ഘോരവിപിനമെന്നാലെഴുപാരിതാകിൽ
സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.
പല്ലവി:
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.
അനുപല്ലവി:
നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവും വ്യയവും
നാടുഭരിപ്പവരോടു നടപ്പതു.
ചരണം 1:
അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതം ഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ.
2
സദനങ്ങൾ ശോഭനങ്ങൾ സാധുസഭാതലങ്ങൾ
സരസങ്ങൾ ഗഹനങ്ങൾ;
സജലാ സശിലാ തടിനീ ജനനീ;
രാജാന ഇമേ തരവോ ദൃഢ-
മാജാനമനോരമഭൂതികൾ.
3
ദുരിതങ്ങൾ ദൂരിതങ്ങൾ ദോഷങ്ങൾ ദൂഷിതങ്ങൾ,
അതിമോഘങ്ങളഘങ്ങൾ,
അധുനാ വിധിനാ കരുണാഗുരുണാ
മേലേ വരുമാധികൾ മാഞ്ഞിതു
കാലേന ചിരേണ നമുക്കിഹ.
ശ്ലോകസാരം: ദേവനാഥൻമാരുടെ വരങ്ങൾകൊണ്ട് സുഖമായി ജീവിക്കുന്നവനും, പരമാനന്ദം കൊണ്ട് നല്ലതുപോലെ നിർവൃതനുമായ ഈ നളൻ, തത്വവിചാരത്താൽ ഭവനത്തിൽ വനത്തിന്റെ അവസ്ഥയേയും വനത്തിൽ ഗൃഹത്തിന്റെ അവസ്ഥയേയും കണ്ടു.
സാരം: ഘോരവിപിനം എന്നത് ഏഴുനിലമാളികയാണ്. ഇതാകട്ടെ (ഈ കൊടുങ്കാട്) നഗരമാണ്. നാരികൾ, ശൃംഗാരാദി ചപല ചേഷ്ടകൾ, നീതി, ജയം, ഭയം, ചെലവ് എന്നിവയെല്ലാം നാടുഭരിക്കുന്നവരുടെ ഭാവങ്ങളാണ്. (ആയതുകൊണ്ട് കൊട്ടാരം തീരെ സുഖപ്രദം അല്ലാ എന്ന് വിവക്ഷ) അവടങ്ങൾ (=ഗുഹകൾ) സങ്കടങ്ങൾ ആണ് (ദുർഗ്ഗമം ആണ്) ഉള്ളിൽ ദുഷ്ടമൃഗങ്ങൾ ആണ്. അവയാകട്ടെ അത്യധികം ഭീതി ജനിപ്പിക്കുന്നതും ആണ്. ചിന്തിച്ചാൽ മനസ്സിലാകും. അവയേക്കാൾ ഭീമാകാരമായ ശത്രുക്കൾ ഈ കാമാദി വികാരങ്ങൾ തന്നെ. (ഇവിടെ കൊട്ടാരം പക്ഷം.) വന്നത്തിലെ ഈ വള്ളിക്കുടിലുകൾ ശോഭനങ്ങളായ സദനങ്ങളായും, സഭാകലങ്ങളായും ഹൃദ്യങ്ങളായി എനിക്ക് അനുഭവപ്പെടുന്നു. ജലത്തോടുകൂടിയവളും ശിലകളോടുകൂടിയവളുമായ നദി മാതാവാകുന്നു. ജന്മനാ മനസ്സിനെ സന്തോഷി പ്പിക്കുന്ന സമ്പത്തോടു കൂടിയ ഈ വൃക്ഷങ്ങൾ രാജാക്കന്മാരാണ് (സാമന്തന്മാർ) എന്നും നിശ്ചയം. (ഇവിടെ വനപക്ഷം). (ഈ തത്വബോധത്താൽ) എന്റെ ദുരിതങ്ങൾ അകറ്റപ്പെട്ടിരിക്കുന്നു. ദോഷങ്ങൾ നശിച്ചിരിക്കുന്നു. പാപങ്ങൾ ക്ഷയിച്ചു. വിധിയുടെ കാരുണ്യംകൊണ്ട് അനവധി കാലംകൊണ്ട് എനിക്കു മേലേ മേലേ വന്ന ആധി ഇതാ നശിച്ചിരിയ്ക്കുന്നു.
പദത്തിനുശേഷം അങ്ങോട്ടിങ്ങോട്ടുഴന്നു നടക്കുന്നതിനിടയിൽ നളൻ പല കാഴ്ചകളും കാണുന്നു. ഘോരവിപിനം.. എന്ന് തുടങ്ങുന്ന ഈ കല്യാണിപ്പദം മുന്നത്തെ ലോകപാലന്മാരെയ്ക്ക് തുടർച്ച എങ്കിലും, നിരന്തരമായ കാന്താരജീവിതത്തിന്റെ ഭാഗമായി ഉണ്ടായ തിരിച്ചറിവാണ് കാണിയ്ക്കുന്നത്. മുൻ പദവും ഈ പദവും തമ്മിൽ ദീർഘകാലത്തെ വ്യത്യാസം ഉണ്ട് എന്ന് ഓർമ്മിയ്കേണ്ടതാണ്.
ശേഷം മാൻപ്രസവവും ആടാറുണ്ട്. ഓരോനടന്മാരും ഓരോന്ന് അവരവരുടെ മനോധർമ്മം പോലെ ആടാറുള്ളതിനാൽ ഏറ്റവും പൊതുവായത് മാത്രം ഇവിടെ സൂചിപ്പിയ്ക്കുന്നു. കാടിന്റെ സമൃദ്ധി വെളിപ്പെടുത്തുന്നതും, വിധിയുടെ വിളയാട്ടം കൊണ്ട് ഒരു സാധുമൃഗം ആപത്തിൽ നിന്നും രക്ഷപ്പെടുന്നതുമായ കാഴ്ചകൾ കണ്ടുനടക്കുന്നു. ഗർഭിണിയായ ഒരു പേടമാൻ വേടന്റെ അമ്പ്, പെൺപുല്, കാട്ടുതീ, പുഴവെള്ളം ഇവയിൽനിന്ന് രക്ഷപ്പെട്ട് സുഖമായി പ്രസവിക്കുന്നതു കാണുന്നു. അപ്പോൾ കാട്ടു തീ പടർന്നു വരുന്നതായി കണ്ട്, അഗ്നിയുടെ നടുവിൽ നിന്നും ആർത്തനാദം കേൾക്കുന്നത് എന്താണെന്നറിയുക തന്നെ എന്നു കാണിച്ച് രംഗം വിടുന്നു.
പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ നളചരിതം പുസ്തകത്തിൽ ഈ രംഗം ഇങ്ങനെ ചുരുക്കി കൊടുത്തിരിക്കുന്നു: