മലരണിഘനവേണീ സുലലാമേ
ശ്ലോകം
അപ്പോൾ വിഭീഷണനശേഷജഗല്പ്തിക്കായ്
കെല്പോടു നല്കുമൊരു പുഷ്പകമദ്ധ്യഭാഗേ,
ശില്പംകലർന്ന പരിവാരജനൈരശേഷൈ-
രുൾപ്പുക്കു സീതയൊടുവാച രഘുപ്രവീരൻ
പദം
മലരണിഘനവേണീ സുലലാമേ
വൈദേഹി,
ലോലലസിതാപാംഗേ ബാലാമൗലിമാലേ!
മാനേലുംമിഴിയാളേ, തേനോലുംമൊഴിയാളേ,
മാനിനീമണിമൗലേ മഞ്ജുളശീലേ!
കാണുക രണഭുവി ഹതരായ വീരരെ
നാനാദിക്കുകളിലും നിബിഡരായ്ത്തന്നെ
കാണുക സുബേലമാം ശൈലത്തെ വൈദേഹി
വാണു ഞാനിവിടെ വാനരസൈന്യത്തോടും
കാതരാക്ഷി കാണ്ക നീ നളകൃതജലധൗ
സേതുവുമെന്നുടെ കുശശയനവും കാണ്ക
ഇവിടെയല്ലോ മഹാദേവൻ പ്രസാദിച്ചു
കുവലയവിലോചനേ കാൺക സാഗരവും
ഇക്ഷിതിയിൽ വന്നെന്നെക്കണ്ടു വിഭീഷണൻ
സൂക്ഷ്മപക്സ്മാക്ഷിയിതല്ലോ കിഷ്കിന്ധാ
ബലികൾമൗലിമണ്ഡനനായുള്ള വീരനാം
ബാലിയെക്കൊന്നു ഞാനിവിടെയെന്നറിക
അനന്തരം വിഭീഷണൻ ജഗൽപ്പതിയായ ശ്രീരാമചന്ദ്രനു നല്കിയ പുഷ്പകവിമാനത്തിന്റെ മദ്ധ്യഭാഗത്തിൽ എല്ലാ പരിവാരജനങ്ങളോടുംകൂടി കയ റിയ രഘുപവീരൻ സീതയോട് ഇങ്ങിനെ പറഞ്ഞു.