വരിക ബാഹുക
പല്ലവി:
വരിക ബാഹുക! എന്നരികിൽ വരിക ബാഹുക!
അനുപല്ലവി:
നിരുപമാന, സാരഥ്യ സാരസ്യപാകേഷു
നീ കേൾക്ക ലോകൈകമാന്യ!
ചരണം 1:
അധരിതസകലനരലോകം ആത്മനൈപുണം
സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം;
അതിനു നീതാനോർക്കിലാളെന്നുനിർണ്ണയം
മനസി മാമകേ, തദിഹ മാസ്തു വൈപരീത്യം,
എന്തെന്നും കഥയാമി, മന്ദത കളയേണം.
2
അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കതു ദൃഢം;
അവനിസുരന്റെ വാക്കിനുമോർക്കണം ഇതിഹ കാരണം;
അതിനു ശാസ്ത്രം കാമശാസ്ത്രം
സൂത്രം താനറിയാതോ, സുന്ദരീ വിദുഷീ സാ?
3
നളനതിസുകൃതീ, അതുമൂലമന്നസാധ്യമായി
ലളിതഗാത്രീമേളനം; ഇന്നു ലഭിക്കുമെന്നു മേ.
തെളിവിനൊടേ തേർ നീ തെളിക്കേണം ഗളിതസംശയം,
നളിനബന്ധുതാനുദിക്കിൽ നാളപ്പോൾ
നളിനാക്ഷീ നമ്മൊടുഘടനീയാ നന്മണിരമണീയാ.
തേർ ഒരുക്കാനെന്നു പറഞ്ഞ് ബാഹുകൻ തിരിഞ്ഞ് വീണ്ടും രംഗത്തിലിരിക്കുന്നു. ഋതുപർണ്ണനും വാർഷ്ണേയനും മാറിപ്പോരുന്നു.