പരിദേവിതം മതിമതി തവ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ശ്രുത്വാ വിപ്രവരസ്യ ദുഃഖവിവശാസ്യൈവം വിലാപാൻ മുഹുർ
ദൈത്യാരിർ ഭുവനാവനൈകനിരതോ ദേവശ്ച സീരായുധഃ
പ്രദ്യുമ്ന പ്രമുഖാശ്ച യാദവവരാ നോകിഞ്ചിദപ്യബ്രുവൻ
പാർത്ഥസ്തത്ര സമേത്യ വിപ്രസവിധേ വാണീമഭാണീദിമാം
 

പരിദേവിതം മതിമതി തവ
ബ്രാഹ്മണ സാധുമതേ!

പരിചോടിനി ഉളവാകും ബാലനെ-
പരിപാലിച്ചു തവ തരുവൻ ഞാൻ

ആർത്തി തീർത്തഖില ധാത്രീദേവകുലം
നിത്യം കാത്തീടുക ക്ഷത്രിയ ധർമ്മം
അത്തൽ കീഴിൽ കഴിഞ്ഞതത്ര ക്ഷമിക്ക ഭവാൻ
പുത്രനിനി ജനിക്കിൽ കാത്തുതരുമീ പാർത്ഥൻ

അർത്ഥം: 

ശ്രുത്വാ വിപ്രവരസ്യ :
ബ്രാഹ്മണശ്രേഷ്ഠന്റെ സങ്കടവിലാപം കേട്ട്‌ ബലരാമനോ കൃഷ്ണനോ പ്രദ്യുമ്നൻ തുടങ്ങിയ മറ്റ്‌ യാദവശ്രേഷ്ഠരോ ഒന്നും മിണ്ടിയില്ല. അപ്പോൾ അർജ്ജുനൻ ബ്രാഹ്മണന്റെ സമീപം ചെന്ന് ഇപ്രകാരം പറഞ്ഞു.

പദം:-ബ്രാഹ്മണാ, സുമനസ്സേ, അങ്ങയുടെ വിലാപം മതിമതി. ഇനി അങ്ങേയ്ക്കുണ്ടാകുന്ന ബാലനെ ഞാൻ വഴിപോലെ രക്ഷിച്ചുതരുന്നുണ്ട്. ബ്രാഹ്മണകുലത്തേയാകെ ദുഃഖം തീർത്ത് എന്നും രക്ഷിക്കേണ്ടത് ക്ഷത്രിയരുടെ ധർമ്മമാണ്. ഇതിനുകീഴിൽ കഴിഞ്ഞ ദുഃഖമെല്ലാം ഭവാൻ ക്ഷമിച്ചാലും. ഇനി പുത്രന്മാർ ജനിക്കുകയാണെങ്കിൽ ഈ അർജ്ജുനൻ കാത്തുതരും.

അരങ്ങുസവിശേഷതകൾ: 

ശ്ലോകമാലപിക്കുന്നസമയത്ത് സഹതാപത്തോടെ ബ്രാഹ്മണനെ വീക്ഷിക്കുന്ന അർജ്ജുനൻ കൃഷ്ണാദിയാദവരെയൊക്കെ നോക്കിയിട്ട് ആരിലും ഒരു ഭാവഭേദവും കാണാഞ്ഞ് ചിന്താധീനനാവുകയും, തുടർന്ന് ആലോചിച്ചുറപ്പിച്ചുകൊണ്ട് 'പാർത്ഥസ്തത്ര സമേത്യ' എന്നാലപിക്കുന്നതിനൊപ്പം ബ്രാഹ്മണന്റെ സമീപം ചെന്നിരുന്ന് വന്ദിക്കുകയും ചെയ്യുന്നു. 'നോ കിഞ്ചിദപ്യബ്രുവൻ' എന്നാലപിക്കുന്നതോടെ എഴുന്നേന്നേൽക്കുന്ന ശ്രീകൃഷ്ണൻ പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. അർജ്ജുനൻ:'അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഞാൻ പറയുന്നത് ശ്രവിച്ചാലും' എന്ന് കാണിച്ച് അർജ്ജുനൻ പദം അഭിനയിക്കുന്നു.