ബന്ധിപ്പതിന്നൊരു താമസം വേണ്ട

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ബന്ധിപ്പതിന്നൊരു താമസം വേണ്ട
ചിന്തിക്കിലെന്തൊരു സന്ദേഹം !
പംക്തികണ്ഠ ! നിങ്ങള്‍ തമ്മില്‍ വിചാരിച്ചാല്‍
എന്തുകൊണ്ടൊക്കുന്നു ധിക്കാരമല്ലയോ ?
അർത്ഥം: 

പിടിച്ച് കെട്ടുവാൻ താമസം ഒട്ടും വേണ്ടാ. സംശയിക്കാനെന്തുണ്ട് രാവണാ? ആലോചിച്ചാൽ എന്തുപൊരുത്തമാണ് നിങ്ങൾ തമ്മിൽ ഉള്ളത്? ധിക്കാരമല്ലെ അവൻ ഈ പറയുന്നത്?

അരങ്ങുസവിശേഷതകൾ: 
പദശേഷം  ആട്ടത്തിനു വട്ടം തട്ടുന്നു.
 
വാളിളക്കിത്താഴ്ത്തിക്കൊണ്ട് വലം-ഇടം കാലുകൾ പിന്നിലേക്ക് മാറി നാരദനെ നോക്കി രണ്ടുതവണ നീട്ടിവലിച്ചുതൊഴുത് വാൾ മാറിനുനേരെ പിടിച്ച് വലംകാൽ മുന്നോട്ട് വെച്ച് ചവിട്ടി നിന്ന്
 
രാവണൻ: എന്നാലിനിവേഗം ആ വാനാനെ പിടിച്ചു കെട്ടിക്കൊണ്ടു വരുവാൻ പോകുകയല്ലേ?
നാരദൻ:അതെ, പക്ഷെ ഒരു വാനരനെ പിടിച്ചു കെട്ടിക്കൊണ്ട് വരാൻ ഈ വാൾ എന്തിനാണ്?
രാവണൻ: ഈ വാൾ എനിക്ക് ശ്രീപരമേശ്വരൻ തന്നതാണ്.ഇതെപ്പോഴും എന്റെ കയ്യിലിരിക്കും. (ചന്ദ്രഹാസം എന്നാണ് രാവണന്റെ ഈ വാളിന്റെ പേർ)
നാരദൻ: ഏ? ശ്രീപരമേശ്വരൻ തന്നതോ? എപ്പോൾ?
രാവണൻ:(ആശ്ചര്യത്തോടെ) കെട്ടിട്ടില്ലേ?
നാരദൻ: (പരുങ്ങലോടെ) ആ, അൽപ്പം ചിലത് കേട്ടിട്ടുണ്ടോ എന്നൊരു സംശയം. ഒന്ന് പറയാമോ?
രാവണൻ: എന്നാൽ പറയാം, വഴിപോലെ കേട്ടാലും. 
(മേളത്തിന്റെ കാലം അൽപ്പം താഴിത്തി)
 
കൈലാസോദ്ധാരണം ആട്ടം
രാവണൻ: പണ്ട് ഞാൻ ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം വാങ്ങി. പിന്നെ പത്തുദിക്കുകളും ജയിച്ച് ഇവിടെ വന്ന് സിംഹാസനാരൂഢനായി വസിച്ചു. ആ സമയം വൈശ്രവണൻ ഒരു കത്തുകൊടുത്ത് ഒരു ദൂതനെ ഇങ്ങോട്ടയച്ചു.
നാരദൻ: ഓ ജ്യേഷ്ഠനല്ലെ. സുഖവർത്തമാനം അറിയാനായിരിക്കും.
രാവണൻ: അല്ലാ അല്ലാ നിൽക്കൂ വഴിപോലെ പറയാം. ആ സമയം ഞാൻ (പ്രൗഢിയിൽ നിൽക്കുമ്പോൾ ദൂരെ നിന്ന് ദൂതൻ വരുന്നതുകണ്ട് വലം കൈ മലർത്തി സൂക്ഷിച്ചു നോക്കുന്നു. ദൂതൻ അടുത്തുവന്ന് നമസ്കരിച്ചതായി കണ്ട് ഇടം കൈകൊണ്ട് വലത്തോട്ട് തിരിഞ്ഞ് അനുഗ്രഹിച്ച്), നീ വന്ന കാര്യമെന്താണ്?
ദൂതൻ: (ഇടതുവശത്തേക്ക് മാറിനിന്ന് ദൂതനെന്ന ഭാവത്തിൽ രാവണനെ കണ്ട് രണ്ടുതവണ നീട്ടിവലിച്ചുതൊഴുത് തൊഴുകൈയ്യോടെ നിന്ന്) വൈശ്രവണൻ ഒരു കത്ത് തന്നയിച്ചിട്ടുണ്ട്.
രാവണൻ: (വലതുവശത്തേക്ക് മാറിനിന്ന് രാവണനായി അതുകേട്ട് സന്തോഷത്തോടെ നോക്കി) ഉവ്വോ? കൊണ്ടുവാ (ഇടത്തോട്ട് കെട്ടിപ്പരത്തിച്ചവിട്ടി വലത്തോട്ട് തിരിഞ്ഞ് ഇടംകൈ മലർത്തി നീട്ട് കത്തുവാങ്ങി (മഹാരാജാക്കന്മാർ യാതൊന്നും മുന്നിലേക്ക് കൈ നീട്ടി വാങ്ങാറില്ല) വലത്തോട്ടു കെട്ടിച്ചവിട്ട് നേരെ തിരിഞ്ഞ് താണുനിന്ന് കത്ത് പൊളിച്ചു നിവർത്തി വായിക്കുന്നു.
ആദ്യഭാഗത്തെ പ്രശംസകള്‍ വായിച്ച് സന്തോഷിച്ച് ചാഞ്ചാടി ദൂതനോടായി) ‘വൈശ്രവണനു സുഖം തന്നെയല്ലയോ?’ (ദൂതന്റെ മറുപടി ശ്രവിച്ചിട്ട്, വായന തുടരുന്നു. തുടര്‍ന്നുള്ള ഭാഗത്തെ അധിക്ഷേപവും ഉപദേശവും വായിക്കുന്നതോടെ ഭാവം മാറുന്നു. വായിച്ചുതീരുന്നതോടെ കോപിച്ച് കത്ത് കീറി ദൂതന്റെ മുഖത്തെറിയുകയും വാള്‍ ഊരി ദൂതന്റെ ശിരസ്സ് അറുത്ത് തല ഇടത്തോട്ട് എറിയുകയും  ചെയ്തിട്ട്, നാരദനോടായി) ‘ഇപ്രകാരം ചെയ്തു.’
നാരദന്‍:‘ഏ? ദൂതനെ വധിച്ചുവോ?’
രാവണന്‍:‘ഉവ്വ്, കോപം മൂലം കൊന്നു. പിന്നെ ധിക്കാരിയായ വൈശ്രവണനെ ജയിക്കുകതന്നെ എന്നു നിശ്ചയിച്ച് ഞാന്‍ അളകാപുരിയിൽ ചെന്ന് അയാളെ യുദ്ധത്തിനുവിളിച്ചു. അപ്പോള്‍ വൈശ്രവണന്‍ ഏറ്റവും ഭയത്തോടുകൂടി പുഷ്പകവിമാനം’ (ഇടത്തേയ്ക്കുമാറി വൈശ്രവണനായി, ഇരുകൈകൊണ്ടും പിടിച്ച് ഭയദൃഷ്ടിയോടെ ഇരുവശത്തേയ്ക്കും നോക്കിക്കൊണ്ട് ഒന്ന് രണ്ടുകാൽ പിന്നിലേക്ക് മാറി വലതുവശത്ത് മുന്നിൽ രാവണനെ കാണുന്നു. കണ്ടതോടെ ഭയം വർദ്ധിച്ച് ഒന്നുകൂടി പിൻവാങ്ങുകയും പിന്നെ ശങ്കിച്ചുകൊണ്ട് പതുക്കെ പതുക്കെ മുന്നിലേക്ക് രണ്ടുമൂന്നടി വെച്ച് - ദൃഷ്ടി രാവണന്റെ മുഖത്ത് തറച്ച് നിൽക്കണം-ചെന്ന് വിമാനം കാഴ്ചവെച്ച് പിന്നിലേക്ക് മാറി കൂപ്പുകൈയോടെ വിറച്ച് നിൽക്കുന്നു.
വീണ്ടും വലത്തേയ്ക്കുമാറി രാവണനായി,
രാവണൻ: ആ സമയം ഞാൻ (പോരിനുവിളി കഴിഞ്ഞ അതേ കോപഭാവത്തിൽ നിൽക്കുമ്പോൾ) അടുത്തുവന്ന വൈശ്രവണനേയും തനിക്ക് കാഴ്ച്ചവെച്ച വിമാനത്തേയും കണ്ട് വീണ്ടും മുഖത്തു നോക്കി “ഹും ഇത്രത്തോളം ധൈര്യം വന്നു അല്ലേ?“ എന്ന് അർത്ഥത്തിൽ മേലോട്ടും കീഴോട്ടും രണ്ടുനാലുപ്രാവശ്യം തലയാട്ടി “ഉം, പോ, പോ“ എന്ന് രണ്ടുപ്രാവശ്യം കണ്ണുകൊണ്ട് മാത്രം നടിച്ച് നാരദനോട് “ഇങ്ങനെ ചെയ്തു“.
നാരദന്‍: ‘ഭേഷ്, വിശേഷമായി’
രാവണന്‍: ‘പിന്നെ ഞാന്‍ പുഷ്പകവിമാനത്തിലേറി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. ആ സമയത്ത് ഞാന്‍‘ (ഭൃത്യനോടായി) ‘എടോ ഭൃത്യാ, വിമാനത്തെ തടഞ്ഞതെന്താണ്?’ (ഇടത്തുമാറി ഭൃത്യനായി നടിച്ച്, വന്ദിച്ചിട്ട്) ‘അല്ലയോ സ്വാമിന്‍, വിമാനം കൈലാസപര്‍വ്വതത്തില്‍ തടഞ്ഞിരിക്കുകയണ്.’ (വലത്തുമാറി രാവണനായി, കേട്ടിട്ട്) ‘അങ്ങിനെയോ?  പോകാൻ പറഞ്ഞാലും‘.
ഭൃത്യൻ:(കേട്ട് വീണ്ടും വണങ്ങി) അല്ലയോ രാക്ഷരാജാവേ, ശ്രീപരമേശ്വരൻ പാർവതിയോടുകൂടി ഇരിക്കുന്ന സ്ഥലമാണ്.
രാവണൻ: (കേട്ട്, നോക്കി) അങ്ങിനേയോ? ശരി, നില്‍ക്ക് നോക്കട്ടെ’ (നാരദനോടായി) ‘പിന്നെ ഞാന്‍ വിമാനത്തില്‍ നിന്നും ഇറങ്ങി കൈലാസപര്‍വ്വതം’ (ചവിട്ടി മാറി പർവതമുദ്രവിടുന്നതോടൊപ്പം കാൽ പരത്തി കൈ കെട്ടി നിന്ന് കൈലാസത്തെ വിസ്തരിച്ച് നോക്കിക്കാണുന്നു. കണ്ണുകൾ നല്ലപോലെ തുറന്ന് പിടിച്ച് ഇമവെട്ടാതെവളരെ സാവധാനത്തിലേ ദൃഷ്ടി നീങ്ങാവൂ. നേരെ മുന്നിൽ നിന്ന് പർവതത്തിന്റെ മധ്യഭാഗം വരെ ഉയർന്ന് വലം-ഇടംഭാഗങ്ങളിലേക്ക് കണ്ണെത്താവുന്നിടത്തോളം നീളത്തിൽ നോക്കി ദൃഷ്ടി നേരെ കൊണ്ടുവന്ന് നിർത്തിയ ശേഷം “അഹോ! ഗംഭീരമാണല്ലൊ” എന്ന ഭാവം നടിച്ച് ദൃഷ്ടി മുകളിലേക്ക് കയറ്റുന്നു. മുകളിലൂടെ വലത്തോട്ട് നീങ്ങുന്നതോടൊപ്പം ഇടം കാലിലേക്ക് അരയിരുത്തിയമർന്ന് അവിടെ ഒരു കൊടുമുടി ഉയർന്ന് കാണുന്നു. പിന്നെ സാവധാനത്തിൽ നിവർന്ന് ദൃഷ്ടീടത്തോട്ടുനീങ്ങുമ്പോൾ മുൻപോലെ വലം കാലിലേക്കും അമർന്ന് അവിടേയും കൊടുമുടി കാണുന്നു. വീണ്ടും സാവകാശത്തിൽ നിവർന്ന് ദൃഷ്ടി നടുവിലെത്തുമ്പോഴേയ്ക്ക് കാൽ പരത്തി നിന്ന് നടുവിലും കൊടുമുടി കാണുന്നു. [മൂന്ന് കൊടുമുടികളാണ് പ്രത്യേകം കാണുന്നത്. പാർശ്വഭാഗങ്ങളിൽ കൊടുമുടി കാണുമ്പോൾ അതാതിറ്റത്തെ ചുമലുകൾ മലർന്നിരിക്കുകയും നടുവിൽ കാണുമ്പോൾ മാറിടം നല്ലപോലെ മലർന്നിരിക്കുകയും വേണം.] പിന്നെ ദൃഷ്ടി താഴേക്കിറങ്ങുന്നതിനോടൊപ്പം കാൽകൂട്ടി മുന്നടിയിൽ നിവർന്ന് നിന്ന് പർവതത്തിന്റെ അടിയിലേക്കുള്ള കിടപ്പും കാണുന്നു. അതിനുശേഷം കാൽ പരത്തി നിന്ന് ചാടി ശൗര്യം നടിച്ച് കാൽ കൂട്ടി പർവതത്തെ നോക്കി)
 ‘ഹേ കൈലാസ പര്‍വ്വതമേ, എന്റെ മാര്‍ഗ്ഗം മുടക്കാതെ മാറിപ്പോ’ (നോക്കിയിട്ട്) ‘ഏ? പോവില്ലെ?’ (അമര്‍ഷത്തോടെ മുഷ്ടികൂട്ടിയുരച്ച് വലം-ഇടം കൈകളാൽ അതാതുഭാഗത്തെ കാലുകൾ മുന്നോട് വെച്ചു ചവിട്ടുന്നതോടൊപ്പം  പര്‍വ്വതത്തെ ആഞ്ഞിടിച്ച് തിരിഞ്ഞുനിന്ന് ശേഷം വീണ്ടും നോക്കി) ‘ഏ? ഇളക്കമില്ലെ?’ (പൂര്‍വ്വാധികം വാശിയോടെ മുഴ്ടി കൂട്ടിയുരച്ച് കാല്വെപ്പുകൾക്കൊപ്പം വലം ഇടം കൈകളാൽ  പര്‍വ്വതത്തിന്റെ അടിയിലേക്ക് ഇടിയ്ക്കുന്നു. 
ഓരോ കൈകൊണ്ടും ഇടിച്ചുകഴിഞ്ഞാ ആ വിടവില്ലൂടെ മുന്നിലേക്ക് രണ്ടുമൂന്നുതവണ തള്ളുകയും പിന്നെ രണ്ടുമൂന്നുതവണം പിന്നോക്കം വലിക്കുകയും ചെയ്തശേഷം മറ്റെ കൈക് പർവത്തിലൂന്നി കൈ വലിച്ചെടുത്ത് കാൽ കൂട്ടിനിന്ന് മുഷ്ടിപാതം കൊണ്ടുണ്ടായ വിടവ് നോക്കുന്നു. മൂന്നാമത് മുഷ്ടി കൂട്ടിയുരച്ച് മുന്നോട്ട് വെച്ച് ചവിട്ടിയ ഇടംകാലിൽ ഇരിക്കുന്നതോടൊപ്പം ആദ്യം ഉണ്ടാക്കിയ വിടവുകളിലേക്ക് കൈകൾ മലർത്തിക്കടത്തുന്നു. പിന്നെ വലം-ഇടം വശങ്ങളിലേക്ക് വെവ്വേറെ മുഖവും കണ്ണും തിരിച്ച് അതാതുവശങ്ങളിൽ ബാക്കിയുള്ള കൈകളും  വിടവിലേക്ക് കടത്തുന്നു. ഇത് അതാതുവശത്തെ കൈകൊണ്ടും കണ്ണുകൊണ്ടും അഭിനയിക്കുന്നു. അങ്ങനെ ഇരുപതുകൈകളും കടത്തിയശേഷം ദൃഷ്ടി നടുവിൽ കൊണ്ടുവന്ന് കൈകളെ ഒന്നുകൂടി മുന്നോക്ക്കം തള്ളി ഒരു ഊക്കിൽ പർവ്വതത്തെ കൈകളിലെടുക്കുന്നു. 
 
ഭാരക്കൂടുതൽ കൊണ്ടുള്ള പ്രയാസം മുഖത്തും കൈകളിലും പ്രകടമാകുന്നു. വളാരെ പതുക്കെ എഴുന്നേറ്റ് പർവതത്തെ മാറിലേക്ക് വെച്ച് വലം-ഇടം കൈകൾ വെവ്വേറെ കുടഞ്ഞശേഷം വീണ്ടും കൈകളിലാക്കുന്നു. അതിനുശേഷം വലം കാൽ മുന്നില്വെച്ച് സാവധാനത്തിൽ വാട്ടം പിടിച്ചുകൊണ്ട് മൂന്നുനാലുതവണ മുന്നിലേക്കും പിന്നിലേക്കുമായി ഉലഞ്ഞ ഒന്നുകൂടി അമർന്ന് ഒരു ഊക്കിൽ വലതുകാലിന്റെ സഹായത്തോടെ വലതുകോണിൽ മുകളിലേക്ക് എറിയുന്നു. വലം കൈ കൊണ്ട് പർവ്വതം തിരിഞ്ഞു തിരിഞ്ഞു താഴോട്ട് വരുന്നതായി കാണിച്ച് താഴെ എത്തുന്നതോടെ വീണ്ടും ഓടിച്ചെന്ന് ഇരുകൈകൾ കൊൻട് പിടിക്കുന്നു. അൽപ്പം പിന്നിലേക്ക് മാറി ഇടംകാൽ മുന്നിൽ വെച്ച് മുൻപത്തെ പോലെ മൂന്നുനാലുതവണ ഉലഞ്ഞശേഷം ഇടതുകോണിലേക്കും എറിയുന്നു. (നാരദനോട്)
‘ഒരു പന്തുപോലെ ഇങ്ങനെ തട്ടിക്കളിച്ചു’
 
നാരദന്‍: ‘അത്ഭുതം തന്നെ. ആ, ഒരു സംശയം. ആ സമയത്ത് കൈലാസത്തിനുമുകളില്‍ പാര്‍വ്വതീപരമേശ്വരന്മാര്‍ ഇല്ലായിരുന്നുവോ?’
രാവണന്‍: ‘ഉണ്ടായിരുന്നു’
നാരദന്‍: ‘അപ്പോള്‍ അവര്‍ ഉരുണ്ട് താഴെ വീണില്ലെ?’
രാവണന്‍: ‘ഏയ്, ഇല്ല, ഇല്ല.
നാരദന്‍: ‘പിന്നെ അവര്‍ എന്തുചെയ്തു?’
രാവണൻ: (ചിരിച്ചുകൊണ്ട്) ആ സമയം പാർവതിപരമേശ്വരന്മാർ അൽപ്പം പിണക്കത്തിൽ ആയിരുന്നു.
നാരദൻ: ആ അതേയോ? അതെന്തേ?
രാവണന്‍: ‘പറയാം’
 
പാര്‍വ്വതീവിരഹം ആട്ടം
നിലത്ത് ഇരുന്ന് (ഇപ്പോൾ പീഠത്തിൽ ഇരുന്ന് ആണ് കാണിക്കുക പതിവ്) വലം തുടയിലേക്ക് ഇടംകാൽ കയറ്റിവെച്ച് ശിവൻ എന്ന് കാണിച്ച്
(ശിവനായി) പാർവതിയെ ആലിംഗനം ചെയ്യുന്നു. പിന്നെ പാർവതി എന്നു കാണിച്ച് (പാർവതിയായി) ശിവനെ (വലത്തോട്ട്) ആലിംഗനം ചെയ്യുന്നു. വീണ്ടും പാർവ്വതിയെ ആലിംഗനം ചെയ്ത് ഇരിക്കുമ്പോൾ,
 
ശിവൻ: (വിചാരിച്ച് ആത്മഗതം, വലംകൈകൊണ്ട് മാത്രം) ഗംഗയെ ഒന്ന് ആലിംഗനം ചെയ്യണം. അതിനുപായമെന്ത്? ആ, ഉണ്ട്. ദേവസ്ത്രീകളെ സ്മരിച്ച് വരുത്താം. (വിചാരമുദ്രകൊണ്ട് സ്മരിച്ച് വീണ്ടും മുൻപോലെ പാർവ്വതിയെ ആലിംഗനം ചെയ്ത് ഇരിക്കുന്നു.
രാവണൻ എഴുന്നേറ്റ്, നാരദനോട് “ഇങ്ങനെ ചെയ്തു” എന്ന് നടിച്ചശേഷം ആ സമയം ദേവസ്ത്രീകൾ
ഒരു ദേവസ്ത്രീ: (കൈകൾ അരയിൽ വലതുവശത്തു പിടിച്ച് രണ്ടുനാലടി മുന്നോട്ട് നടന്നപ്പോൾ പെട്ടെന്ന് ലഘുവായ ഞെട്ടലോട് തിരിഞ്ഞ് വലത്തോട്ട് നോക്കി) അല്ലെ, തോഴീ, നമ്മേ മഹാദേവൻ സ്മരിക്കുന്നു. അതിനാൽ നമുക്ക് വേഗം കൈലാസത്തിലേക്ക് പോവുകയല്ലേ? (സമ്മതിച്ചതുകേട്ട് ഇടതുവശത്തുള്ളവളോടും ചോദിക്കുന്നു. അവളുറ്റെ മറുപടികേട്ട് ഇരുവരുറ്റേയും കൈകൾ കോർത്ത് പിടിച്ച് രണ്ടുനാലടി മുന്നിലേക്കും അതുപോലെ പിന്നിലേക്കും നടന്നശേഷം പിൻ തിരിയുന്നു. (കൈലാസത്തിലേക്ക് പോകുന്നു) വീണ്ടും മുന്നിലേക്ക് തിരിഞ്ഞ് കൈലാസത്തിൽ എത്തിയെന്ന നിലയിൽ വീണ്ടും രണ്ടുനാലടി മുന്നിലേക്ക് നടന്ന് ശിവനെ (വലതുവശത്ത് നിലത്ത്) കണ്ട് ഭയഭക്തിയോടെയും മടിയിലിരിക്കുന്ന പാർവ്വതീദേവിയെ കണ്ട് സ്നേഹഭക്തിയോടേയും കൈകൂപ്പി വന്ദിച്ചശേഷം
ദേവസ്ത്രീ: അല്ലയോ പാർവ്വതീ, നമുക്ക് കുളിക്കാൻ പോവുകയല്ലേ?
പാർവ്വതി: (ഭർത്താവിനെ പുണർന്നിരിക്കുമ്പോൾ അടുത്തുവന്ന ദേവസ്ത്രീകളെ-ഇടതുവശത്ത്-കണ്ട് വാത്സല്യത്തോടെ ഇടം കൈകൊണ്ട് അനുഗ്രഹിക്കുന്നു. അവർ ചോദിച്ചതുകേട്ട്) ഞാനോ? നിൽക്കൂ (ഭർത്താവിനെ നോക്കി ശൃംഗാരഭാവത്തിൽ)അല്ലയോ പ്രിയതമാ, ഞാനിവരോടൊപ്പം കുളിക്കുവാൻ പോകട്ടേയോ?
ശിവൻ: (ആലിംഗനം ചെയ്തിരിക്കേ, കെട്ട്) ഈ? ഇപ്പോഴോ? ഈയ്, വേണ്ടാ.
പാർവ്വതി: (കേട്ട് സങ്കടത്തോടേ) ഓ, എന്താണിങ്ങനെ? ഞാൻ വേഗം വരും. ഒന്ന് പോട്ടെ?
ശിവൻ:(കേട്ട്, നോക്കി) വേഗം വരുമോ? തീർച്ച? ആ എങ്കിൽ ശരി. (മടിയിൽ നിന്ന് ഇറക്കി യാത്ര ആക്കുന്നു)
പാർവ്വതി:(എഴുന്നേറ്റ് ഒന്നോർത്ത് അസൂയയോടെ)ആ ആ ഞാൻ പോയാൽ ഇദ്ദേഹം ഗംഗയെ ആലിംഗനം ചെയ്യും. അത് പറ്റില്ല. മുടക്കണം. (ഇടത് വശത്ത് നിലത്തേയ്ക്ക് നോക്കി) അല്ലെ, ഉണ്ണിഗണപതീ, അച്ഛന്റെ മടിയിൽ കയറിയിരുന്ന് കളിച്ചുകൊള്ളൂ. അമ്മ കുളികഴിഞ്ഞ് വന്നാ; വയറുനിറയെ ഉണ്ണിയപ്പം തരാം. ഏ?(രണ്ടുകൈകൾ കൊണ്ടും പിടിച്ച്, അൽപ്പം ഭാരമുണ്ടെന്ന് നടിച്ച്, വലതുവശത്താക്കി)പൊയ്ക്കോളൂ. ഇതാ ഞാൻ പറഞ്ഞുവെന്ന് മിണ്ടരുതേ. പ്യ്ക്കോളൂ. (വീണ്ടും ഇടതുവശം നോക്കി) അല്ലേ, ഷണ്മുഖാ, നീ അച്ഛന്റെ അടുത്ത് ഇരുന്ന് ഗണിച്ചാലും. (കവടിക്രിയ ചെയ്താലും) രണ്ടുകൈകൾ കൊണ്ടും പിടിച്ച് വലതുവശത്താക്കി) ഇതാ ഞാൻ പറഞ്ഞെന്ന് മിണ്ടരുതേ. പൊയ്ക്കോള്ളൂ.(ഭൂതഗണങ്ങളെ നോക്കി.)അല്ലേ ഭൂതങ്ങളെ, അവിടെ തന്നെ നിൽക്കുവിൻ.(സമാധനത്തോടെ പാർവ്വതി ദേവസ്ത്രീകളുടെ കൈകൾ കോർത്ത് പിടിച്ച് ഇടത്തുനിന്ന് വലത്തോട്ട് വൃത്താകൃതിയിൽ നടന്നു പിന്തിരിയുന്നു-കുളിയ്ക്കുവാൻ പോകുന്നു.)
രാവണൻ: ഇങ്ങനെ പാർവ്വതി കുളിയ്ക്കുവാൻ പോയി. ആ സമയം ശിവൻ,
ശിവൻ:(മുൻപോലെ നിലത്തിരുന്ന്) പാർവ്വതി പോയി. (അപ്രതീക്ഷിതമായി വന്നു മടിയിൽ-ഇടതുവശം-ഇരിപ്പുറപ്പിച്ച ഉണ്ണിഗണപതിയെ കണ്ട്) ഉണ്ണിഗ്ഗണപതീ, ദൂരെ പോയിരുന്ന് കളിച്ചാലും.
ഗണപതി:(തുമ്പിയും ചെവിയും ആട്ടി ആനന്ദിച്ചിരിക്കുമ്പോൾ അച്ഛൻ പറയുന്നത് കേട്ട് വലത്ത് മുകളിൽ മുഖത്തേയ്ക്ക് നോക്കി നിഷേധഭാവത്തിൽ ശിരസ്സ് ഇരുവശത്തേയ്ക്കും ഒടിച്ചുകൊണ്ട്)ഊഹും. ഞാൻ പോകില്ല. അമ്മ കുളികഴിഞ്ഞ് വന്നാൽ എനിക്ക് വയറുനിറയെ ഉണ്ണിയപ്പം തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പോകില്ല. (വീണ്ടും തുമ്പിയും ചെവിയും ആട്ടി ഉല്ലാസത്തോടെ ഇരിക്കുന്നു.)
ശിവൻ: (കേട്ട്) ആങ്ഹാ.. ഉണ്ണിയപ്പോ അത് ഞാൻ തരം. (മെല്ലെ നിലത്തിറക്കി ഇരുത്തിയശേഷം) വായ തുറക്കൂ. (ഇടം കൈകൊണ്ട് അണച്ച് പിടിച്ച് വലം കൈകൊണ്ട് രണ്ട് നാലുതവണ അപ്പം വായിലേക്ക് വെച്ച് കൊടുക്കുന്നു. അനന്തരം വാത്സല്യത്തോടെ വലം കൈകൊണ്ട്വയറ്റത്തു രണ്ട് തട്ടു തട്ടി) ഉം. പൊയ്ക്കോളൂ. (അയക്കുന്നു. തൊട്ടപ്പുറത്ത് തന്നെ ഇരിക്കുന്ന സുബ്രഹ്മണ്യനെ കണ്ട്) ഉണ്ണീ ഷണ്മുഖാ, അകലെ പോയിരുന്ന് ഗണിച്ചുകൊള്ളൂ. (അയക്കുന്നു) (ഭൂതഗണത്തെ നോക്കി ഗൗരവത്തോടെ) ഭൂതങ്ങളേ, ദൂരേയ്ക്ക് മാറുവിൻ. (ഇരുവശവും നോക്കി ആരുമില്ലെന്ന് കണ്ട്. ഇരുകൈകൊണ്ടും ജടയഴിച്ച് പിന്നോട്ടിട്ട് ഇരു കൈകൊണ്ടും ഗംഗയെ താഴെ ഇറക്കി സ്വരൂപം നൽകി വലൈം കൈ -വൃത്താകാരാത്തിൽ-ആലിംഗനം ചെയ്ത് സുഖമായിരിക്കുന്നു. നിമിഷങ്ങൾക്ക് ശേഷം എന്തോ ശബ്ദം കേട്ടിട്ടെന്നപോൽ ഞെട്ടി പെട്ടെന്ന് ഗംഗയെ ശിരസ്സിൽ വെച്ച് കെട്ടി ഒന്നും അറിയാത്ത ഭാവത്തിൽ വലംകയ്യിന്റെ മണിക്കണ്ടത്തിലിടംകൈകൊണ്ട് പിടിച്ച് മുന്നോക്കാം തൂക്കിയിട്ട് മുന്നോക്കവും പിന്നോക്കവും ആടിക്കൊണ്ടിരിക്കുന്നു. അല്പസമയം കഴിഞ്ഞ് ഇരുവശത്തേയ്ക്കും സൂക്ഷിച്ച് നോക്കി ആരുമില്ലെന്ന് അറിഞ്ഞ് ചിരിച്ച്) ആരുമില്ല (വീണ്ടും മുന്നത്തെ പോലെ ഗംഗയെ ശിരസ്സിൽ നിന്നെടുത്ത് മടിയിൽ വെച്ച് ആലിംഗനം ചെയ്തുകൊണ്ടിരിക്കുന്നു)
രാവണൻ: (എഴുന്നേറ്റ്) ഇങ്ങനെ ഇരിക്കുന്നു. ആ സമയം
പാർവ്വതി( ജലക്രീഡ നടിക്കുന്നു) കുളികഴിഞ്ഞ്
പാർവ്വതി: (ഓരോ കൈകൊണ്ട് ഇരുവശത്തെക്കും മുടിയിഴകൾ വേർപെടുത്തിക്കൊണ്ട് രണ്ട് നാലടി നടന്നതിനുശേഷം പെട്ടെന്ന് ഓർത്ത് ശിരസ്സ് ഇരുവശത്തേയ്ക്കും ഒടിച്ച്കൊണ്ട്) ആ,ആ, രഹസ്യമായി ചെല്ലണം. ഉടനെ രണ്ടുകൈകൊണ്ടും മുടി നടുവിലൂടെ വകഞ്ഞ് ഇരുവശത്തേയ്ക്കും ഇറക്കി ഉഴിഞ്ഞ്പിന്നിൽ തുമ്പുകെട്ടുന്നു. ശബ്ദം കേൾക്കാതിരിക്കാൻ വളകളും പാദസരങ്ങളും മേലോട്ട് കയറ്റി ഉറപ്പിക്കുന്നു. അനന്തരം വലതുകയ്യാൽ മുടിയിൽ തിരുപ്പിടിച്ചുകൊണ്ടും വലതുവശത്തേയ്ക്ക് ചെവിയോർത്തുകൊണ്ടും പതുക്കെ രണ്ടു നാലാടി മുന്നിലേക്ക് നടന്ന് അന്തഃപ്പുരത്തിൽ എത്തിയെന്ന ഭാവേന രണ്ടുകൈകൊണ്ടും വാതിൽ പെട്ടെന്ന് തള്ളിത്തുറക്കുന്നു. ഭർത്താവ് ഗംഗയെ ആലിംഗനം ചെയ്തിരിക്കുന്ന കാഴ്ച്ച കണ്ടതായി നടിക്കുന്നു. ഉടനെ തൂക്കിയിട്ട കൈകൾ കൊണ്ട് ഇരുവശത്തും പുടവയിൽ പിടിച്ച് തിരുമ്മിക്കൊണ്ട് ഗംഗയെ നോക്കി അസഹ്യമായ ഈർഷ്യ നടിക്കുന്നു. ഉടനെ ഭർത്താവിനെ നോക്കി ഏങ്ങിയേങ്ങിക്കരയുന്നു. (ഓ, എന്നോടീ കടുംകൈ ചെയ്തുവല്ലോ എന്ന ഭാവം) അങ്ങനെ ഗംഗയേയും ഭർത്താവിനേയും മാറിമാറി നോക്കി രണ്ട് മൂന്നുതവണ ഈർഷ്യയും സങ്കടവും നടിയ്ക്കുന്നു)
ശിവൻ: (മുൻപേ പോലെ ആലിംഗനം ചെയ്തുകൊണ്ടിരിക്കേ പാർവ്വതി വന്നതറിഞ്ഞ് പെട്ടെന്ന് ഞെട്ടി ഗംഗയെ വീണ്ടും ശിരസ്സിൽ വെച്ചുകെട്ടി മുൻപേ പോലെ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്ന് ആടിക്കൊണ്ട്) പാർവ്വതി ഇനിയും വന്നില്ലല്ലൊ, കാരണമെന്താണാവോ? (ഇങ്ങനെ മനഃപ്പൂർവ്വം ആത്മഗതം എന്നനിലയിൽ പറയുന്നതിനിടയിൽ പാർവ്വതിയെ കണ്ട് അതിസന്തോഷത്തോടെ) ആ, വരൂ വരൂ (മടിതട്ടിയൊരുക്കി) വരൂ, ഊം? എന്തേ? എന്തേ? വരൂ.
പാർവ്വതി: (വീണ്ടും ഓരോതവണ ഈർഷ്യയും സങ്കടവും നടിച്ച് ഭർത്താവിനോട്)ഓ, മതി മതി! അറിഞ്ഞു. ഞാനിനി അങ്ങയുടെ കൂടെ ഇരിക്കുന്നില്ല. ഞാൻ പോവുകയാണ്. ഉണ്ണിഗ്ഗണപതിയെ എടുത്ത് ഒക്കത്തു വെച്ചും സുബ്രഹ്മണ്യന്റെ കൈ പിടിച്ച് (വലം കൈകൊണ്ട്) നടത്തിയും പുറപ്പെടുന്നു. ഇരുവരേയും നോക്കി ഈർഷ്യയും സങ്കടവും മാറി മാറി നടിച്ചുകൊണ്ട് രണ്ടുനാലടി പിന്നിലേക്ക് നടക്കുന്നു.
(തുടര്‍ന്ന് നാരദനോടായി) ‘ഈ സമയത്താണ് ഞാന്‍ കൈലാസമെടുത്ത് അമ്മാനമാടാന്‍ തുടങ്ങിയത്‘
വീണ്ടും പാർവ്വതിയായി, രാവണൻ കൈലാസം എടുത്ത് എറിഞ്ഞൗ കഴിഞ്ഞതിനാൽ കാലുകൾ നിലത്തുറയ്ക്കാതെ ഇരുവശത്തേയ്ക്കും തെന്നി വീഴാൻ ഭാവിയ്ക്കുന്നു.
(പരിഭ്രമത്തോടെ) ‘നാഥാ രക്ഷിക്കൂ‍‘
പെട്ടെന്ന് പരിഭ്രമത്തോടു കൂടി ഓടിവന്ന് മുൻപേ പോലെ ഭർത്താവിനെ ആലിംഗനം ചെയ്തിരിക്കുന്നു.(ശിവനായി നടിച്ച് പീഠത്തിലിരുന്ന് പാര്‍വ്വതിയെ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നു.)
ശിവൻ: (പാർവ്വതിയെ ആലിംഗനം ചെയ്ത് ആലോചിയ്ക്കുന്നു) ഇങ്ങനെ വരുവാൻ കാരണമെന്ത്? (വിചാരിച്ച്) ഓ! മനസ്സിലായി! രാവണന്റെ കരബലം തന്നെ.
(ശിവനായി നടിച്ച്) ‘ഹേ ദശാനനാ, ഇവിടെ വരൂ’ (രാവണനായി മാറി ഭയത്തോടെ ശിവനെ കുമ്പിടുന്നു. വീണ്ടും ശിവനായി നടിച്ച് അനുഗ്രച്ചിട്ട്) ‘എനിക്ക് ഏറ്റവും പ്രീതിയുണ്ടായിരിക്കുന്നു. ഇതാ വാങ്ങിക്കോള്ളു’ (ചന്ദ്രഹാസം രാവണനു സമ്മാനിച്ചിട്ട്) ‘ഇത് കൈയ്യിലുള്ളപ്പോള്‍ ഒരുവനും നിന്നെ ജയിക്കുകയില്ല’ (രാവണനായി മാറി ഭക്തിയോടെ വാള്‍ ഏറ്റുവാങ്ങി കുമ്പിടുന്നു. ശേഷം നാരദനോടായി) ‘ഇങ്ങിനെ ലഭിച്ച ദിവ്യമായ വാള്‍ ആണ് ഇത്’

നാരദൻ: അങ്ങനേയോ? അഹോ! അങ്ങയുടെ കരബലം അത്ഭുതം തന്നെ.
 
രാവണൻ: അങ്ങനെയുള്ള എനിക്ക് ആ കുരങ്ങനെ പിടിച്ചുകെട്ടി കൊണ്ടുവരുവാൻ പ്രയാസമുണ്ടോ?
നാരദൻ:ഏയ്. ഒട്ടുമില്ല. ഈ വാൾ അവൻ കാണരുത്. മറച്ചുവെയ്ക്കണം.
രാവണൻ: (വാൾ മറച്ചു വെച്ച്) എന്നാൽ പുറപ്പെടുകയല്ലേ?
നാരദൻ: അങ്ങനെ തന്നെ.
 
നാലാമിരട്ടിയുടെ അവസാനത്തോടെ നാരദന്റെ കൈ കോർത്ത് പിടിച്ച് ചാടിക്കയറിപോകുന്ന നിലയിൽ പിന്നിലേക്ക് കുത്തിമാറി പിൻതിരിയുന്നു.
 
മനോധർമ്മ ആട്ടങ്ങൾ: