ചൊല്ലെഴുന്നുള്ളൊരു മല്ലവരന്മാരേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രുത്വാസൗ നാരദീയാം ഗിരമതികുപിതഃ ഖഡ്ഗപാണി സ്വസാരം
ഭർത്ത്രാസാർദ്ധം നിഹന്തും കൃതമതിരനിശം വാരിതോ നാരദേന
പൃത്ഥ്വീശസ്താപസേന്ദ്രേ ഗതവതിനിഗളേ തൗ നിബദ്ധ്യാഥ താവൽ
ഭക്താനാഹൂയ കംസസ്സരഭസമവദൻ മന്ത്രിണോ മല്ലവീരാൻ
 
 
ചൊല്ലെഴുന്നുള്ളൊരു മല്ലവരന്മാരേ
സല്ലാപം മേ ശൃണുത
 
വൈരികളാകുന്ന രാമകൃഷ്ണന്മാരെ
വൈകിടാതെ വരുത്തി പോരിൽ
 
സൗരിപുരത്തിലയച്ചിടുക വേണം
ഗർവ്വികളാമവരെ..
 
തുംഗങ്ങളായുള്ള മഞ്ചങ്ങളോരോന്നും
രംഗതലേ ക്രിയതാം ഗജ
 
പുംഗവനെ മഹാമാത്രാ നീ
ഗോപുരദ്വാരമതിൽ നിർത്തുക

 

അർത്ഥം: 

ശ്ലോകസാരം:-നാരദൻ പറഞ്ഞതുകേട്ട് അത്യധികം ക്രുദ്ധനായി വാൾ കൈയ്യിലെടുത്ത് തന്റെ സഹോദരിയെ അവരുടെ ഭർത്താവിനോടൊപ്പം കൊല്ലുവാനായി കംസൻ തുനിഞ്ഞുവെങ്കിലും, നാരദൻ അത് തടഞ്ഞു. മുനിവര്യനായ നാരദൻ പോയതിനുശേഷം ദേവകീവസുദേവന്മാരെ ചങ്ങലകൊണ്ടു ബന്ധിച്ചിട്ട് കംസരാജാവ് ഉടനെ തന്റെ ആശ്രിതരും മല്ലവീരന്മാരുമായ മന്ത്രിമാരെ വിളിച്ചുവരുത്തി അവരോടു പറഞ്ഞു.

പദസാരം:-പ്രശസ്തരായ മല്ലന്മാരേ, എന്റെ വാക്കുകൾ ശ്രവിക്കുക. യോഗ്യരായ വസുദേവപുത്രന്മാർ ഗോകുലത്തിൽ വസിക്കുന്നു. ശത്രുക്കളായ രാമകൃഷ്ണന്മാരെ വൈകാതെ വരുത്തണം. അഹങ്കാരികളായ അവരെ യുദ്ധത്തിൽ കാലപുരിയിലേയ്ക്ക് അയയ്ക്കുകയും വേണം. ഇപ്പോൾ ചാപപൂജാമഹോത്സവം തുടങ്ങുകതന്നെ. അപ്പോൾ അതുകാണുവാനായിട്ട് സന്തോഷത്തോടുകൂടി ശ്രീകൃഷ്ണനും രാമനും ഇവിടെ വരും. ഉയരത്തിലുള്ള ഓരോ മഞ്ചങ്ങൾ രംഗതലത്തിൽ ഉണ്ടാക്കണം. മഹാമാത്രാ, നീ ഗജശ്രേഷ്ഠനായ കുവലയാപിഠത്തിനെ ഗോപുരദ്വാരത്തിൽ നിർത്തുക. ഗോപബാലന്മാർ അവിടെ വന്നാൽ ഉടനെ ആനയെക്കൊണ്ട് നേരിടാൻ തുടങ്ങണം. അതിൽനിന്നും അവർ രക്ഷപ്പെടുകയാണെങ്കിൽ മല്ലന്മാരേ, നിങ്ങൾ പെട്ടന്ന് അവരെ നേരിടുവിൻ.
 
അരങ്ങുസവിശേഷതകൾ: 
ചാണൂരന്റെ തിരനോട്ടം-
മുഷ്ടികന്റെ തിരനോട്ടം-
ചാണൂരമുഷ്ടികന്മാരുടെ ആട്ടം-
തിരനോട്ടങ്ങൾക്കുശേഷം വീണ്ടും തിരനീക്കുമ്പോൾ രംഗമദ്ധ്യത്തിൽ വലത്തുഭാഗത്തായി ചാണൂരനും ഇടത്തുഭാഗത്തായി മുഷ്ടികനും ഉത്തരീയം വീശി ഇരിക്കുന്നു. തുടർന്ന് മീശയും താടിയും പിരിച്ചശേഷം, ഇരുവരും കൈത്തരിപ്പ് അഭിനയികുന്നു.
ചാണൂരൻ:'കൈത്തരിപ്പ് ഒട്ടും സഹിക്കാനാവുന്നില്ല'
മുഷ്ടികൻ:'എനിക്കും അങ്ങിനെ തന്നെ. കൈത്തരിപ്പ് അടക്കുന്നതിനായി നമുക്ക് അല്പം മല്ലയുദ്ധം ചെയ്താലോ?'
ചാണൂരൻ:'അങ്ങിനെതന്നെ'
ചാണൂരനും മുഷ്ടികനുമായി മല്ലയുദ്ധം നടത്തുന്നു. 
 
ചാണൂരൻ:(പല അടവുകളും വെച്ച് യുദ്ധം തുടരുന്നതിനിടയിൽ സമീപത്തേയ്ക്ക് ആരോ വരുന്നതുകണ്ടിട്ട്, യുദ്ധം നിർത്തിയിട്ട്) 'നമ്മുടെ നേരെ വരുന്നതാര്?'
മുഷ്ടികൻ:'കംസരാജാവിന്റെ ദൂതന്നാണന്ന് തോന്നുന്നു.'
ചാണൂരൻ:(അടുത്തുവന്ന് കുമ്പിടുന്നതായ ദൂതനെ അനുഗ്രഹിച്ചതായി നടിച്ചിട്ട്)'വന്ന കാര്യമെന്ത്?' (ദൂതൻ പറയുന്നത് കേൾക്കുന്നതായി നടിച്ചിട്ട്)'കംസമഹാരാജാവ് ഞങ്ങളെ രണ്ടുപേരേയും ഉടനെ സമീപത്തേയ്ക്ക് ചെല്ലുവാൻ കല്പിച്ചിരിക്കുന്നുവെന്നോ. ഉടനെ വന്നുകൊള്ളാം എന്ന് രാജാവിനെ അറിയിച്ചാലും' (ദൂതനെ അനുഗ്രഹിച്ച് അയയച്ച്ചിട്ട് മുഷ്ടികനോടായി)'രാജാവ് നമ്മളെ ഇപ്പോൾ കാണുവാൻ പറഞ്ഞതെന്തിന്? ഉം, എന്തായാലും നമുക്ക് ഉടനെ രാജാവിന്റെ സമീപത്തേയ്ക്ക് പോവുകയല്ലെ?'
മുഷ്ടികൻ:'അങ്ങിനെതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ചാണൂരമുഷ്ടികന്മാർ പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
 
-----(തിരശ്ശീല)-----
 
വീണ്ടും തിരമാറ്റുമ്പോൾ ഇടത്തുഭാഗത്തുകൂടി മഹാമാത്രനൊപ്പം 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ചാണൂരമുഷ്ടികന്മാർ വലതുവശത്തായി പീഠത്തിലിരിക്കുന്ന കംസനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം വണങ്ങി നിൽക്കുന്നു.
കംസൻ:(അനുഗ്രഹിച്ചശേഷം)'ഹേ മല്ലന്മാരേ, ഹസ്തിപാ, എറ്റവും പ്രധാനമായ ഒരു കാര്യം ആലോചിച്ച് ഉറപ്പിക്കുവാനായാണ് നിങ്ങളെ വരുത്തിയത്. ഞാൻ പറയുന്നത് വഴിപോലെ കേട്ടാലും'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കംസൻ പദാഭിനയം ആരംഭിക്കുന്നു.