ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ

താളം: 
കഥാപാത്രങ്ങൾ: 
പ്രഭാതമെത്തീ ഗുരു ശിഷ്യരോടും
പ്രസന്നഭാവേന നടന്നുനീങ്ങീ
പ്രതിജ്ഞപോൽ നല്‍കിയ ചുംബനത്താൽ
പ്രകോപിതൻ മന്നനുരച്ചിതേവം
 
ധിക്കാരി അവനോ നീ ചൊല്ലെടാ മൂഢാ!
ഇക്കാലമത്രയും എന്നോടെതിര്‍ത്ത 
ധിക്കാരിയവനോ നീ
 
നാളിതുവരെയീ നാട്ടിൽ അഹം
നീളെപ്പാലിച്ചു പോന്നോരു സൽക്കൃത
നീതിയും നിയമവും ആചാരരീതിയും
കാറ്റിൽ പറത്തിയ ധിക്കാരി നീ
നോക്കടാ നീ നാട്ടുകാരെത്തീ
 
നോക്കടാ നീ നാട്ടുകാരെത്തീ
ആര്‍ക്കുന്നിതാ കള്ളന്മാര്‍ക്കൊപ്പം
കോര്‍ക്കണം കുരിശിൽ എന്നവർ ശഠിപ്പൂ
വാക്കു നടത്തുവതേ എന്റെ ധര്‍മ്മം

 

അരങ്ങുസവിശേഷതകൾ: 
പിലാത്തോസ്‌ വഴിയിൽ നിര്‍ത്തിയ രഥത്തിൽ നില്‍ക്കുന്നു (വലതുഭാഗം). യേശു ശിഷ്യരുമൊത്ത്‌ ഇടതുഭാഗത്തൂടെ പ്രവേശിക്കുന്നു. രഹസ്യമായി പിലാത്തോസിനെ അറിയിച്ചു കൊണ്ട്‌ യൂദാസ്‌ യേശുവിനെ ചുംബിക്കുന്നു. സൂത്രത്തിൽ പിൻവലിയുന്നു. യേശു ശിഷ്യനെ കരുണയും സ്നേഹവും അനുകമ്പയും നിറഞ്ഞ കണ്‍കളാൽ കടാക്ഷിക്കുന്നു; പുഞ്ചിരിക്കുന്നു. യേശുവിനെ തിരിച്ചറിഞ്ഞ പിലാത്തോസ് ‌ക്രുദ്ധനായി തേരില്‍നിന്ന്‌ ചാടിയിറങ്ങി.
 പിലാത്തോസ്: ‌(യേശുവിനോട്‌) എന്റെ രാജ്യത്തു വന്ന്‌ ഭരണം നടത്തുന്ന നീ ആര്?
(യേശു ചിരിക്കുന്നു. പിലാത്തോസ്  ‌യേശുവിനെ അധിക്ഷേപിക്കുന്നു. പത്രോസിനെ കണ്ട്‌ അടുത്തേയ്ക്കു വരുവാൻ കല്‍പ്പിക്കുന്നു. പേടിച്ച്‌ അടുത്തു ചെന്ന പത്രോസിനോട്‌)
പിലാത്തോസ്‌: നീ ഇവന്റെ ശിഷ്യനല്ലെ?
പത്രോസ്‌: അല്ല...
പിലാത്തോസ്‌: അല്ലെ? പിന്നെ സുഹൃത്താണോ?
പത്രോസ്‌: (യേശുവിനെ നോക്കി) അല്ല…...
പിലാത്തോസ്‌: പിന്നെ നീ ഇവന്റെ ആരാണ്‌?
പത്രോസ്‌: (ദയനീയമായി) ആരുമല്ല പ്രഭോ!
പിലാത്തോസ്‌: എങ്കിൽ നീ ഇവനെ വിട്ടു പോ.
രണ്ടാവര്‍ത്തി പറഞ്ഞിട്ടു പോകാത്ത പത്രോസിന്റെ നേരെ വാളുമായി അടുക്കുന്നു. പത്രോസ്‌ ഭയന്ന്‌ ഓടുന്നു. മറ്റു ശിഷ്യരേയും ആട്ടിയോടിക്കുന്നു. നാലാരട്ടി. ശേഷം പദം. 
നോകക്കെടാ നാട്ടുകാരെത്തീ എന്ന് പാടുമ്പോൾ പിലാത്തോസ്, ജനങ്ങൾ ആർത്തു വിളിക്കുന്നതു കണ്ടില്ലേ? നീ ഇവരുടെ കണ്ണിലെ കരടാണ്. അതു നശിപ്പിക്കേണ്ടതു എന്റെ ധർമ്മമാണ്.
പദശേഷം ചെമ്പവട്ടം - ആട്ടം:
പിലാത്തോസ്‌: (രണ്ടു പടയാളികളേയും മാറി മാറി കണ്ട്‌, അനുഗ്രഹിച്ച്‌ ) എന്റെ കല്‍പനകൾ സധൈര്യം പാലിക്കുന്ന പടയാളികളേ! നമ്മുടെ നാടിന്‌ ആപത്തായി അവതരിച്ച ഈ ദുഷ്ടപ്രജാപതിയെ മുള്‍ക്കിരീടം ധരിപ്പിച്ചാലും. പിന്നെ ആ കള്ളന്മാരോടൊപ്പം കുരിശിൽ തറച്ചാലും. (ലൊഞ്ജിനൂസിനെ നോക്കി) ഇവൻ മൂന്നു നാളിന്നുള്ളിൽ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ഖ്യാതിയുണ്ട്‌. അതിനൊരവസരം നല്‍കരുത്‌. കുരിശിൽ തറച്ചുകഴിഞ്ഞാൽ മരണം സംഭവിച്ചെന്ന്‌ വീണ്ടും വീണ്ടും ഉറപ്പു വരുത്തണം.
ലൊഞ്ജിനൂസ്‌: കല്‍പന പോലെ.
പിലാത്തോസ്‌: എന്നാലിവനെ കുരിശിൽ തൂക്കുവിൻ.
യേശുവിന്റെ മേലങ്കി അഴിച്ചു കളയുന്നു - മുള്‍ക്കിരീടം ധരിപ്പിക്കുന്നു – തൂണിൽ കെട്ടിയിട്ട്‌ മുഖത്ത്‌ അടിക്കുകയും തുപ്പുകയും ചെയ്യുന്നു – ചാട്ടവാറു കൊണ്ട്‌ ദേഹത്താകെ അടിക്കുന്നു – യേശു ഇതെല്ലാം സഹിച്ചുനില്‍ക്കുന്നു – കുരിശു ചുമപ്പിച്ച്‌ മലമുകളിലെത്തിച്ച്‌  യേശുവിനെ കുരിശിൽ മലര്‍ത്തിക്കിടത്തി കൈയിലും കാലിലും ആണിയടിച്ച്‌ കുരിശ്‌ ഉയര്‍ത്തിനിര്‍ത്തി.
പിലാത്തോസ്‌: (ഉത്സാഹത്തോടെ) അല്ലയോ ജനങ്ങളേ! നിങ്ങളുടെ ആഗ്രഹം ഇവിടെ സംഭവിച്ചതു കണ്ടില്ലെ? നിങ്ങൾ സന്തോഷവാന്മാരായില്ലെ? ഈ രക്തത്തിൽ എനിക്കു പങ്കില്ല (എന്നു പറഞ്ഞ്‌ കൈകഴുകുന്നു.) ഇനി നിങ്ങൾ സന്തോഷത്തോടു കൂടി പിരിഞ്ഞു പോയാലും. (ജനങ്ങൾ പിരിഞ്ഞു പോകുന്നതായി നടിച്ച്‌) ആകട്ടെ. ഇനി മനശ്ശാന്തിയോടെ രാജ്യഭരണം നടത്തുക തന്നെ. (നാലാമിരട്ടിയെടുത്ത്‌ മാറുന്നതോടെ രാഗം പാടൽ.
 
(രാഗം പാടൽ: ഗൌളീപന്ത്‌)
പടയാളികൾ രണ്ടുപേരും ക്ഷീണം തീര്‍ക്കുന്നതായി ഭാവിക്കുന്നു. ഒരുത്തൻ ഉറങ്ങുകയും ലൊഞ്ജിനൂസ്‌ അടുത്ത അഭിനയ ശ്ലോകം അഭിനയിക്കുകയും ചെയ്യുക.