വേണ്ട ദുർമ്മദം ചാണൂര മുഷ്ടിക

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വേണ്ട ദുർമ്മദം ചാണൂര മുഷ്ടിക വാക്കു-
കൊണ്ടു ജയിച്ചീടാ വീര നിങ്ങളെ വെല്ലുവൻ
 
രണ്ടുപക്ഷം നമുക്കില്ല കണ്ടുകൊൾക വീര്യമെല്ലാം
ഇണ്ടലെന്നിയേ പടയിൽ കണ്ടക മുഷ്ടികൾകൊണ്ടുവിരണ്ടു നീ
 
മണ്ടിടും ഭയമാണ്ടിടും കേളുണ്ടോ സന്ദേഹം വന്നീടുക
രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ
അർത്ഥം: 
ചാണൂരാ, മുഷ്ടികാ, അഹങ്കാരം വേണ്ട. വാക്കുകൾകൊണ്ട് ജയിക്കില്ല. വീരരേ, നിങ്ങളെ ജയിക്കും. എനിക്ക് ഒട്ടും സംശയമില്ല. വീര്യമെല്ലാം കണ്ടുകൊള്ളുക. ദുഷ്ടാ, സംശയമില്ല, യുദ്ധത്തിൽ മുഷ്ടികൾകൊണ്ട് ഭയന്ന് നീ ഓടും. ഭയപ്പെടും, സംശയമുണ്ടോ? പറയുക. വന്നീടുവിൻ.
 
അരങ്ങുസവിശേഷതകൾ: 
ശേഷം യുദ്ധവട്ടം-
ക്രമത്തിൽ പരസ്പരം പോരിനുവിളിച്ച് ശ്രീകൃഷ്ണനും ചാണൂരനുമായും, ബലരാമൻ മുഷ്ടികനുമായും മുഷ്ടിയുദ്ധം ആരംഭിക്കുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ ചാണൂരനേയും, ബലരാമൻ മുഷ്ടികനേയും മുഷ്ടിപ്രഹരങ്ങളെൽപ്പിച്ച് വധിച്ച് ദൂരേയ്ക്ക് എറിയുന്നു.
 
രാമകൃഷ്ണന്മാർ മുഷ്ടികചാനൂരന്മാരുമായി മല്ലയുദ്ധം ചെയ്യുന്നു
ശ്രീകൃഷ്ണൻ:(മല്ലനെ വധിച്ചുകളഞ്ഞ് തിരിച്ച് രംഗത്തേയ്ക്കുവന്ന് മുന്നിൽ മുകളിലായി കണ്ടിട്ട്)'അതാ നീചനായ കംസൻ യോഗ്യതയോടെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇനി അങ്ങോട്ട് കയറിച്ചെന്ന് അവനേയും ഹനിക്കുകതന്നെ.'
നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് രാമകൃഷ്ണന്മാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല