നമസ്തേ ഭൂസുരമൗലേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ധൃത്വാ വിപ്രകുമാരകാനഥ ഹരിം നത്വാ ദയാവാരിധിം
ഗത്വാരുഹ്യ രഥം സമം മുരഭിദാ പാർത്ഥഃ കൃതാർത്ഥാശയഃ!
പ്രത്യാഗത്യ മഹീം മഹീസുരവരസ്യാഭ്യേത്യ തസ്യാലയം
ദത്വാസ്മൈ തനയാൻ സ്വയം വിനയവാനിത്യാഹ ബദ്ധാഞ്ജലിഃ!!
 
നമസ്തേ ഭൂസുരമൗലേ! ക്ഷമസ്വാപരാധം
സമസ്തേശ്വരകൃപയാൽ ലഭിച്ചു നിൻപുത്രന്മാരെ
 
പുത്രശോകാർത്തനായോരത്ര ഭവാന്റെ വാക്യ-
ശസ്ത്രങ്ങൾകൊണ്ടു മർമ്മവിദ്ധനായഹം പിന്നെ
സത്വരം പിതൃപതി പത്തനസ്വർഗ്ഗങ്ങളിൽ
ആസ്ഥയാ തിരഞ്ഞു കണ്ടെത്തീലാ ബാലന്മാരെ
 
ത്രിഭുവനങ്ങളിലെങ്ങും ലഭിയാഞ്ഞു ബാലന്മാരെ
വിഭയമഗ്നിയിൽച്ചാടി ദഹിപ്പാൻ തുടങ്ങുന്നേരം
കപടമാനുഷൻ കൃഷ്ണൻ കൃപയോടേ വന്നരികിൽ
സപദി സാർദ്ധമെന്നോടും പ്രാപിച്ചു വിഷ്ണുലോകം
 
പരമപൂരുഷൻതന്റെ പരിസരഫണിതൽപേ
പരിചിൻ വിളങ്ങും ബാലകന്മാരെ വാങ്ങി മോദാൽ
തരസാ വന്നിതു ഞങ്ങളുരുതരപുണ്യരാശേ!
പരിതോഷേണ കണ്ടാലും സഹധർമ്മപത്നിയോടും
 
അഗ്രജനിതുരണ്ടാമൻ, സൽഗുണവാൻ തൃതീയൻ
നിഷ്കളങ്കൻചതുർത്ഥ, നഞ്ചാമനേഷ ബാലൻ,
ഷഷ്ഠമൻ ഇഷ്ടപുത്രൻ സപ്തമനിവനല്ലൊ
അഷ്ടമൻ അതിധീരൻ നവമൻ ഭാഗ്യശാലി
 
ഭാഗ്യവാരിധേ! തവ പുത്രന്മാർ പത്തിനേയും
വ്യഗ്രത തീർത്തു പരിഗ്രഹിച്ചാലും തന്നിടുന്നേൻ
 
 
അർത്ഥം: 

ധൃത്വാ വിപ്രകുമാരകാനഥ:

പിന്നെ ബ്രാഹ്മണകുമാരന്മാരെ വാങ്ങി കാരുണ്യസാഗരമായ മാഹവിഷ്ണുവിനെ നമസ്കരിച്ച്‌ ശ്രീകൃഷ്ണനോടുകൂടെ അർജ്ജുനൻ തേരിൽ കേറി, കൃതാർത്ഥനായി ഭൂമിയിൽ തിരിച്ചെത്തി ബ്രാഹ്മണഗൃഹത്തിൽ ചെന്ന് അദ്ദേഹത്തിന്‌ പുത്രന്മാരെ നൽകിക്കൊണ്ട്‌ സവിനയം കൈകൂപ്പിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു. 

പദം:-ബ്രാഹ്മണശ്രേഷ്ഠാ, നമസ്ക്കാരം. അപരാധം ക്ഷമിച്ചാലും. സർവ്വേശ്വരന്റെ കൃപയാൽ അങ്ങയുടെ പുത്രന്മാരെ ലഭിച്ചു. പുത്രശോകാർത്തനായ ഭവാന്റെ വാക്ശരങ്ങളേറ്റ് മർമ്മം പിളർന്നവനായ ഞാൻ ഇവിടെനിന്നും പെട്ടന്ന് പോയിട്ട് പിന്നെ യമപുരിയിലും സ്വർഗ്ഗത്തിലും ബാലന്മാരെ നന്നായി തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. മൂന്നുലോകങ്ങളിലെങ്ങും ബാലന്മാരെ ലഭിക്കായ്കൽ ഞാൻ നിർഭയം അഗ്നിയിൽ ചാടി ദഹിക്കുവാൻ തുടങ്ങുമ്പോൾ കപടമാനുഷനായ ശ്രീകൃഷ്ണൻ കൃപയോടെ അരുകിൽ വന്ന് എന്നേയും കൂട്ടി വിഷ്ണുലോകത്തെ പ്രാപിച്ചു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ സമീപത്ത് സർപ്പമെത്തയിൽ വിളങ്ങുന്ന ബാലന്മാരെ സാദരം വാങ്ങി സന്തോഷത്തോടുകൂടി ഞങ്ങൾ പെട്ടന്ന് ഇവിടെ വന്നു. പുണ്യത്തിന്റെ അപാരമായ സമുദ്രമേ, സഹധർമ്മപത്നിയോടുകൂടി സന്തോഷത്തോടെ കണ്ടാലും. ഇതാ ജേഷ്ഠപുത്രൻ, ഇത് രണ്ടാമൻ, ഇത് സദ്ഗുണവാനായ മൂന്നാമൻ, ഇത് നിഷ്ക്കളങ്കനായ നാലാമൻ, ഇതാ അഞ്ചാമത്തെ ബാലൻ. ഭാഗ്യസമുദ്രമേ, അങ്ങയുടെ പുത്രന്മാർ പത്തിനേയും തന്നീടുന്നു. വ്യഗ്രത തീർത്ത് ഏറ്റുവാങ്ങിയാലും.

അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുകൂടി ശ്രീകൃഷ്ണനോടും ബ്രാഹ്മണബാലരോടും കൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന അർജ്ജുനൻ വലതുവശത്തായി പീഠത്തിലിരിക്കുന്ന ദുഃഖിതരായ ബ്രാഹ്മണനേയും പത്നിയേയും കണ്ട്, കുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.