നില്ലെടാ ദാനവാധമാ

കഥാപാത്രങ്ങൾ: 

സഹജാന്‍ ദനുജേന നീയമാനാന്‍
സഹദേവാദവഗമ്യ വായുസൂനുഃ
സഹസേതി വദന്‍ ഗദാസഹായോ
നൃഹരിര്‍ദ്ദൈത്യമിവാഭ്യയാല്‍ സരോഷഃ
 
 
പല്ലവി
നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ

ചരണം 1
നില്ലു നില്ലെടാ വീര നല്ലതല്ലിതു തവ
മെല്ലെ ഇവരെ വെടിഞ്ഞല്ലാതെ ഗമിക്കൊല്ല
 
ചരണം 2
എല്ലുകള്‍ നുറുങ്ങുമാറു തല്ലുകൊണ്ടു യമലോകേ
ചെല്ലുനീയന്തകനോടു ചൊല്ലുകയെന്‍ ഭുജവീര്യം
 

അർത്ഥം: 

സഹജൻ ദനുജേന:
സഹോദരന്മാരെ അസുരന്‍ തട്ടികൊണ്ടുപോകുന്നതായി സഹദേവനില്‍നിന്നും അറിഞ്ഞ് ഭീമസേനന്‍ പെട്ടന്ന് കോപിച്ച് ഗദയെടുത്തു് നരസിംഹം ഹിരണ്യകശിപുവിനെ എന്നപോലെ എതിര്‍ത്തിട്ട് പറഞ്ഞു.
നില്ലെടാദാനവാധമ:
നില്ലെടാ, അസുരാധമാ, നില്ലുനില്ലെടാ. വീരാ, നില്ലുനില്ലെടാ. നിനക്കിതു നല്ലതല്ല. മെല്ലെ, ഇവരെ വിട്ടിട്ടല്ലാതെ പോകരുത്.നിന്റെ എല്ലുകൾ ഞാൻ തല്ലി ഒടിക്കും

അരങ്ങുസവിശേഷതകൾ: 

ശ്ലോകാവസാനത്തില്‍ വലത്തുഭാഗത്തുകൂടി ഗദാധാരിയായി പ്രവേശിക്കുന്ന ഭീമന്‍ ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് ജടാസുരനെ കണ്ട്, നിന്ദിക്കുന്നു.
ഭീമന്‍:‘എടാ, കപടവേഷം ധരിച്ചുവന്ന് ഇവരെ അപഹരിച്ച നിന്നെ ഉടനെ യമപുരിയിലേയ്ക്ക് അയയ്ക്കുന്നുണ്ട്. കണ്ടുകൊള്‍ക’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം ആടുന്നു.

അനുബന്ധ വിവരം: 

ഭീമൻ ബലം പ്രയോഗിച്ച് ധർമ്മപുത്രനേയും പാഞ്ചാലിയേയും മോചിപ്പിച്ചശേഷം വട്ടം വച്ച് കലാശം.