ദൈത്യേന്ദ്രമകുടമണി

രാഗം: 
കഥാപാത്രങ്ങൾ: 

ഹത്വാനിവാതകവചംസമരേസസൈന്യം
പ്രസ്ഥാതുമിച്ഛതിദിവംത്രിദേശേന്ദ്രസൂനൗ
ദൈത്യാസ്തുകേചനസഭേത്യഹതാവശിഷ്ടാ
നത്വാതമൂചുരഥസംസദികാലകേയം

പല്ലവി:
ദൈത്യേന്ദ്രമകുടമണിദേദീപ്യമായജയ
കൃത്യജ്ഞമൊഴികേൾക്കമേ

ചരണം 1:
പാർത്ഥനെന്നൊരുമനുജമൂർത്തിയെകൈക്കൊണ്ടു
മൃത്യുതാൻതന്നെയധുനാ
ചേർത്തിതുനിവാതകവചാദികളെയൊക്കവേ
മാർത്താണ്ഡസുതമന്ദിരേ
 

അർത്ഥം: 

ഹത്വാ നിവാതകവചം:
സമരത്തില്‍ നിവാതകവചനെ നിഗ്രഹിച്ചശേഷം ഇന്ദ്രസൂനു സൈന്യസമേതം സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങുവാന്‍ ഉദ്ദേശിച്ചപ്പോള്‍, മരിക്കാതെശേഷിച്ച ചില ദൈത്യര്‍ ഉടനെ കാലകേയന്റെ സദസ്സിലെത്തി ഇങ്ങിനെ പറഞ്ഞു.

ദൈത്യേന്ദ്രമകുടമണി:
ദൈത്യേന്ദ്രന്മാരുടെ ശിരോരത്നമായി അത്യന്തം ശോഭിക്കുന്നവനേ, വിജയിച്ചാലും. കൃത്യജ്ഞനായ അങ്ങ് എന്റെ മൊഴി കേട്ടാലും. പാര്‍ത്ഥന്‍ എന്നൊരു മനുജവേഷം കൈക്കൊണ്ടുവന്ന മൃത്യു, നിവാതകവചാദികളെയൊക്കെ യമപുരിയിലയച്ചു.

അരങ്ങുസവിശേഷതകൾ: 

ഭീരു എന്നാണ് ചൊല്ലിയാട്ടം എന്ന പുസ്തകത്തിൽ പദ്മനാഭൻ നായർ പറയുന്നത്, രാക്ഷസൻ എന്നല്ല.

കാലകേയന്റെ തിരനോട്ടം-
ഭീരുവിന്റെ തിരനോട്ടം-
തുടര്‍ന്ന് കാലകേയന്റെ തന്റേടാട്ടം-
വീണ്ടും തിരതാഴ്ത്തി കാലകേയന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
കാലകേയന്‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ,മനസ്സിലായി. എന്നെ പോലെ ബലപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുണ്ട്? ഹേയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’
കാലകേയന്‍ വീണ്ടും പീഠത്തിലിരുന്ന് താടി ഒതുക്കുകയും മീശപിരിക്കുകയും ചെയ്തിട്ട്, ഉത്തരീയം വീശുന്നു.
കാലകേയന്‍:(നേരെമുന്നില്‍ ഒരാള്‍ വരുന്നതുകണ്ട് പെട്ടന്നെഴുന്നേറ്റ് സൂക്ഷിച്ചുനോക്കിയിട്ട്) ‘മാറില്‍ അസ്ത്രം തറച്ച്, നിലവിളിച്ചുകൊണ്ട് നേരെ വരുന്നതാര്? ഒരു അസുരഭടനോ? അതെ, അതെ. കഷ്ടം! ഇവനെ ഇങ്ങിനെ ചെയ്തത് ആരെന്ന് അറിയുകതന്നെ.’
ഭീരു മുന്നിലൂടെ(സദസ്സ്യരുടെ മദ്ധ്യത്തിലൂടെ) രംഗത്തേക്ക് വരുന്നു. കാലകേയന്‍ മുന്നോട്ടുവന്ന് ഭീരുവിനെ മാടിവിളിക്കുന്നു. ഭീരു രംഗത്തെത്തി കാലകേയന്റെ കാല്‍ക്കല്‍ വീഴുന്നു. കാലകേയന്‍ അനുഗ്രഹിച്ചിട്ട്, ഭീരുവിന്റെ മാറില്‍നിന്നും അമ്പ് പറിച്ചെടുത്തശേഷം പിടിച്ചെഴുനേല്‍പ്പിക്കുന്നു.
കാലകേയന്‍:‘നിന്നെ ഇങ്ങിനെ ചെയ്തതാര്?
ഭീരു:‘പറയാം, കേട്ടാലും’
വികൃതമായരീതിയില്‍ നാലാമിരട്ടിയെടുത്തുകലാശിച്ചിട്ട് ഭീരു പദാഭിനയം ചെയ്യുന്നു.

 

അനുബന്ധ വിവരം: 

ഭീരുവിന്റെ പദം ശ്രവിച്ച്:

കാലകേയന്‍:‘ഛീ, ഛീ, അപമാനം’