കിം ഭോ സുയോധന സഖേ
ശ്ലോകം:- ഇപ്രകാരം ഉജ്ജ്വലമായ സഭയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ദുര്യോധനന്‍ സ്ഥലത്തെ ജലമാണെന്നും ജലത്തെ സ്ഥലമാണെന്നും ഭ്രമിക്കുന്നത് കണ്ട് ഭീമസേനന്‍ രസത്തോടെ കൈകൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു.
പദം:- സഖേ, സുയോധനാ, ഗാംഭീര്യവീര്യ സമുദ്രമേ, എന്തേ സുഖം തന്നെയല്ലെ? സംഭ്രമമകന്ന് ഉടനെ വഴിപോലെ ഇവിടെ വന്ന് സിംഹാസനത്തെ അലങ്കരിച്ചാലും.
കഷ്ടം! വെള്ളമില്ലാത്തിടത്ത് എന്തിന് കൈകൊണ്ട് വസ്ത്രമുയര്‍ത്തിക്കൊണ്ട് നടക്കുന്നു? സാമ്യമില്ലാത്തതും പരിശുദ്ധമായതും രത്നനിര്‍മ്മിതവുമായ തറ കണ്ട് ജലാശയമാണെന്നു തോന്നിയോ?
ഉടനെ ജലത്തില്‍ ചാടിയോ? ചാകുമെന്ന് ഉള്ളില്‍ പേടിവേണ്ടാ. ഭയംവെടിഞ്ഞ് എന്റെ കയ്യില്‍ പിടിച്ചുകൊള്ളുക. കേടുകള്‍ വരാതെ ഉടനെ കരകേറ്റീടാം.
ശ്ലോകം ചൊല്ലുന്ന സമയത്ത് ദുര്യോധനനും ദുശ്ശാസനനും സദ്യസ്യര്‍ക്കിടയിലൂടെ രംഗത്തിനുനേരെ എഴുന്നള്ളുന്നു. ഭീമന്‍ പദം ആടുന്നു.
‘സംഭാവനം ചെയ്ക സിംഹാസനം ഭവാൻ‘ എന്ന് പാടുന്ന സമയം, മുന്നോട്ട് വരുന്ന ദുര്യോധനദുശ്ശാസനന്മാര്‍ താഴെ ജലമുണ്ടെന്ന് തെറ്റിധരിച്ച് വസ്ത്രം ഉയര്‍ത്തിക്കൊണ്ട് നടക്കുന്നു. ഭീമന്‍ പദാഭിനയം തുടരുന്നു.