ശൌര്യഗുണനീതിജലധേ ചരണയുഗം
ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി ശകുനേസ്താദൃശം ഛത്മവൃത്തം
സ്മാരം സ്മാരം സമസ്തപ്രതിഭടപടലീ ഘസ്മരോഷ്മാ സ ഭീമഃ
ബദ്ധാമർഷാതിരേകഭുമിതപരിഘദത്താദിരൂക്ഷാക്ഷികോണ-
ശ്ചിന്താസന്താപിതാന്തഃ ശമനസുതമസൌ വാചമിത്യാചചക്ഷേ
പല്ലവി
ശൌര്യഗുണനീതിജലധേ ചരണയുഗം
ആര്യ തവ കൈതൊഴുന്നേന്‍
അനുപല്ലവി
ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
ചര്യാ സുഖമെന്നമതി മര്യാദയോ തേ
ചരണം 1
ധര്‍മ്മസുത നിര്‍മ്മലമതേ നമ്മുടയ
കര്‍മ്മഗതി കാണ്‍ക നൃപതേ
ചര്‍മ്മവുമുടുത്തു വനചാരികളോടൊത്തു നിജ
ധര്‍മ്മവുമൊഴിച്ചു ഗതധൈര്യമുഴലുന്നു
[[ സത്യരതനാകിയ ഭവാൻ സഹജരൊടും
നിത്യമുഴലുന്നു വിപിനേ
ഭൃത്യരൊടുമംബികാപത്യതനയൻ കപട-
കൃത്യനിധി വാഴുന്നു ഹസ്തിനപുരത്തിൽ
എത്രയുമശക്തരായ് നാം വൃത്രരിപുപുത്ര-
വിരഹേണ വിപിനേ
നേത്രമില്ലാത്തവനു നേരോടെ മറ്റുള്ള
ഗാത്രങ്ങൾകൊണ്ടെന്തു കാര്യം മഹീപതേപ ]]
ചരണം 2
ശസ്ത്രാര്‍ത്ഥമെന്തിനധുനാ ശക്രജനെ
യാത്രയാക്കിയതു പഴുതേ
ചമ്പ (5 മാത്ര)
ശത്രുക്കളെ വിരവില്‍ ഒക്കെ ജയിപ്പതി-
ന്നത്രാലമേകനഹമെന്നറിക വീര
ചരണം 3
നിശ്ശങ്കമഹിതരെ രണേ വെന്നു ഞാന്‍
ദുശ്ശാസനന്റെ രുധിരം
ചമ്പ (5 മാത്ര)
ആശ്വാസമോടു ബഹു പീത്വാ കരേണ മുഹൂ-
രാശ്വേവ ദാരകചമുത്തംസയാമ്യഹം
ചരണം 4 ചമ്പ (20 മാത്ര)
എങ്കലൊരു കരുണയൊരുനാളുണ്ടാകു-
മെങ്കിലിതനുജ്ഞചെയ്ക
ചമ്പ (5 മാത്ര)
ഹുംകൃതിയോടരികടെയഹംകൃതികളഞ്ഞു യമ-
കിങ്കരനു നല്‍കവതി-
ചമ്പ (20 മാത്ര)
നിന്നു തടവരുതേ
(ശൌര്യഗുണനീതി ജലധേ ചരണയുഗം
ആര്യതവ കൈതൊഴുന്നേന്‍)
ശസ്ത്രാർത്ഥം:
അർജ്ജുനൻ പാശുപതാസ്ത്രം നേടുവാൻ പോയപ്പോൾ ശകുനി ചെയ്ത ചതി ഓർത്തോർത്ത് ശത്രുസമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാവുന്ന കയ്യൂക്കോടു കൂടിയ ആ ഭീമസേനൻ വർദ്ധിച്ച പകയോടു കൂടി കയ്യിൽ ചുഴുന്നുകൊണ്ടിരിക്കുന്ന ഗദയിലെക്ക് രൂക്ഷമായി നോക്കിക്കൊണ്ട് ചിന്തകൊണ്ട് നീറുന്ന ഹൃദയത്തോടെ ധർമ്മപുത്രരോടിങ്ങനെ പറഞ്ഞു.
ശൗര്യഗുണ:
അപാരവും അഗാധവുമായ ശൗര്യഗുണം (ആത്മജയമാണ് ശൗര്യം), നീതി (രാജനീതി) ഇവയ്ക്ക് ഇരിപ്പിടമായ ജ്യേഷ്ഠാ, അങ്ങയുടെ കാലിണ വന്ദിക്കുന്നു. വീര്യം നശിച്ച് പത്നിയോടും കൂടിയ താപസവൃത്തിയാണ് സുഖമെന്ന് കരുതുന്നത്, അങ്ങേക്ക് ചേർന്നതാണോ? ശുദ്ധഹൃദയനായ ധർമ്മപുത്ര മഹാരാജാവെ, നമ്മുടെ യോഗത്തെക്കുറിച്ചോർത്തു നോക്കൂ. മാൻതോലുടുത്ത് കാടന്മാരെപ്പോലെ സ്വന്തം ധർമ്മം വിട്ട് ധൈര്യമില്ലാതെ നട്ടം തിരിയുന്നു. വരായുധത്തിനായി അർജ്ജുനനെ എന്തിനയച്ചു? ശത്രുക്കളെ ഒന്നടങ്കം ഉടൻ ജയിക്കുനതിന് ഞാനൊരുത്തൻ മതിയെന്നറിഞ്ഞാലും. ശത്രുക്കളെ കൂസലന്യേ യുദ്ധത്തിൽ ജയിച്ച് ദുശ്ശാസനന്റെ രക്തം സംതൃപ്തിയോടെ വാരിക്കോരിക്കുടിച്ച് ആ രക്തം പൂണ്ട കൈകൊണ്ട് പത്നിയുടെ തലമുടി ഉടനേ തന്നെ കെട്ടുന്നുണ്ട്. അങ്ങയുടെ കാരുണ്യം എന്നെങ്കിലും ഒരിക്കൽ എന്നിൽ ഉണ്ടാകുമെങ്കിൽ ഇതിന് അനുവാദം തന്നാലും. വീറോടു കൂടി ശത്രുക്കളുടെ അഹങ്കാരം തീർത്ത് യമഭടന് നൽകുവാൻ ഇപ്പോൾ അങ്ങ് തടസ്സം നിൽക്കരുതേ.
1) ഇതിലെ ശ്ലോകം ഭീമന് അഭിനയിക്കാനുള്ളതാണ്. ധര്‍മ്മപുത്രര്‍ വലതുവശത്ത് പീഠത്തില്‍ ഇരിക്കുന്നു. രാഗം പാടി കലാശിക്കുന്നതോടെ ഭീമസേനന്‍ മുട്ടുമടക്കി പടം മലര്‍ത്തിയ ഇടംകയ്യും ഗദപിടിച്ച വലം കയ്യും മാറിനുനേരേ പിടിച്ച് വലം കാല്‍ പരത്തിച്ചവിട്ടി പ്രവേശിക്കുന്നു. തുടർന്ന് ഓരോ പദത്തിനും അനുസരിച്ചുള്ള ചിട്ടപ്പെട്ട ചലനങ്ങളൊടെയാണ് ശ്ലോകം അഭിനയിക്കപ്പെടുന്നത്. 2) ചമ്പ താളത്തിന്റെ വിവിധ കാലങ്ങളിലുള്ള വിന്യാസം ഈ പദത്തിന്റെ ആവിഷ്കരണത്തിനും ഭാവത്തിനും ശക്തിപകരുന്നു. 3) "ആശ്വാസമോടു ബഹു പീത്വാ" എന്ന ഭാഗത്ത് ദുശ്ശാസനനെ കൊന്ന് ചോരകുടിയ്ക്കുന്നത് നടൻ അഭിനയിക്കുന്നു. 4) കല്ലുവഴി സമ്പ്രദായപ്രകാരം പദാന്ത്യത്തിൽ അഷ്ടകലാശം എന്ന നൃത്തവിശേഷം അവതരിപ്പിക്കപ്പെടുന്നു. തെക്കൻ സമ്പ്രദായപ്രകാരം ഇവിടെ അഷ്ടകലാശം ഇല്ല. ഇടക്കലാശം മാത്രമേ അവതരിപ്പിക്കുകയുള്ളൂ. 5) പല്ലവിയ്ക്കു ശേഷമുള്ള വട്ടം വെച്ചുകലാശം സാധാരണ വട്ടംവെച്ചുകലാശത്തിൽ നിന്നും വ്യത്യസ്തവും പ്രത്യേകരീതിയിലുള്ളതുമാണ്.
1) ശൗര്യഗുണം ഭീമൻ പല കഥകളിയാചാര്യന്മാരുടേയും പ്രശംസനീയമായ വേഷമായിരുന്നു. കുയിൽത്തൊടി ഇട്ടിരാരിച്ചമേനോന്റെ ഈ വേഷത്തിന്റെ വേഷഭംഗിയെപ്പറ്റി ഗ്രന്ഥങ്ങളിൽ പരാമർന്മുണ്ട്. 2) ഒരു പദത്തിന്റെ അഭിനയസാദ്ധ്യതകൊണ്ടു മാത്രം ശ്രദ്ധേയമാവുന്ന ഇത്തരം ആവിഷ്കരണങ്ങൾ കഥകളിയിൽ അപൂർവ്വമാണ്.