പോടാ നീയാരെടാ മൂഢ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്ഥം വ്യാധാകൃതീശൻ ഗിരിവരതനയാം സാദരം ചൊല്ലുമപ്പോൾ
ബദ്ധക്രോധേന പന്നിത്തടിയനരിയദുഷ്ടാസുരൻ മൂകവീരൻ
അത്യുച്ചം നാദമോടും വലയുമറുതിചെയ്താശു ചാടുന്നനേരം
മൃത്യോർമൃത്യോശ്ശരം കൊണ്ടലറിയുടനടുത്താശു പാർത്ഥന്റെ നേരേ
 
വൃത്രവൈരിജനുമസ്ത്രമൊന്നധിക ബദ്ധസംഭ്രമമയച്ചതും
പോത്രിവീരനു തറച്ചു വീണവനുമത്ര പാർത്ഥനുടെ സന്നിധൗ
ചീർത്തകോപമൊടു പാർത്ഥനോടുടനടുത്തു മൃത്യുഹരനെത്രയും
പത്തുദിക്കടയുമെത്തുമൊച്ചയൊടുമിത്ഥമർജ്ജുനമുവാച സഃ
 
പല്ലവി:
പോടാ ! നീയാരെടാ മൂഢ ! ഞാനെയ്ത കിടിയെക്കൂടെ വന്നെയ്തിടാമോടാ ?
 
അനുപല്ലവി:
പാടവമേറുമെങ്കിൽ പേടികൂടാതെന്നൊടു ഝടിതി
ചാടുപോർ തുടരുകയല്ലീ കടുത വല്ലടവുമോടിയൊളിക്ക
 
അർത്ഥം: 
ശ്ലോകം ഒന്ന്:-ശ്രീപരമേശ്വരൻ ഇപ്രകാരം ശ്രീപാർവ്വതിയോട് വഴിപോലെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഏറ്റവും ദുഷ്ടനും വീരനും തടിച്ച പന്നിയുടെ രൂപംധരിച്ച് എത്തിയവനുമായ മൂകാസുരൻ വല അറുത്തിട്ട് വലിയശബ്ദത്തോടെ പുറത്തുചാടി. പെട്ടന്ന് കാലകാലനായ ശ്രീപരമേശ്വരൻ എയ്ത ശരമേറ്റ പന്നി അലറിക്കൊണ്ട് ഉടനെ പാർത്ഥന്റെ നേരെ ചെന്നു.
ശ്ലോകം രണ്ട്:-ഇന്ദ്രപുത്രനായ അർജ്ജുനൻ ഏറ്റവും സംഭ്രമപ്പെട്ട് അയച്ച ഒരു അസ്ത്രവും അസുരവീരനു കൊണ്ടു. അവൻ പാർത്ഥന്റെ മുന്നിൽ ചത്തുവീണു.  മരണത്തെ ജയിച്ച ശിവൻ വർദ്ധിച്ച കോപത്തോടെ പാർത്ഥനെ സമീപിച്ചിട്ട് പത്തുദിക്കുകളും മുഴക്കുമാറുള്ള ശബ്ദത്തിൽ ഇപ്രകാരം അർജ്ജുനനോട് പറഞ്ഞു.
പദം:-പോടാ, നീ ആരെടാ? എടാ മൂഢാ, ഞാൻ എയ്ത പന്നിയെ കൂടെവന്ന് എയ്തിടാമോ? സാമർത്ഥ്യം കൂടുമെങ്കിൽ പേടികൂടാതെ പെട്ടന്ന് എന്നോട് നന്നായി യുദ്ധം തുടരുക. സഹിക്കാനാകുന്നില്ലെങ്കിൽ വല്ലയിടവും ഓടിയൊളിക്കുക.
അരങ്ങുസവിശേഷതകൾ: 
അർജ്ജുനൻ മുൻരംഗത്തിലേതുപോലെ രംഗമദ്ധ്യത്തിൽ തപസ്സുചെയ്ത് നിൽക്കുന്നു.
(താളം-പഞ്ചാരി)
സദസ്സിനിടയിലൂടെ മൂകാസുരനെ ഓടിച്ചുകൊണ്ട് മുൻപേ കിട്ടിക്കാട്ടാളന്മാരും പിന്നാലെ കാട്ടാളനും കാട്ടാളസ്ത്രീയും രംഗത്തിനുനേരെ വരുന്നു. മൂകാസുരൻ ഓടി രംഗത്തേയ്ക്കുകയറി അർജ്ജുനന്റെ പിന്നിലായി ഒളിച്ചിരിക്കുന്നു. പിന്നാലെ കുട്ടിക്കാട്ടാളന്മാരും കാട്ടാളനും കാട്ടാളസ്ത്രീയും രംഗത്തേയ്ക്ക് കയറുന്നു.
(മേളം നിലയ്ക്കുന്നു)
കാട്ടാളൻ എല്ലാവരോടും നിശബ്ദരായിരിക്കുവാൻ പറഞ്ഞിട്ട് അസ്ത്രമെയ്യുവാനായി പന്നിയെ ഉന്നം പിടിക്കുന്നു.
(നാലാമിരട്ടിമേളം)
കാട്ടാളൻ പന്നിയുടെ നേരെ അസ്ത്രമെയ്യുന്നു. തപസ്സിൽ നിന്നും വിരമിച്ച അജ്ജുനനും ഒപ്പംതന്നെ പന്നിയുടെ നേരെ ശരം തൊടുക്കുന്നു. 
(താളം-ചെമ്പട)
ഇരുശരങ്ങളും ഏറ്റ് മൂകാസുരൻ മരിച്ചുവീഴുന്നു. കുട്ടികാട്ടാളന്മാർ മൂകാസുരനെ ഏടുത്തുകൊണ്ട് പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. കാട്ടാളൻ പെട്ടന്ന് ക്രുദ്ധനായി അർജ്ജുനന്റെ നേരെ ചെല്ലുന്നു. ഇരുവരും വില്ലുകൾകൊണ്ട് പൊരുതുകയും തിരക്കുകയും ചെയ്യുന്നു.
കാട്ടാളൻ:'ഏടാ, ഞാനല്ലെ പന്നിയെ ആദ്യമെയ്തത്? കൂടെ വന്ന് എയ്തത് ഉചിതമോ? നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കാട്ടാളൻ പദാഭിനയം ആരംഭിക്കുന്നു.