രാഘവൻ നടകൊണ്ടു ഗുഹനെയും കണ്ടു
രാഘവൻ നടകൊണ്ടു ഗുഹനെയും കണ്ടു പിന്നെ
അഘരഹിതനാം ഭരദ്വാജനെക്കണ്ടു
ദശരഥൻ ദിവി പോയശേഷം ദണ്ഡകാവനേ
പിശിതാശി വിരാധനെക്കൊന്നു ശ്രീരാമൻ
രാവണാനുജയായ ശൂർപ്പനഖിയെപ്പിന്നെ
മൂക്കും മുലയും കൊയ്തു ലക്ഷ്മണൻ വീരൻ
തത വന്നൊരു വരം ഭൂഷണം ത്രിശിരസം
കൃത്തരാക്കിയുംചെയ്തു രാമൻ ശ്രീരാമൻ
പഞ്ചവടിയിൽ വന്നു മാരീചം കൊന്നു രാമൻ
ചഞ്ചലാക്ഷിയെയുടൻ രാവണൻ കൊണ്ടുപോയി
തത്കരഹതനാം ജടായുവെക്കണ്ടു രാമൻ
വൃത്താന്തവുമറിഞ്ഞു തം സംസ്കരിച്ചല്ലോ
ഘോരനാം കബന്ധനെ വീരൻ രാഘവൻ കൊന്നു
ഘോരയാമയോമുഖീം വികൃതയാക്കിച്ചെയ്തു
സുഗ്രീവനോടു സഖ്യംചെയ്തുടൻ ബാലിയെ
വിക്രമത്തോടു കൊന്നു മാനവവീരൻ
രാഘവവചസാ ഞാനലയാഴി കടന്നുടൻ
സീതയെക്കണ്ടു തിരിച്ചിങ്ങുവന്നാറെ
രാമൻ കടലിൽ ചിറകെട്ടിയക്കരെച്ചെന്നു
രാവണാദിരാക്ഷസരെയെല്ലാം കൊന്നു
ജംബുമാലിനം വിദ്യുന്മാലിനം വിദ്യുജ്ജിഹ്വം
യൂപാക്ഷം മകരാക്ഷം വികൃതാക്ഷം വീരം
രണദക്ഷം വിരൂപാക്ഷം മിത്രഘ്നം യജ്ഞകോപം
അകമ്പനം പ്രകമ്പനം കുംഭനികുംഭൗ
മഹോദരമഹാപാർശ്വ ധൂമ്രാക്ഷം രശ്മികേതും
യുദ്ധോന്മത്തം ച മത്തം ശുകസാരണൗ ച
ത്രിശിരസന്നരാന്തകം ദേവാന്തകമധികം
വ്രജദംഷ്ട്രം ച വജ്രമുഷ്ടിം ച വീരം
അതികായം പ്രഹസ്തം ച ദുഷ്ടമിന്ദ്രജിത്തേയും
കുംഭകർണ്ണനേയും കുംഭോദരനേയും
രാവണനേയും കൊന്നു ജാനകിയോടുംകൂടെ
ദേവകൾ കൊടുത്തൊരു വരവും ലഭിച്ചു
കപിരാക്ഷസവാഹിനിയോടുകൂടെ വരുന്നിങ്ങു
നിന്നുടെയരികിൽ മാം മുന്നേയയച്ചു.