മാനിനിമണിമൌലെ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1
മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും
പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍

രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍
ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ

ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍
ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ

അവനാകുന്നതു ഞാനെന്നറിക കോമളാംഗി
നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ

അർത്ഥം: 

മാനിനിമണിമൌലെ:- സ്ത്രീരത്നമേ, ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു. മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുൻ‌പനാണദ്ദേഹം. അദ്ദേഹമാണ് ഞാൻ‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.

അരങ്ങുസവിശേഷതകൾ: 

അവനാകുന്നതു ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട് വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും

രാവണന്‍: അല്ലയൊ മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍ ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍ സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു. ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല. അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും. അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്) ‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്) ‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’ (വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’.ഈ ആട്ടം ആശ്ചര്യചൂഡാമണിയിലെ ‘നാഹം ബന്ധുരഗാത്രി’ എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.] രാവണന്‍ നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി കൊണ്ടുപോകുന്നു.(സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു. രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.)

പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
രാവണന്‍ സീതയെ തേരിലേറ്റി കൊണ്ടുപോകുന്നഭാഗത്ത് ‘ദശാസ്യനങ്ങേവം’ എന്നൊരു ഇടശ്ലോവും, തുടര്‍ന്ന് സീതയുടെവിലാപമായി ഒരു പദവും, ജടായുവിന്റെ പ്രവേശത്തിന് മറ്റൊരു ഇടശ്ലോകവും പഴയചിട്ടയില്‍ ഉണ്ടായിരുന്നു.