ധര്‍മ്മസുത! വരികരികില്‍
തത: കദാചിത്തപതീകുലോദ്വഹ:
കൃതാന്തസൂനും ക്യതപാദവന്ദനം
വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
സുതാനുരോധാത് സുതരാമഭാഷത
പല്ലവി:
ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
നിര്‍മ്മലസുത!നിശമയേദം
അനുപല്ലവി:
കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
ഉണ്ണീവളരുന്നു പരിതാപം
ചരണം 1:
ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
മന്നവശിഖാമണേ! കേള്‍
ചരണം 2:
നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
മിങ്ങൊരുവിശേഷമില്ലല്ലോ.
ചരണം 3:
സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
നിവസിക്കിലോ വൈരമുണ്ടാം.
തത: കദാചിത്തപതീ:
ഒരിക്കല്‍ സഹോദരരോടൊത്ത് തന്നെ വന്ദിച്ച ധര്‍മ്മപുത്രനോട് കുരുശ്രേഷ്ഠനായ ധൃതരാഷ്ട്രര്‍ ദുര്യോധനന്റെ നിര്‍ബന്ധമം മൂലം ഇപ്രകാരം പറഞ്ഞു.
ധര്‍മ്മസുത:
ധര്‍മ്മപുത്രാ,അരികില്‍ വരു. സത്ഗുണസമ്പന്നാ ഇതുകേള്‍ക്കു. ഉണ്ണീ,കണ്ണുകള്‍കൊണ്ട് നിന്റെ കാന്തി കാണുവാന്‍ സാധിക്കായ്കയാല്‍ സങ്കടമുണ്ട്. ഞാന്‍ ഒന്നുപറയട്ടെ, നീ കേള്‍ക്കുക. എനിക്ക് നിങ്ങളും ദുരോധനാദികളും തമ്മില്‍ ഒരു ഭേദവുമില്ല. ബന്ധുജനങ്ങളെങ്കിലും നിത്യം ഒരേടത്തു തന്നെ താമസിച്ചാല്‍ വൈരമുണ്ടായേക്കും.
രംഗത്ത് ഇടതുഭാഗത്തുക്കൂടി ‘കിടതകധീം താ’ ചവുട്ടി പ്രവേശിക്കുന്ന ധര്‍മ്മപുത്രര്‍ വലതുവശത്തിരിക്കുന്ന ധൃതരാഷ്ട്രരെ കണ്ട് ‘കെട്ടിച്ചാടി കുമ്പിടുന്നു’. അനുഗ്രഹിച്ചശേഷം ധൃതരാഷ്ട്രര്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.