നല്ലാരില്‍മണിമൌലേ
ശ്ലോകം
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍
പല്ലവി
നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?
അനുപല്ലവി
ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ
ഏവംപറഞ്ഞു നടകൊണ്ടഥ:- ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍ സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.
നല്ലാരില്‍മണിമൌലേ:- സ്ത്രീരത്നങ്ങളില്‍ ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍ വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?
ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത എഴുന്നേറ്റ് ആദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച് നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട് രാവണന്‍ പദം അഭിനയിക്കുന്നു.