കൃഷ്ണനരുള്‍ചെയ്തതൊക്കെയും

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇതി സ തു ധൃതരാഷ്ട്രസ്സ്വാന്ധതാരാജലക്ഷ്മീം
സ്വസുത ഉപവിസൃജ്യ പ്രാപ്തദൃഷ്ടിസ്സഭീഷ്മ
ഹരിമനുവദുദാരൈസ്തോത്രമുഖൈർമ്മുമുക്ഷു
സ്തഭനു മുനിസമൂഹഃ പ്രാഹ ദുര്യോധനം തം

കൃഷ്ണനരുള്‍ചെയ്തതൊക്കെയും മാനിച്ചു
കേള്‍ക്ക നിനക്കു നല്ലൂ ബഹുമാനിച്ചു
 
വൃഷ്ണിവംശത്തിലവതാരം ചെയ്തൊരു
വിഷ്ണുഭഗവാനിവനെന്നറിക നീ
 
പോതനായങ്ങു കിടക്കുന്ന നാളല്ലോ
പൂതനയെക്കൊന്നതും ഇവന്‍
വാതശകടാദിദൈതേയരെക്കൊന്ന
ചാതുര്യമെത്ര വിശേഷം നിനയ്ക്ക നീ
 
ഭൂതലമൊക്കെമുടിപ്പാൻ മുതിർന്നൊരു മാതുലനെക്കൊന്നിവൻ പിന്നെ 
പ്രേതനാഥനേയും വെന്നു ഗുരുവിനെ
പ്രീതനാക്കീലേ സുതനെക്കൊടുത്തിവൻ
 
ദുഷ്ടരെയേറ്റവും നിഗ്രഹിച്ചന്വഹം
ശിഷ്ടരെ രക്ഷിച്ചീടും സ്വാമി
കഷ്ടം ഭവാനോടു സന്ധിപറഞ്ഞീടാന്‍
വിഷ്ടപേശന്‍ കൃപയോടെഴുന്നള്ളി
 
പുണ്യപുമാനുടെ വിശ്വരൂപമിതും
പൊണ്ണാ നീ കണ്ടില്ലല്ലോ ഇനി
പാണ്ഡവര്‍ക്കുള്ളൊരു ഭാഗം കൊടുക്കായ്കില്‍
ചണ്ഡശീല ഭവാന്‍ തന്നെ നശിച്ചീടും
 
(ചെമ്പട താളത്തിൽ)
കൃഷ്ണനരുള്‍ചെയ്തതൊക്കെയും മാനിച്ചു
കേള്‍ക്ക നിനക്കു നല്ലൂ

 

അർത്ഥം: 

കൃഷ്ണന്‍ അരുള്‍ചെയ്തതൊക്കെയും ബഹുമാനിച്ച് കേള്‍ക്കുകയാണ് നിനക്ക് നല്ലത്. വൃഷ്ണിവംശത്തില്‍ അവതാരംചെയ്ത വിഷ്ണുഭഗവാനാണിവന്‍ എന്ന് നീ അറിയുക. ശിശുവായി കിടക്കുന്ന കാലത്താണല്ലോ പൂതനയെ ഇവന്‍ കൊന്നത്. വാതന്‍, ശകടന്‍ ആദിയായ അസുരരെ കൊന്ന ഇവന്റെ ചാതുര്യം എത്ര സവിശേഷമാണന്ന് നീ ആലോചിച്ചുനോക്കു. ദിവസംതോറും ദുഷ്ടരേയെല്ലാം നിഗ്രഹിച്ച് സ്വാമി സജ്ജനങ്ങളെ രക്ഷിക്കും. കഷ്ടം! ഭവാനോട് സന്ധിപറയുവാനായി വിഷ്ണുഭഗവാന്‍തന്നെ കൃപയോടെ എഴുന്നള്ളി. ആ പുണ്യപുരുഷന്റെ വിശ്വരൂപമാണിത്. പൊണ്ണനായ നീയിത് കണ്ടില്ലല്ലോ. ഇനി പാണ്ഡവര്‍ക്കുള്ള ഭാഗം കൊടുത്തില്ലെങ്കില്‍ ക്രൂരനായ ഭവാന്‍ നശിക്കും.

അരങ്ങുസവിശേഷതകൾ: 
മുമുക്ഷു ശ്രീകൃഷ്ണനെ വലംവെയ്ച്ച് നമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണന്‍ അപ്രത്യക്ഷനാകുന്നു(തരശ്ശീല ഉയര്‍ത്തുന്നു). മുമുക്ഷു ദുര്യോധനനോടായി പദമാടുന്നു.
പദാഭിനയം കഴിഞ്ഞ് മുമുക്ഷു നിഷ്ക്രമിക്കുന്നു.
ശേഷം ആട്ടം-
പെട്ടന്ന് ബോധം തെളിയുന്ന ദുര്യോധനനും ദുശ്ശാസനനും ചാടിയെഴുന്നേറ്റ് പാശവുമായി മുന്നോട്ട് നീങ്ങുന്നു. കൃഷ്ണനെ അവിടെയെങ്ങും കാണാഞ്ഞ് അന്ധാളിക്കുന്നു.
ദുര്യോധനന്‍:‘ആ ചതിയന്‍ മായയാല്‍ മറഞ്ഞുപോയി. ഇനി പാര്‍ത്ഥന്മാര്‍ ഉടനെ യുദ്ധത്തിനായി എത്തും. അതിനാല്‍ നമുക്കും യുദ്ധത്തിനായി തയ്യാറാവാം. ഇനി നീ വേഗം പോയി ഒരുങ്ങിയാലും.’
ദുര്യോധനന്‍ ഗദയെടുത്ത് ദുശ്ശാസനനു നല്‍കി വിജയത്തിനായി അനുഗ്രഹിക്കുന്നു. ദുശ്ശാസനന്‍ ഗദവാങ്ങി കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച്തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്കുരുന്നു.
തുടര്‍ന്ന് ദുര്യോധനന്റെ പടപ്പുറപ്പാട്-
ദുര്യോധനന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’
ദുര്യോധനന്‍ ദൂതന്റെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.
ദുര്യോധനന്‍‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ (ആത്മഗതം) ‘ഇനി വേഗം പുറപ്പെടുകതന്നെ’ (സൂതനോട്) ‘ഇനി കുരുക്ഷേത്രയുദ്ധഭൂമിയിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് തേരിലേക്ക് ചാടിക്കയറിയിട്ട്, ദുര്യോധനന്‍ പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

 

അനുബന്ധ വിവരം: 

മുമുക്ഷുക്കൾ ഭഗവാന്റെ വിശ്വരൂപദർശനസമയത്ത് മാത്രം പ്രത്യേകം പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടം മുനിമാരാണ്.