സുദതീ! മാമക നായികേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
താവദ്ഭൂഷണഭൂഷിതാഭിരുദിതോത്സാഹാ സഖീഭിസ്സമം
സമ്പ്രാപ്താ സരണിസ്ഥിതം നിജവരം പ്രത്യുദ്ഗതാ തേന സാ
സാകം പ്രാപ പുരം തദൈവ ധരണീദേവസ്സ്വപാദാനതാ-
മേതാം സൗധഗതോ മനോജ്ഞശയനസ്ഥോസൗ ബഭാഷേ ഗിരം
 
സുദതീ! മാമക നായികേ! എന്തുവൈശിഷ്ട്യം സുദതീ മാമക നായികേ!
സദനസ്വാപതേയാദി സകലം പാർക്കിലദ്യാപി-
 
പക്ഷീന്ദ്രാസനനാകും ലക്ഷ്മീശകൃപയാലേ
അക്ഷയവിഭൂതികളിക്ഷണം ലഭിച്ചതും
പക്ഷപാതമില്ലന്യലക്ഷണമതുമില്ല
കാംക്ഷിതം കഥിച്ചീല ഞാൻ കഥയ കിമു മൂലം
 
സർവ്വജ്ഞൻ ഹരിയെന്നു സർവ്വസമ്മതം പാരിൽ
സർവ്വാത്മാ മുരവൈരി ഗീർവാണതരുവല്ലൊ
അറിയാതൊന്നുമില്ലിന്നു മറിമാൻലോചനേ! ചിത്ത-
താരതിൽ ഭ്രമമെന്തിനു സുമുഖീ! സുഖമുണ്ടാം
 
ഐഹികസുഖം ബാലേ! മോഹഭ്രാന്തിയാകുന്നു
ഈഹാകമ്യകലേശം നഹിമേ വസ്തൂനി നൂനം
അഹിനാഥാസനഭക്തി മാഹാത്മ്യമതിലേറ്റം
മോഹം സുന്ദരീ! വാഴ്ക നീ ഭൂതിസുതസഹിതം
 
അർത്ഥം: 

ശ്ലോകസാരം. താവദ്ഭൂഷിതാഭിരുദ്രിതോത്സാഹാ..

ആഭരണങ്ങൾ അണിഞ്ഞ് അതിയായ ഉത്സാഹത്തോടെ കൂട്ടുകാരികളോടുകൂടി പുറത്തേക്ക് വന്ന ആ ബ്രാഹ്മണസ്ത്രീ വഴിയിൽ പകച്ച് നിൽക്കുന്ന തന്റെ ഭർത്താവിന്റെ അടുത്ത് ചെന്ന് അദ്ദേഹത്തോട് ഒപ്പം വീട്ടിൽ കയറിയശേഷം, തന്റെ കാൽക്കളിൽ നമസ്കരിക്കുന്നവളും അതിമനോഹരമായ മഞ്ചത്തിൽ ഇരിക്കുന്നവളുമായ അവളോട് ആ ബ്രാഹ്മണൻ ഇങ്ങിനെ പറഞ്ഞു.

പദം:-അല്ലയോ സുന്ദരീ ഇതെല്ലാം എത്രയോ വിശേഷമായിരിക്കുന്നു. ഗരുഡവാഹനനായശ്രീകൃഷ്ണന്റെ ദയവുകൊണ്ട് ഒരിക്കലും തീരാത്ത ഐശ്വര്യമാണല്ലൊ നമുക്ക് കിട്ടിയിരിക്കുന്നത്. ഇതിലൊന്നും യാതൊരു പക്ഷപാതമോ മറ്റുദ്ദേശങ്ങളോ ഇല്ലതന്നെ. ഞാനാണെങ്കിൽ യാതൊരാഗ്രഹവവും ഭഗവാനോട് പറഞ്ഞതുമില്ല. പിന്നെ എന്താണ് കാരണമെന്ന് പറയൂ. ഭഗവാൻ സർവ്വജ്ഞനാണെന്നു സർവ്വസമ്മതം തന്നെ. ആ പരമാത്മവായ മുരവൈരി സത്യത്തിൽ ഒരു കല്പവൃക്ഷത്തെ തന്നെയാണ് അവിടുന്നറിയാതെ ഈ ലോകത്ത് യാതൊന്നും തന്നെയില്ല പിന്നെ എന്ത് നാം പരിഭ്രമിക്കണം? ഈ  ലൗകികസുഖമെന്നു പറയുന്നത് കേവലം മായ ആകുന്നു. എനിക്കാണെങ്കിൽ ആ സുഖത്തിൽ യാതൊരുവിധ വസ്തുവകകളോടും കർമ്മഫലങ്ങളോടും അശേഷവും ആഗ്രഹമില്ല. അനന്തശയനനവാസിയായ ഭഗവാനിലുള്ള ഭക്തിയിലാണ് എനിക്ക് ഏറേ മോഹം. സൗഖ്യ സന്താന സമ്പത്തോടു കൂടി നീ വാണാലും.