ക്രൂരയാകുന്ന നക്രതുണ്ഡി

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ക്രീഡന്തമാലോക്യ സുരാധിനായകം
നിജാംഗനാഭിസ്സമമാത്തകൗതുകം
സാ നക്രതുണ്ഡീ നരകപ്രചോദിതാ
പ്രകാലയാമാസ തദാപ്സരോഗണാൻ
 
ക്രൂരയാകുന്ന നക്രതുണ്ഡി ഘോരദംഷ്ട്രാ ഭീഷണാ
വീരവൈരികുലത്തെ വിരവിൽ സംഹരിക്കുന്ന ദാനവീ!
കൊടിയ നരസുരന്മാരെക്കൊന്നു കടുനിണങ്ങൾ കുടിപ്പവൾ
വടിവൊടു നല്ല കേസരികളെ നെടിയകാതിലണിഞ്ഞവൾ
കനൽമിഴിരണ്ടുമതിഭയങ്കരം ഘനസദൃശനിനാദവും
കനത്ത് ജാനുയുഗങ്ങൾ കാണുമ്പോൾ കനക്കെ ഭീതിവളർന്നിടും
മന്ദം‌മന്ദമിന്ദ്രപുരേ നന്ധിയോടവൾ ചെന്നുടൻ
ഇന്ദീവരലോചനമാരെക്കണ്ടു ചൊന്നാളിങ്ങനെ
അരങ്ങുസവിശേഷതകൾ: 
തിരനോട്ടശേഷം കൈകളിൽ തൂപ്പുകളോടുകൂടി രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന നക്രതുണ്ഡി ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)
നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം നക്രതുണ്ഡി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.
നക്രതുണ്ഡി:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. അല്പം സൗന്ദര്യം ഉണ്ടാക്കണം' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് എണ്ണപുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം കൈയ്യിലെടുത്തിട്ട്)'ഇനി വെള്ളത്തിനെന്തുചെയ്യും?' (ചുറ്റും നോക്കി, ഒരുഭാഗത്ത് ഒരുത്തിയെ കണ്ടിട്ട് അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? തരില്ലേ? ഛീ!' (അവളെ നിന്ദിച്ചിട്ട് മറ്റൊരുത്തിയെ കണ്ട്, അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? ഇല്ലേ?' (പരിഭവവും വെറുപ്പും നടിച്ചിട്ട്)'എന്നാൽ കണ്ടുകൊൾവിൻ' (മുലഞെക്കി പാലെടുത്ത് ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (കണ്മഷിയെടുത്ത് കണ്ണിലെഴുതി നീറ്റൽ നടിച്ചിട്ട് കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാർപോലും കൊതിച്ചുപോകും. ഇനി കുറച്ചുസമയം കളിക്കണം' (ചുറ്റും നോക്കുമ്പോൾ കാണുന്ന ഒരുവളോടായി)'ഹേയ്, വാ, നമുക്ക് അല്പസമയം കളിക്കാം. വാ. ഏ? വരില്ലേ?' (മറ്റൊരുവളോടായി)'വാ, നമുക്ക് അല്പം കളിക്കാം. ഏ? ഇല്ലേ?' (ക്ഷോഭിച്ച്)'എന്നാൽ ഞാൻ ഒറ്റയ്ക്കുകളിക്കുന്നത് കണ്ണുതുറിച്ച് കണ്ടുകൊൾവിൻ'
(താളം-പഞ്ചാരി)
നക്രതുണ്ഡി കുറച്ചുസമയം സാരീ നൃത്തവും കുമ്മിയും തുടർന്ന് തെരുപ്പിറക്കലും കളിക്കുന്നു. [കുമ്മിയെതുടർന്ന് പന്തുകളിയും ചിലപ്പോൾ ചെയ്യാറുണ്ട്. കൈകൊട്ടിക്കളി മുതലായവയോട് അനുബന്ധിച്ച് സ്ത്രീകൾ വാശിയോടെ മത്സരിക്കുന്ന ഒരു വിനോദമാണ് തെരുപ്പിറക്കൽ] ക്രമേണ കാലം മുറുക്കി തെരുപ്പിറക്കൽ കലാശിക്കുന്നതോടെ കളിക്കാൻ വിളിച്ചിട്ട് കൂട്ടാക്കാതിരുന്ന സ്ത്രീകളെ പരിഹസിക്കുകയും കൊഞ്ഞനംകുത്തുകയും ചെയ്തിട്ട് നക്രതുണ്ഡി രംഗമദ്ധ്യത്തിലെ പീഠത്തിലിരിക്കുന്നു.
(താളം:ചെമ്പട)
നക്രതുണ്ഡി:(ക്ഷീണം നടിച്ച് ഉത്തരീയംകൊണ്ട് വിയർപ്പ് ഒപ്പുകയും വീശുകയും ചെയ്തിരിക്കുമ്പോൾ പെട്ടന്ന് ഓർത്തിട്ട്)'ഹോ! നേരം വളരെയായി. ഇനി എന്റെ സ്വാമിയായ നരകാസുരന്റെ കൽപ്പന അനുസ്സരിച്ച് സ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി സ്വർഗ്ഗത്തിലേയ്ക്ക് വേഗം പോവുകതന്നെ' (എഴുന്നേറ്റ് 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ദേഹമാകെ ഒന്നു നോക്കിയിട്ട്)'ഇങ്ങിനെ സുന്ദരരൂപത്തിൽ പോയാൽ പോര. ഭയങ്കരമായ രൂപംതന്നെ വേണം' ('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് വനത്തിലെത്തിയതായി ഭാവിച്ചിട്ട്)'എന്നെ കണ്ട് മൃഗങ്ങൾ ഒക്കെയും ഓടുന്നു' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് തക്കം നോക്കി ഓരോ സിംഹങ്ങളെ പിടിച്ച് കാതുകളിൽ അണിഞ്ഞശേഷം വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ജീവികളെ പിടിച്ചുകടിച്ച് രക്തപാനം ചെയ്തശേഷം ദേഹമാസകലം നോക്കിയിട്ട്)'ഉം, ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാരും ഭയക്കും. ഇനി വേഗം സ്വർഗ്ഗത്തിലേയ്ക്ക് പോവുകതന്നെ'
നക്രതുണ്ഡി കൈകളിൽ തൂപ്പുകളുമേന്തിക്കൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് രംഗമദ്ധ്യത്തിലായി ചുരുക്കിപ്പിടിച്ച തിരശ്ശീലയ്ക്കുപിന്നിലായി പദത്തിനു വട്ടംവയ്ക്കുന്നു. പദത്തിന്റെ ഓരോചരണത്തിന്റെയും മദ്ധ്യത്തിലും അന്ത്യത്തിലുമായി നക്രതുണ്ഡി തിരശ്ശീലയുടെ ഓരോഭാഗത്തേയ്ക്കുമായി ഓടിവന്ന് രൗദ്രഭാവത്തിൽ എത്തിനോക്കുന്നു.
ശേഷം ‘അഹോ സഫലം’ പദം.
മനോധർമ്മ ആട്ടങ്ങൾ: