അത്യത്ഭുതംതന്നെ

കഥാപാത്രങ്ങൾ: 

പല്ലവി:
അത്യത്ഭുതംതന്നെ മര്‍ത്ത്യനതിദുര്‍ബ്ബലന്‍
ദൈത്യരെ ഹനിച്ചതോര്‍ത്താല്‍

ചരണം1:
അദ്യൈവ ഞാന്‍ ചെന്നു മായാബലേന തം
സദ്യോ ഹനിച്ചീടുന്നേന്‍
ദൈന്യം വെടിഞ്ഞു വൈകാതെ പുറപ്പെടുക
സൈന്യങ്ങളൊക്കെയധുനാ

അർത്ഥം: 

അതിദുര്‍ബ്ബലനായ മര്‍ത്ത്യന്‍ ദൈത്യരെ ഹനിച്ചത് ഓര്‍ത്താല്‍ അത്യത്ഭുതം തന്നെ. ഇപ്പോള്‍തന്നെ ഞാന്‍ ചെന്ന് മായാബലം കൊണ്ട് വേഗം അവനെ ഹനിക്കുന്നുണ്ട്. സൈന്യക്കളോക്കെ ഇപ്പോള്‍ ദൈന്യതവെടിഞ്ഞ് വേഗം പുറപ്പെടുക.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
കാലകേയന്‍:(ഭീരുവിനെ വലതുഭാഗത്തേക്ക് മാറ്റിനിര്‍ത്തിയിട്ട്) ‘ഇനി വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ’
തുടര്‍ന്ന് പടപ്പുറപ്പാട്-
കാലകേയന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’ കാലകേയന്‍ ദൂതന്മാരുടെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.കാലകേയന്‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ ( ഇതിനിടക്ക് പീഠത്തില്‍ കയറി സ്വസ്ഥനായി ഇരിക്കുന്ന ഭീരുവിനെ ചവുട്ടി മറിച്ചിട്ടിട്ട്, പീഠത്തില്‍ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടപ്പിന്‍, നടപ്പിന്‍’ (താഴെയിറങ്ങിയിട്ട് ആത്മഗതം) ‘ഇനി വേഗം പോയി ആ മനുഷ്യനെ ജയിക്കുകതന്നെ’ (സൂതനോട്) ‘ഇനി ആ മനുഷ്യന്റെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് കാലകേയന്‍ ഭീരുവോടുംകൂടി തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു

തിരശ്ശീല
അനുബന്ധ വിവരം: 

തെക്കന്‍ ചിട്ടപ്രകാരം പത്താം രംഗത്തിലുള്ള പ്രധാന വത്യാസം:

കാലകേയന് വേഷം ചുവന്നതാടി അല്ല, നെടുംകത്തിയാണ്.