പാര്‍വ്വണ ശശിവദനേ പാഥോജ ലോചനേ
ശ്ലോകം:- യാഗത്തില്‍ പങ്കെടുക്കുവാനായി പാണ്ഡവരാല്‍ ക്ഷണിച്ചുവരുത്തപ്പെട്ട് ഹസ്തിനപുരത്തിലെത്തിയ ബുധാഗ്രേസരനായ നാഗകേതനന്‍ അവിടെ മണിമാളികയുടെ മുകളില്‍ ആനന്ദത്തോടെ സുഖമായി വസിക്കവേ, അവിടെ കാറ്റത്തിളകുന്ന വള്ളിത്തലപ്പുകള്‍ക്കിടയിലൂടെ പൂനിലാവ് പൊഴിയുന്ന കല്‍പ്പവൃക്ഷങ്ങളെ കണ്ടിട്ട് മഹാവീരനായ ദുര്യോധനന്‍ പ്രാണപ്രിയയോട് പറഞ്ഞു.
പദം:- പൂര്‍ണ്ണചന്ദ്രവദനേ, താമരമിഴിയാളേ, പാര്‍ത്ഥരുടെ സഭാങ്കണത്തിലെ ആരാമം കണ്ടാലും. മന്ദവായുവിനാല്‍ ചലിക്കപ്പെടുന്ന മന്ദാരവല്ലികള്‍ സുന്ദരിമാര്‍ എന്നപോലെ താണ്ഡവം ചെയ്യുന്നു. മയിലുകള്‍ നിന്റെ കേശജാലം കണ്ട് കാര്‍മേഘമെന്ന് ധരിച്ച് സന്തോഷത്താല്‍ നൃത്തംവെയ്ക്കുന്നു. കാമിനീ, ചന്ദ്രബിംബം കണ്ടാല്‍ കാമരസപാത്രമാണെന്ന് തോന്നുന്നു. കാന്തേ, പുണര്‍ന്നാലും.