പാര്‍ത്ഥിവവീരരേ! പാര്‍ത്ഥന്മാര്‍ ചൂതില്‍
ശ്ലോകം:-കരയുന്ന ദ്രുപദപുത്രിയെ ഇങ്ങിനെ പറഞ്ഞ് ആശ്വസിപ്പിച്ചിട്ട് സാത്യകി, ഉദ്ധവന്‍ തുടങ്ങിയ യാദവശ്രേഷ്ഠരോടും താപസരോടും കൂടി ശ്രീകൃഷ്ണന്‍ ചെന്ന് സുയോധനനെ കണ്ടിട്ട് എല്ലാം നാളെ എന്നുപറഞ്ഞ് ഭക്ഷണത്തിനായി വിദുരഗൃഹത്തിലേയ്ക്ക് പോയി. അപ്പോള്‍ ദുര്യോധനന്‍ രാജാക്കന്മാരോട് കല്പിച്ചു.
പദം:-ക്ഷത്രിയവീരരേ, ഹോ! ചൂതില്‍ ശക്തി പ്രയോജനമില്ലാത്തവരായി പോയി തീര്‍ത്ഥമാടി നടന്ന പാര്‍ത്ഥന്മാര്‍ ഇപ്പോള്‍ തിരികെവന്ന് അർദ്ധരാജ്യം കൊതിച്ച് അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു. പാഞ്ചാലഭൂപന്റെ പുരോഹിതനെ അയച്ചതുവഴി നമുക്ക് അതില്‍ ഒട്ടും മാറ്റമില്ല എന്ന് അറിഞ്ഞ അവര്‍ അത് യാചിക്കുവാന്‍ ഉള്ളില്‍ വിചാരിക്കുന്നുപോല്‍. പാപിയും മായാവിയുമായ കൃഷ്ണന്‍ ഇപ്പോള്‍ പാണ്ഡവദൂതനായി വന്നീടും. ഗോപകുമാരന്‍ വരുംനേരം ഒരു ഭൂപനും എഴുന്നേല്‍ക്കരുത്. യാദവനെ ബഹുമാനിക്കുന്നവര്‍ പന്ത്രണ്ട് ഭാരം സ്വര്‍ണ്ണം സാദരം എനിയ്ക്ക് നല്‍കേണ്ടിവരും എന്ന് രാജാക്കന്മാര്‍ ധരിച്ചുകൊള്‍ക.
പദശേഷം ആട്ടം:-