോലെ എങ്കിലും ഇപ്പോൾ അരങ്ങിൽ അവരെ എല്ലാം പ്രതിനിധീകരിച്ച് ഒരു വൃദ്ധ ആണ് ഈ പദം ആടുന്നത് പതിവ്.