നാരദ മഹാമുനേ, സുമതേ!
ശ്ലോകം:- ഇങ്ങനെ തന്നെ സ്തുതിച്ചുകൊണ്ട് വരുന്ന ബ്രഹ്മപുത്രനായ മഹർഷിശ്രേഷ്ഠനെ കണ്ട് ആ രാക്ഷസചക്രവർത്തി എതിരേറ്റു കൂട്ടിക്കൊണ്ട് വന്ന് പൂജിച്ച് സുഖമായ പീഠത്തിലിരുത്തി കൈകൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.
പദം:- നാരദമഹർഷേ, നല്ല മനസ്സോടുകൂടിയവനേ, ഉടനെ ഞാൻ അങ്ങയുടെ കാൽത്താമരയിണ വന്ദിക്കുന്നു. എവിടെ നിന്നാണ് അങ്ങ് ഇങ്ങോട്ട് വന്നതെന്ന് പറയുക. ദേവേന്ദ്രന്റെ കഥകളെല്ലാം കേട്ടില്ലേ? അഹോ! അതിബലവാനയാ എന്റെ മകൻ ഈയിടെ യുദ്ധത്തിൽ ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിൽ ഇവിടെ കൊണ്ട് വന്നു. ബ്രഹ്മാവുതന്നെ ഇവിടെ ലങ്കയിൽ വന്ന് സങ്കടം പറഞ്ഞതിനാൽ ഞാൻ ചങ്ങല അഴിച്ചുവിട്ടയച്ചു. ഇനി എന്നോട് യുദ്ധം ചെയ്യുവാൻ ചങ്കൂറ്റമുള്ള ശത്രുക്കളാരെങ്കിലും ലോകത്തിലുണ്ടോ? അങ്ങ് പതിനാലുലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കുന്ന ആളാണല്ലൊ! ബ്രഹ്മപുത്രാ! യഥാർത്ഥം പറയുക.