അരവിന്ദദളോപമനയനേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ജാതേജ്ഞാതാവമാനേ വലജിതിതനയം വിതഭൂതാനുകമ്പം
പ്രീതസ്താതോ ദശാസ്യോ യുവനൃപമകരോദ്യാതുധാനാധിനാഥ:
മാതാ തസ്യേതി കൃത്വാ ബഹുമതിമധികാം തത്ര ദൈതേയജാതൌ
ജാതാം ചൂതാസ്ത്രഹേതോരവദദിദമതീവാദരാല്‍ കാതരാക്ഷീം

അരവിന്ദദളോപമനയനേ
ശരദിന്ദുമനോഹരവദനേ
 
കരിവൃന്ദമദാപഹഗമനേ
കുരുവിന്ദജകുഡ്മളരദനേ
 
 
കരവിംശതി ദശമുഖവും മേ
പരിരംഭണചുംബനകുതുകാല്‍
 
പരിചോടഹമഹമിതി തമ്മില്‍
പെരുതായിഹ കലഹിക്കുന്നു
 
ജംഭാന്തകകുംഭീന്ദ്രന്നുടെ കുംഭങ്ങൾ ഡംഭുകൾ കളയും
കുംഭാകൃതി നിങ്കുചകുംഭം സംഭാവയ വക്ഷസി ഗാഢം
 
മധുനേർമിഴി നിന്മുഖമാകും വിധുമണ്ഡലമതിൽ വിലസീടും
മധുരാധരമായീടുന്ന സുധയെ മമ തന്നാലും നീ.

 

അർത്ഥം: 

ശ്ലോകം:- ഇന്ദ്രൻ മേഘനാദനാൽ അപമാനിക്കപ്പെട്ടപ്പോൾ ജീവകാരുണ്യമില്ലാത്ത തന്റെ പുത്രനെ രാവണൻ സന്തോഷത്തോടേ യുവരാജാവാക്കി വാഴിച്ചു. അയാളുടെ അമ്മയാണെന്നോർത്ത് വളരെ ബഹുമാനിച്ചുകൊണ്ട് രാവണൻ അസുരവംശജയായ മണ്ഡോദരിയോട് കാമപീഡിതനായി ഇങ്ങനെ പറഞ്ഞു.

പദം:- താമരയിതളുപോലെ ഉള്ള കണ്ണുകളോടു കൂടിയവളേ, ശരത്കാല ചന്ദ്രനെപ്പോലെ മനോഹരമായ മുഖത്തോടുകൂടിയവളേ, ആനക്കൂട്ടത്തിന്റെ അഹങ്കാരത്തെ നശിപ്പിക്കുന നടത്തത്തോടുകൂടിയവളേ, കുരുക്കുത്തിമുല്ലയുടെ മൊട്ടുപോലുള്ള പല്ലോടു കൂടിയവളേ, എന്റെ ഇരുപത് കൈകളും പത്തുമുഖവും ആലിംഗനത്തിലും ചുംബനത്തിലുമുള്ള ആസക്തികൊണ്ട് “ഞാൻ ആദ്യം, ഞാൻ ആദ്യം“ എന്ന് പരസ്പരം അതിയായി കലഹക്കിന്നു.
 

അരങ്ങുസവിശേഷതകൾ: 
ആലവട്ടം മേലാപ്പ് എന്നീ രാജകീയ ആഡംബരങ്ങളോടും കൂടി ശൃംഗാരപധാനമായ രാവണന്റെ തിരനോക്ക്.
 
അതിനുശേഷം അരങ്ങിന്റെ പിന്നിൽ നടുവിൽ കാല്പരത്തി താണുനിന്ന് ഇടംകൈകൊണ്ട് മണ്ഡോദരിയെ ആലിംഗനം ചെയ്ത് കടാക്ഷിച്ചുകൊണ്ട് നാലാമിരട്ടി മേളത്തോടൊപ്പം വലം കൈകൊണ്ട് തിരതാഴ്ത്തുന്നു.
പതിഞ്ഞ കിടതകധീം, താം.
തിരതാഴ്ത്തിയ ശേഴം വലം കൈകൊണ്ട് മണ്ഡോദരിയുടെ ഇടതുകൈപ്പടം പിടിച്ച് ചിട്ടപ്രകാരമുള്ള ഭാവാഭിനയത്തോടെ കാല്വെയ്പ്പുകളോടും കൂടി മുന്നിലെത്തി മണ്ഡോദരിയെ ഇടതുവശത്തേക്ക് വിട്ടു നിർത്തി മേളാവസാനത്തോടൊപ്പം ഇടതുകോണിലേക്ക് തിരിഞ്ഞ് വലംകാൽ പരത്തിച്ചവിട്ട് താണു നിൽക്കുന്നു.
 
നാലുതാളവട്ടം കൊണ്ട് നോക്കിക്കാണുന്നു. നാലാംവട്ടം ഇരുപത്തിനാലാം മാത്ര മുതൽ വലത്തുനിന്ന് ഇടത്തോട്ട് ദേഹം ഉലയുന്നതോടൊപ്പം കാൽ നിരക്കി നേരെ മുന്നിലേക്ക് തിരിഞ്ഞ് മണ്ഡോദരിയെ കടാക്ഷിച്ച് നിൽക്കുന്നു.
അനുബന്ധ വിവരം: 

വളരെ ചിട്ടപ്രധാനമായ അഭിനയം കാഴ്ചവെക്കേണ്ട പദം ആണിത്.