ആരവമെന്തിത,റിയുന്നതോ?
ശ്ലോകം.
കരഞ്ഞും ഖേദിച്ചും വനഭുവി തിരഞ്ഞും നിബിഡമായ്
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പലവഴി നടന്നും നൃപസുതാ
വലഞ്ഞാൾ, കേട്ടാനക്കരുമനകൾ കാട്ടാളനൊരുവൻ
പല്ലവി.
ആരവമെന്തിത,റിയുന്നതോ? ഇഹ
ഘോരവനത്തിൽനിന്നെഴുന്നതും;
അനുപല്ലവി.
ദൂരെയിരുന്നാൽനേരറിയാമോ?
ചാരേചെന്നങ്ങാരായേണം.
ചരണം. 1
പെരുത്ത വൻകാട്ടിന്നകത്ത-
ങ്ങൊരുത്തനായ് പോയ്‌വരുവാനും;
പേടി നമുക്കും പാരമുദിക്കും
പേർത്തും ഗഹനേ തിരവാനും;
ഉരത്തെഴും തിമിരം വെൽവാൻ
ഉദിക്കുമാറായ് ഭഗവാനും,
പോരാ നാമിങ്ങിരുന്നാലോ,
ഭീരുതയെന്നേ വരു താനും.
എടുത്തു വില്ലുമമ്പും വാളും
അടുത്തു ചെന്നങ്ങറിയേണം
നീചത്വം വിട്ടൗചിത്യം ഞാ-
നാശുത്വം പൂണ്ടാചരിപ്പൻ.
ശ്ലോകസാരം: കരഞ്ഞും ബുദ്ധിമുട്ടുകൾ സഹിച്ചും കാട്ടിലാകെ നളനെ തിരഞ്ഞും ഓരോന്നു വിളിച്ചു പറഞ്ഞും കോപിച്ചും കണ്ണു കാണാത്തവിധം ഇരുട്ടു നിറഞ്ഞ കാട്ടുവഴികളിലൂടെ അലഞ്ഞു ദമയന്തി വലഞ്ഞു. അവളുടെ വിലാപങ്ങൾ ഒരു കാട്ടാളൻ കേട്ടു.
സാരം: ഘോരവനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നതെന്താണ്? ദൂരെയിരുന്നാൽ നേര് അറിയാൻ കഴിയില്ല. അടുത്തു ചെന്ന് അന്വേഷിക്കണം. ഭയങ്കരമായ കാട്ടിനകത്ത് ഒരുത്തനായി പോയി വരുവാൻ നമുക്കു പോലും പേടിയുണ്ടാകും; അതുപോലെ ഉൾക്കാട്ടിൽ പോയി തിരയാനും. ഇരുട്ടു മാറി സൂര്യനുദിക്കാറായി. ഇവിടെ ഇരുന്നാൽ പോരാ. അതു ഭീരുതയാകും. വില്ലും അമ്പും വാളും മറ്റും എടുത്ത് അടുത്തു ചെന്നറിയണം. നീചത്വം വിട്ട് ഞാൻ ഔചിത്യത്തെ ആചരിക്കും.
(ദമയന്തിയുടെ വിലാപം കേൾക്കുന്നു.)
കാട്ടാളന്റെ തിരനോട്ടം. അയാൾ കാട്ടിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു. തുടർന്ന് വിചാരപ്പദം.