ഒരു കഥകളി സ്നേഹാർച്ചന

Sunday, September 22, 2013 - 17:54
Nalan and Hamsam

ഹേമാമോദസമാ - 13

(മണ്മറഞ്ഞ പ്രശസ്ത നടൻ ഡോ. നരേന്ദ്രപ്രസാദിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി 3-11-2008ൽ മാവേലിക്കര പല്ലാരിമംഗലത്ത് നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കേരള കലാമണ്ഡലം-കഥകളി നൂറരങ്ങു' പരിപാടിയുടെ ഉത്ഘാടന വേളയിൽ ഞാൻ ചെയ്ത പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ)

കലാസ്നേഹികളേ,

കേരളത്തിന്റെ സാഹിത്യ-വിദ്യാഭ്യാസ-നാടക-ചലച്ചിത്ര രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പ്രൊഫ. (ഡോ) നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ടു ഇന്ന് അഞ്ചാണ്ടുകൾ തികയുന്നു. പ്രതിഭാധനനായ ഒരദ്ധ്യാപകനും അതുല്യ നിരൂപകനും നടനും ആയിരുന്ന പ്രൊഫ. നരേന്ദ്രപ്രസാദ്, അക്ഷരങ്ങളെ പ്രണയിച്ച അപൂർവ്വം ചില അഭിനയ പ്രതിഭകളിൽ ഒരാളായിരുന്നു. ഈ വർഷത്തെ ചരമദിനാചരണത്തിന്റെ ഭാഗമായി കേരള കലാമണ്ഡലം ട്രൂപ്പിന്റെ  കഥകളി ഇവിടെ നടത്തപ്പെടുന്നു എന്നത് സവിശേഷ പ്രാധാന്യമുള്ള ഒരു കാര്യമായിട്ടാണെനിക്കു തോന്നുന്നത്. കഥകളിയുമായി നേരിട്ട് ബന്ധമുള്ള കലാകാരന്മാരെ അനുസ്മരിക്കുന്ന വേളകളിൽ കഥകളി നടത്തുന്ന പതിവുണ്ടെങ്കിലും മറ്റു കലാകാരന്മാരുടെയോ സാഹിത്യപ്രതിഭകളുടെയോ കാര്യത്തിൽ സാധാരണ ഉണ്ടാകാറുള്ള ഒന്നല്ല കഥകളി. അഭിനയ കലയെ ആത്മാവിലേറ്റി നടന്ന ഒരു വലിയ കലാകാരന് സ്നേഹാർച്ചന ചെയ്യാൻ നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളന കലയായ കഥകളിയേക്കാൾ വലിയ ഏതു കലാപുഷ്പമാണ് മലയാള മണ്ണിൽ ഉള്ളത്? സംഘാടകരുടെ ഈ തീരുമാനം തികച്ചും അന്വർഥം തന്നെ. നളചരിതം ഒന്നാം ദിവസം പഠന ക്ലാസും കഥകളിയുമാണ് ഇന്നിവിടെ നടക്കാൻ പോകുന്നത്.

നളചരിതം ആട്ടക്കഥാ കർത്താവിനും പ്രൊഫ. നരേന്ദ്രപ്രസാദിനും തമ്മിൽ ചില സാമ്യങ്ങൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിമാനുഷവും അസാധാരണവും ചിട്ടപ്രധാനവുമായ കഥകളിയെ രംഗത്ത് വിജയിക്കൂ എന്ന അടിയുറച്ച വിശ്വാസം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യകഥാനുഗായിയായ, ജീവിതഗന്ധിയായ  'നളചരിതം ആട്ടക്കഥ'  രചിച്ച്‌  ഉണ്ണായി വാര്യർ കഥകളിലോകത്ത് അക്ഷരാർഥത്തിൽ വിപ്ലവം സൃഷ്ട്ടിച്ചത്. ആട്ടക്കഥകളുടെ ശ്രേണിയിൽ പ്രഥമ ഗണനീയ സ്ഥാനം അലങ്കരിക്കുന്ന  കലാതല്ലജമാകുന്നു നളചരിതം. വേറിട്ട ചിന്തയുടെ, സർഗ്ഗശക്തിയുടെ ഈ നിഷേധ പ്രകൃതി തന്നെയല്ലേ  പ്രൊഫ. നരേന്ദ്രപ്രസാദ് എന്ന ബഹുമുഖപ്രതിഭയിലും എന്നും നാം കണ്ടിട്ടുള്ളത്? താൻ പ്രതിനിധാനം ചെയ്യുന്ന ബൌദ്ധിക മണ്ഡലങ്ങളുടെ ഉച്ചകോടിയിൽ വിലസുമ്പോഴും അഭിനയസിദ്ധി ഒന്ന് കൊണ്ട്‌ സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളുടെ മനസ്സുകളിൽ പോലും സ്ഥാനം പിടിക്കാൻ കഴിഞ്ഞ അതുല്യ കലാപ്രതിഭയാണ് ഡോ. പ്രാസാദ്. ഓണാട്ടുകരയുടെ കലാപാരമ്പര്യത്തിന്റെ ബലവത്തായ കണ്ണികളിൽ ഒന്നായ ഈ  കലാതിലകത്തിനു  സ്നേഹാർച്ചന ചെയ്യാൻ, മദ്ധ്യതിരുവിതാംകൂർ നിസ്തുലമായ സംഭാവനകൾ നല്കി വികസിപ്പിച്ചെടുത്ത നളചരിതം കഥകളി തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്നതു യാദൃച്ഛികമാകാനിടയില്ല .

Dr Narendraprasad

ഇരിങ്ങാലക്കുടക്കാരനായിരുന്ന ഉണ്ണായി വാര്യരാൽ വിരചിതം എന്ന് പൊതുവെ കരുതപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇന്ന് കാണുന്ന വിധത്തിൽ സഹൃദയാഹ്ലാദകരമായ നിലയിലേക്ക് വികസിപ്പിച്ചെടുത്തത് മദ്ധ്യതിരുവിതാംകൂറിലെ പ്രതിഭാധനന്മാരായിരുന്ന കുറെ കലാകാരന്മാരും തിരുവിതാംകൂർ രാജവംശവുമായിരുന്നു. നളനുണ്ണി, ഈശ്വരപിള്ള വിചാരിപ്പുകാർ, മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, തിരുവല്ല (ബ്രഹ്മസ്വം) കുഞ്ഞുപിള്ള, തോട്ടം ശങ്കരൻ നമ്പൂതിരി, ഗുരു കുഞ്ചുക്കുകറുപ്പ് തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരാണ്, രചിച്ചിട്ടു ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾ വെളിച്ചം കാണാതെ കിടന്നിരുന്ന നളചരിതം ആട്ടക്കഥയെയും അതിന്റെ ആത്മാവിനെയും  കണ്ടെത്തിയത്. ഇവരെ തുടർന്ന് യശശ്ശരീരരായ കാവുങ്ങൽ ശങ്കരപ്പണിക്കർ, കുറിച്ചി കുഞ്ഞൻ പണിക്കർ, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, വാഴേങ്കട കുഞ്ചു നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, കോട്ടക്കൽ ശിവരാമൻ തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്ന അനുഗ്രഹീത കലാകാരൻ കലാമണ്ഡലം ഗോപി ഉൾപ്പെടുന്ന അംഗുലീപരിമിതരായ രസാഭിനയപ്രതിഭകളാണ്, സാത്വികാഭിനയം അനിവാര്യമാകുന്ന നളചരിതം ആട്ടക്കഥയുടെ സമസ്തസൌന്ദര്യങ്ങളും അനാവരണം ചെയ്തു സഹൃദയലോകത്തിന്  കാഴ്ചവച്ചത്. മുകളിൽ ഉദ്ധരിച്ച പല പേരുകളിൽ നിന്നും നളചരിതവും മദ്ധ്യതിരുവിതാംകൂറുമായുള്ള അഭേദ്യബന്ധം സ്പഷ്ടമാണ്.

മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 27 അദ്ധ്യായങ്ങളായി വിവരിക്കപ്പെടുന്ന 'നളോപാഖ്യാന'മാണ് നളചരിതം ആട്ടക്കഥക്ക് ഇതിവൃത്തം. വളരെ ബൃഹത്തായ ഈ ആട്ടക്കഥയുടെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇന്ന് കഥകളി അരങ്ങുകളിൽ അവതരിപ്പിച്ചു കാണുന്നുള്ളൂ. കള്ളച്ചൂതിൽ തോറ്റു കാമ്യകവനത്തിൽ കഴിയുന്ന പാണ്ഡവരെ പല മുനിമാരും സന്ദർശിച്ചു കഥകൾ പറഞ്ഞാശ്വസിപ്പിക്കുന്ന കൂട്ടത്തിൽ ബൃഹദശ്വൻ എന്ന മുനി പറഞ്ഞു കേൾപ്പിക്കുന്ന കഥയാണ് 'നളോപാഖ്യാന'ത്തിൽ അടങ്ങിയിരിക്കുന്നത്. 'പാരിലെങ്ങാനും എന്നോളം ഭാഗ്യം കെട്ടോരു മന്നനെ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ' എന്ന ധർമ്മപുത്രരുടെ ചോദ്യത്തിന് ഉത്തരമായി നളദമയന്തിമാരുടെ കഥ മുനി പറഞ്ഞു കേൾപ്പിക്കുന്നു. ധർമ്മപുത്രർക്ക് സ്വന്തം വ്യഥകൾ പങ്കുവയ്ക്കാൻ സഹോദരങ്ങളും ഭാര്യയും കൂടെയുള്ള ബ്രാഹ്മണവൃന്ദവും കുലഗുരുവും തങ്ങളെപ്പോലെ വല്ലപ്പോഴുമെങ്കിലും വന്നുപോകുന്ന  മഹർഷിമാരും ഉണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ സർവഗുണസമ്പന്നനും ആദർശശാലിയുമായ ഒരു രാജാവ് (നളൻ) സഹോദരനോട് കള്ളച്ചൂതിൽ തോറ്റു ഉടുതുണിക്ക്‌ മറുതുണി പോലും ഇല്ലാതെ ഏകാകിയായി ഘോരകാനനത്തിലും പിന്നെ സ്വന്തം ഭാര്യക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപനായ ഒരു രാജസേവകനായി നാട്ടിലും അലഞ്ഞു ജീവിച്ച ഒരു കഥയുണ്ട്. പക്ഷെ അചഞ്ചലമായ ഈശ്വരഭക്തിയും സ്വധർമ്മാചരണവും കൊണ്ട് നഷ്ടപ്പെട്ട സൌഭാഗ്യങ്ങൾ ഒന്നൊന്നായി തിരികെപ്പിടിച്ചു, ആ മന്നവൻ വീണ്ടും ഐശ്വര്യത്തോടെ രാജ്യം വാണു. അതിനാൽ ധർമ്മപുത്രർ ഒന്നുകൊണ്ടും ദു:ഖിക്കേണ്ടതില്ലെന്നും ഒരു നല്ല നാളേക്ക് വേണ്ടി സമചിത്തതയോടെ, ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്നും ബൃഹദശ്വൻ ഉപദേശിക്കുന്നു. ഇതാണ് നളോപാഖ്യാനം.

പുരാണകഥകളെ ഇതിവൃത്തമാക്കി കഥകളെഴുതുന്ന കവികൾ സാധാരണ പ്രാചീന മാതൃകകളെ അതേപടി അനുകരിക്കുകയാണ് പതിവ്. പക്ഷെ പ്രതിഭാധനരായ ചിലർ, പ്രാചീനസരണികൾ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അപര്യാപ്തമാണെന്ന് കണ്ട് , അവയിൽ അവശ്യം മാറ്റം വരുത്തി മാതൃകകൾ സൃഷ്ടിക്കാറുണ്ട്. സാഹിത്യത്തിലായാലും മറ്റിതര കലാരൂപങ്ങളിലായാലും അനശ്വരകലാസൃഷ്ടികൾക്ക് രൂപം നൽകിയിട്ടുള്ളവർ ഇവ്വിധം സ്വതന്ത്രമാർഗ്ഗത്തെ അവലംബിച്ചിരുന്നതായി കാണാം. ഉണ്ണായി വാരിയരും ചെയ്തത് ഇത് തന്നെയാണ്. നളോപാഖ്യാനം ഇതിവൃത്തമായിരിക്കെ തന്നെ, കഥകളിയെപ്പോലെ ദൃശ്യപരമായ ഒരു കലാരൂപത്തിന് യോജിച്ച നാടകീയമായ അവതരണസാദ്ധ്യതകളെ  മുൻനിർത്തി, മൂലകഥയിൽ അവശ്യം മാറ്റം വരുത്തിക്കൊണ്ടാണ്‌ ഉണ്ണായി വാരിയർ തികച്ചും മൌലികമായ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. അന്നുവരെ നിലനിന്നിരുന്ന കഥകളി സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി സ്വീകരിച്ചത്. ഇക്കാരണത്താൽ തന്നെ യാഥാസ്ഥിതികരുടെ പ്രതിഷേധശരങ്ങൾക്ക് 'നളചരിതം' എക്കാലത്തും പാത്രമായിട്ടുണ്ട്. പക്ഷെ 'ഫലമുള്ള വൃക്ഷത്തിലേക്കേ കല്ലുകൾ എറിയപ്പെടൂ' എന്ന സത്യം മനസ്സിലാക്കുമ്പോഴും ഇന്ന് കഥകളിയിൽ നളചരിതം അലങ്കരിക്കുന്ന പ്രഥമസ്ഥാനം കാണുമ്പോഴും ഇതിന്റെ വിമർശകർക്കുള്ള മറുപടിയല്ലേ ഇതെല്ലാം എന്നാർക്കും തോന്നിപ്പോകും.

'കേരളത്തിന്റെ ശാകുന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടക്കഥയെ ഇത്രമാത്രം ജനപ്രിയമാക്കിയത് അതിന്റെ ജീവിതഗന്ധിയായ ഇതിവൃത്തവും ആട്ടക്കഥാകാരന്റെ അനിതരസാധാരണമായ രചനാപാടവും ആണ്. നളചരിതം കഥയുടെ സന്ദേശവും ഇതിനെ അനശ്വരമാക്കുന്നതിൽ പങ്കു വഹിക്കുന്നു. ധാർമ്മികമൂല്യങ്ങളുടെ മഹത്വത്തെയും ധർമ്മച്യുതിയിലൂടെ മനുഷ്യന് സംഭവിക്കാവുന്ന അധ:പതനത്തെയുമാണ് നളകഥയിലൂടെ ഇതിഹാസകാരൻ വെളിപ്പെടുത്തുന്നത്. സമസ്ത സൌഭാഗ്യങ്ങളോടും രാജ്യം വാണിരുന്ന ആദർശശാലിയായ ഒരു മഹാരാജാവ് (നളൻ) ഒരു സ്ത്രീയിൽ (ദമയന്തി) മോഹിതനായി കർമ്മവിമുഖനാകുന്നു. തന്റെ മോഹം പൂവണിയുന്നതോടെ അദ്ദേഹം അതിൽ മതിമറന്നു സ്വധർമ്മാചരണത്തിൽ പിഴവ് വരുത്തുന്നു. തക്കം പാർത്തിരുന്ന അസൂയാലുക്കളായ ദുഷ്ടബുദ്ധികൾ (കലിദ്വാപരന്മാർ) ആ രാജാവിനെ ദുരന്തത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു. നളനിൽ കടന്നു കൂടാൻ നീണ്ട പന്ത്രണ്ടു വർഷങ്ങൾ കാത്തിരുന്ന കലി, ഒരു നാൾ നളൻ 'മൂത്രം വീഴ്ത്തി കാൽ കഴുകാതെ' സന്ധ്യാവന്ദനത്തിനു പോകുന്ന വേളയിൽ അദ്ദേഹത്തിൽ  ആവേശിച്ചു എന്നാണു കഥ. നളൻ ചെയ്തത് അത്രമാത്രം വലിയ ഒരപരാധം ആയിരുന്നോ? അതും അറിഞ്ഞും കൊണ്ട് ചെയ്തതും അല്ല. സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ വിഹരിക്കുന്ന ഒരാൾ, പ്രത്യേകിച്ചും സത്യസന്ധനായ ഒരാൾ, വളരെ ശ്രദ്ധാപൂർവം ജീവിതം നയിക്കേണ്ടതാണെന്നും ഒരു നിസ്സാര തെറ്റു  പോലും തന്റെ മാനഹാനിക്കും അധ:പതനത്തിനും കാരണമാകാം എന്നുമാണീ കഥ നമ്മെ പഠിപ്പിക്കുന്നത്. എങ്കിൽപ്പോലും അചഞ്ചലമായ ഈശ്വരവിശ്വാസത്തിലൂന്നിയ ജീവിതചര്യയിലൂടെ ദുർദ്ദശകൾ താണ്ടി നഷ്ടപ്പെട്ടതെല്ലാം തിരികെ നേടി നല്ലൊരു നാളെയിലേക്ക് തിരികെപ്പോകാൻ കഴിയും എന്ന് ഈ കഥ ഉദ്ഘോഷിക്കുന്നു.

Kali in Nalacharitham

കഥകളി, ദന്തഗോപുരവാസിയായ ഒരു കലയല്ലെന്നും, അതിൽ താത്പര്യമുള്ള ഏതൊരാൾക്കും കണ്ടാസ്വദിക്കാൻ സാധിക്കുന്ന ഒരു കല തന്നെയാണെന്നും പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും അങ്ങിനെ വിശ്വോത്തരമായ ഈ കലയുടെ ഭാവിയിലേക്കായി ഒരു സഹൃദയപ്രേക്ഷകവൃന്ദത്തെ സൃഷ്ടിക്കാം എന്നുമുള്ള സദുദ്ദേശത്തോടെ കേരളകലാമണ്ഡലം നാടൊട്ടുക്കും നടത്തുന്ന 'കഥകളി 'നൂറരങ്ങു' എന്ന ജനപ്രിയ പരിപാടിക്ക് സകല ഭാവുകങ്ങളും നേരാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇന്നിവിടെ നടക്കാൻ പോകുന്ന കഥകളി പഠന ക്ലാസ്സും കഥകളി അവതരണവും ഈ ലക്ഷ്യത്തെ സാധൂകരിക്കുന്നതാകട്ടെ എന്നാശംസിച്ചു കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി. നമസ്കാരം.

Article Category: 
Malayalam

Comments

ഇന്ന് (22 . 9.) തിരുവല്ലയിൽ വെച്ച് ഗോപിച്ചേട്ടനെ (തിരുവല്ല ഗോപിക്കുട്ടൻ നായർ) കണ്ടപ്പോൾ, സംസാരിച്ച വിഷയം ഉണ്ണായിവാര്യരുടെ തലേവിധിയേക്കുറിച്ചായിരുന്നു.

സംഘടിതമായ ആക്രമണം ഇടക്കാലത്ത് നിന്നിരിക്കുകയായിരുന്നു എന്നാണ് ഗോപിച്ചേട്ടൻ പറയുന്നത്.

ആടാൻ കൊള്ളാം, പാടാൻ കൊള്ളാം, പിന്നെന്താണ് കുഴപ്പം. അതാണ്‌ എനിക്ക് മനസ്സിലാവാത്തത്. മനസ്സിലാവാത്തത് തന്നെയായിരിക്കണം വിമർശന കേസരികളുടെയും പ്രശ്നം.

തെക്കൻ കേരളത്തിൽ നളചരിതത്തിന് പ്രചാരം കൊടുത്തവരിൽ മറ്റൊരു പ്രമുഖനായിരുന്നു ഗായകനായിരുന്ന ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ.

നല്ല ലേഖനം, അല്ല പ്രസംഗം.

C.Ambujakshan Nair's picture

മണ്‍മറഞ്ഞ കലാകാരൻ ഡോ. നരേന്ദ്രപ്രസാദിനും, കഥകളിക്കും,  നളചരിതത്തിനും അതിന്റെ  രചയിതാവിനും,  നളചരിതത്തെ ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരന്മാർക്കും  എന്നിങ്ങനെ എണ്ണി, എണ്ണി താങ്കൾ  സ്നേഹാർച്ചനകൾ നടത്തിയിരിക്കുന്നു.    
കഥകളി, ദന്തഗോപുരവാസിയായ ഒരു കലയല്ലെന്നും, അതിൽ താത്പര്യമുള്ള ഏതൊരാൾക്കും കണ്ടാസ്വദിക്കാൻ സാധിക്കുന്ന ഒരു കല തന്നെയാണെന്നും,  പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും അങ്ങിനെ വിശ്വോത്തരമായ ഈ കലയുടെ ഭാവിയിലേക്കായി ഒരു സഹൃദയപ്രേക്ഷകവൃന്ദത്തെ സൃഷ്ടിക്കാം എന്നുമുള്ള സദുദ്ദേശത്തോടെ കേരളകലാമണ്ഡലം നാടൊട്ടുക്കും നടത്തുന്ന 'കഥകളി 'നൂറരങ്ങു' എന്ന ജനപ്രിയ പരിപാടിക്കും താങ്കൾ  സ്നേഹാർച്ചന  ചെയ്തിരിക്കുന്നു.

വളരെ ഹൃദയാത്മകമായ താങ്കളുടെ ഈ പ്രസംഗത്തിന് ഞാനും സ്നേഹാർച്ചനചെയ്യുന്നു.

""""അതിമാനുഷവും അസാധാരണവും ചിട്ടപ്രധാനവുമായ കഥകളിയെ രംഗത്ത് വിജയിക്കൂ എന്ന അടിയുറച്ച വിശ്വാസം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായി"""""

ഹംസം മനുഷ്യരോട് സംസാരിച്ച് , പ്രണയവാഹകനായി , ദേവന്മാർ ഒട്ടുമിക്കവരും പങ്കെടുക്കുന്ന സ്വയംവരത്തോട്‌ കൂടിയുള്ള, ദിവ്യനായ പാമ്പ് മനുഷ്യനോട് സംസാരിച്ച്, അവന്റെ ക്ലേശങ്ങൾ ഒടുങ്ങാൻ ഉപായവും അനുഗ്രഹവും കൊടുക്കുന്ന, വായുവിനേക്കാൾ വേഗത്തിൽ രഥമോടിക്കുകയും, തീയും വെള്ളവുമില്ലാതെ ശ്രേഷ്ഠഭോജ്യങ്ങൾ ഉണ്ടാക്കുന്ന നായകനുള്ളതുമായ, ചാരിത്ര്യഭംഗം വരുമെന്നയാൽ ഉദ്യമിക്കുന്നവനെ ഭസ്മീകരിക്കാൻ ചിന്ത മാത്രം മതിയാകുന്ന നായിക, കലി ബാധിച്ച ആൾ, കലി സംവത്സരങ്ങൾ മരത്തിനു മുകളിൽ ഒരു പാവത്താനെ ബാധിക്കാൻ മാത്രമായി കയറി ഇരിക്കുക, അവസാനം വെള്ളം നനയാത്ത ഉപ്പൂറ്റിയിലൂടെ ശരീരത്തിൽ പ്രവേശിക്കുക, സർപ്പദംശനം കൊണ്ട് കലി മാറുക, സർപ്പദംശനമേറ്റ് രൂപം തന്നെ അടുത്ത ബന്ധുക്കൾക്ക് കൂടി തിരിച്ചറിയാൻ പറ്റാത്തവിധം മാറുക , ദിവ്യ വസ്ത്രം ധരിച്ച് സ്വരൂപം തിരികെ ലഭിക്കുക, അവസാനം അശരീരി കേള്ക്കുന്നത് കൊണ്ട് ഭാര്യയെ വീണ്ടും സ്വീകരിക്കുക !!!!!!!

അതിമാനുഷവും അസാധാരണവും അല്ല നളചരിതം !!!!!! :) മോഹൻദാസ് ഈ അടുത്ത് അവതരിപ്പിച്ച ചെമ്മീൻ കഥകളിയെപ്പറ്റി ഇതു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ.

Mohandas's picture

ചോദ്യം ശെരി തന്നെ. സൂചിപ്പിച്ച വിഷയങ്ങൾ വച്ച് നോക്കിയാൽ 'അതിമാനുഷവും അസാധാരണവും' എന്ന പ്രയോഗം ഭാഷാപരമായി തെറ്റാണ്. പക്ഷെ ഈ വാക്കുകൾ കൊണ്ട് ഞാൻ ഉദ്ദേശിച്ച അർത്ഥതലം ഇതല്ല. കഥകളിയിലെ പല പുരാണകഥാപാത്രങ്ങൾക്കും അവരുടെ ചെയ്തികൽക്കും ഒരു അതിമാനുഷ സ്വഭാവമുണ്ട്. രാവണൻ, ദുര്യോധനൻ,ഭീമൻ, കീചകൻ ------. ഇവരെല്ലാം larger than life size ഇമേജുകൾ ആണ് പുരാണത്തിലും കഥകളിയിലും. ഇവരുടെയൊക്കെ പ്രവൃത്തികൾ അതുകൊണ്ട് തന്നെ 'അസാധാരണവും' ആണ്. എന്നാൽ ദമയന്തിയും നളനും മുഖ്യ കഥാപാത്രങ്ങളായി വരുന്ന നളച്ചരിതത്തിനു പ്രമേയപരമായ ഈ അതിഭാവുകത്വം ഇല്ല. സാധാരണ മനുഷ്യജീവിതത്തോടു ബന്ധിച്ചു നില്ക്കുന്ന പ്രമേയവും മനോവ്യാപാരങ്ങലുമാണ് നളച്ചരിതത്തിന്റെ കാതൽ. പക്ഷെ കഥയുടെ നാടകീയമായ അവതരണത്തിനു മേൽ ഉദ്ധരിച്ച വിധത്തിലുള്ള ചില അസാധാരണ ചിന്തകള് കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതൊരു സത്യം തന്നെയാണ്. പക്ഷെ അങ്ങിനെ ചെയ്യ്മ്പോൾ പോലും നളച്ചരിതത്തിന്റെ പൊതുസ്വഭാവത്തിന് ഒരു 'അതിമാനുഷത്വമോ അതിൽ നിന്നും ഉളവാകുന്ന അസാധാരണത്വമോ' അനുഭവപ്പെടുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. നളനും ദമയന്തിയും നമുക്കിടയിലാണ് ജീവിക്കുന്നത്, അപ്രാപ്യമായ മറ്റൊരു ലോകത്തിലല്ല.

വളരെ നന്നായിരിക്കുന്നു .നള ചരിതത്തിന്റെ ആത്മാവിനെ തിരിച്ചറിയാനുള്ള ഒരു നല്ല ശ്രമം.

അതുകൊണ്ട് തന്നെയാണ് കഥകളിയുടെ സമഗ്രമായ ഭംഗി രംഗത്ത് കാണാത്ത കഥയാണ് നളചരിതം എന്ന് പറയേണ്ടി വരുന്നത് . ഉത്ഭവം രാവണന്റെതുപോലൊന്നോ , ബാലിവിജയം രാവണന്റെ ത്രസിപ്പിക്കുന്ന ആട്ടങ്ങളേ പ്പോലെയോ , നരകാസുരന്റെ പടപ്പുറപ്പാടിലുള്ളതുപോലെയോ , സ്വർഗ്ഗം കീഴടക്കലിലുള്ളതുപോലെയോ , ജരാസന്ധന്റെയോ, കീചകന്റെയോ, ചിട്ട ചെയ്ത മറ്റു പല കഥകളുടെയും നൃത്ത സൌന്ദര്യമോ, അത്ര തന്നെ നളചരിതത്തിൽ ദർശിക്കാതെ പോകുന്നത് ഇതിവൃത്തത്തിലുള്ള ഈ പരിമിതികൾ കൊണ്ടു തന്നെയാണ് .

കഥകളിയിലെ ബ്രഹത്തായ ഒരു ദിപാർറ്റ്മെന്റ് തന്നെയായ നല്ല ഒരു കത്തി വേഷം നാലു ദിവസങ്ങളിലും ഇല്ലല്ലോ. അല്ലാതെ സംഗുചിതമായ പ്രാദേശിക വാദമല്ല നളചരിതത്തിന്റെ drawbacks പറയുന്നവരെ നയിക്കുന്നത് .

Mohandas's picture

Beauty is in the eye of the beholder എന്നാണല്ലോ പ്രമാണം. കഥകളി എന്നാൽ ഇപ്പറഞ്ഞ അതിമാനുഷ സൌന്ദര്യങ്ങൾ മാത്രമാണെന്ന് ധരിച്ചാൽ നളചരിതം കഥകളിയേ ആകില്ല. അതല്ല ജീവിതവ്യാപാരങ്ങളും കഥകളിക്കു വിഷയമാകാം എന്നു കണ്ടാൽ നളചരിതം ഒന്നാംതരം ഒരു കഥകളിയാകും. എങ്ങിനെ കഥകളിയെ ഒരാൾ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഒരു കത്തിയെ ജീവനെടുക്കാനും ജീവൻ രക്ഷിക്കാനും ഉപയോഗിക്കാം എന്നു പറയുന്നത് പോലെ.

നളചരിതം അട്ടക്കഥയ്ക്കു മുമ്പിൽ സമർപ്പിച്ച സ്നേഹാർച്ചന നന്നായി. നളചരിതത്തിനെതിരെയുള്ള പ്രധാന വിമർശനങ്ങൾ എന്തൊക്കെയാണ് ? അവയ്ക്കെതിരെ വസ്തുനിഷ്ഠമായ മറുപടി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? അതിനു വേണ്ടി ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. എല്ലാ വിമർശനങ്ങളും ദുരുദ്ദേശപരം എന്നു വിചാരിക്കുന്നത് ശരിയല്ലല്ലൊ.

കവിയും സാഹിത്യകാരനുമായ വെണ്മണി മഹൻ ഈ സാഹിത്യതല്ലജത്തിന് അരങ്ങിൽ ആടുന്ന കഥ എന്ന നിലയ്ക്ക് കുചേലവൃത്തത്തിന്റെ സ്ഥാനം പോലും കൊടുത്തിട്ടില്ല എന്ന കഥ പ്രസിദ്ധമാണല്ലൊ.  അതു പോലെ തന്നെ മുഖാഭിനയത്തിന് പരമപ്രാധാന്യം കൽപ്പിച്ചിരുന്ന കെ.പി.എസ്.മേനോൻ നളചരിതത്തെക്കുറിച്ച് കഥകളിരംഗത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് നോക്കുന്നത് രസകരമായിരിക്കും എന്നു തോന്നുന്നു :

"സജീവങ്ങളും വികാരോദ്ദീപകങ്ങളുമായ പദപ്രയോഗങ്ങൾ കൊണ്ട് മിതത്വത്തിലും ഹ്രസ്വതയിലും അദ്ദേഹം നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പുനരുക്തികളും അസ്ഥാനസ്ഥപ്രയോഗങ്ങളും പലേടത്തും കാണാം. ചില പദങ്ങൾക്കു രാഗതാളങ്ങൾ കല്പ്പിച്ചതിൽ കവിക്കു കഥകളിയുടേയോ അഥവാ കഥകളിസംഗീതത്തിന്റെയോ പരിജ്ഞാനം കുറവാണെന്നു തോന്നിപ്പോകും. ചില രംഗങ്ങൾ പദങ്ങളുടെ ദ്രുതഗതിയും പ്രയോഗവൈഷമ്യവും കൊണ്ടു നടന്മാർ ആടി ഒപ്പിക്കുവാൻ കുഴങ്ങും. ആകപ്പാടെ നാലുദിവസത്തെ കഥയിലും കൂടി എട്ടോപത്തോ പദങ്ങൾ മാത്രമേ കഥകളിയുടെ ചൊല്ലിയാട്ടരീതി, നൃത്തവിശേഷരീതി, ഇവയ്ക്കു നല്ലവണ്ണം ഇണങ്ങുന്ന മേളത്തിൽ കാണുവാൻ കഴികയുള്ളൂ. ഇങ്ങിനെയൊക്കെ ആണെങ്കിലും നളചരിതത്തിലെ പദങ്ങളുടെ അർത്ഥഗാംഭീര്യത്തിന്നോ സുശ്രാവ്യതയ്ക്കോ കുറവൊന്നുമില്ല. ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്, നളചരിതം കോട്ടയം കഥകൾക്കു തുല്യമാണെന്ന്. മേലെക്കിടയിലാണെന്നു പറയുന്നവരും ഉണ്ട്. അവർ കളിബ്ഭ്രാന്തന്മാരായിരിക്കുകയില്ല."

ഈ എട്ടും പത്തും പദങ്ങൾ മാത്രം അരങ്ങിൽ ആടാൻ കൊള്ളുന്നവ എന്ന വിമർശനം പണ്ടു തന്നെ ഉള്ളതാണ്. ഇത് മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പലരും തുടർന്നു വരുന്നു (തിരനോട്ടത്തിന്റെ ശില്പ്പശാല ഏറ്റവും പുതിയ ഉദാഹരണം) , അവ എത്ര കണ്ടു വിജയിക്കും എന്ന് പറയുക വയ്യ താനും.

നളചരിതം സാധാരണക്കാരനുള്ളതാണ്, ദന്തഗോപുരവാസികൾക്കുള്ളതല്ല എന്ന വാദം പൂർണ്ണമായും ശരിയല്ല - നളചരിതത്തിലെ സാഹിത്യം ദുർഗ്രഹമാണ്, പാണ്ഡിത്യം ഇല്ലാത്തയൊരുത്തന് മനസ്സിലാക്കുക നന്നേ വിഷമവും. ഗാനാത്മകത, നാടകീയത പോലെയുള്ളവ ആയിരിക്കണം പെട്ടെന്ന് നമ്മെ ആകർഷിക്കുന്ന ചില ഘടകങ്ങൾ.

Mohandas's picture

നിഖിൽ: ഈ പ്രസംഗം ഡോ. നരേന്ദ്രപ്രസാദ് എന്ന കലാപ്രതിഭയ്ക്ക്‌ സമർപ്പിച്ച സ്നേഹാർച്ചനയാണ്, നളചരിതത്തിനല്ല എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. അതുപോലെ കഥകളി ഒരു ദന്തഗോപുരവാസിയായ കലയല്ല എന്നാണു ഞാൻ പറഞ്ഞത്, നളചരിതം എന്നല്ല.
 
നളചരിതത്തിനെ വിമർശിക്കാനുള്ള കാരണങ്ങളിൽ പലതും എന്റെ ലേഖനങ്ങളിൽ പലവട്ടം പരാമർശന വിധേയമായിട്ടുള്ളതാണ്. സാമൂഹിക പശ്ചാത്തലത്തിലും സംവേദനശീലങ്ങളിലും കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അന്തരം, അഭിനേതാവിന്റെ അലപ്പ വിഭവത്വം, ചൊല്ലിയാട്ടത്തിനുള്ള വഴക്കമില്ലാഴ്മ, രസാഭിനയമില്ലാതെ ചിട്ട എന്ന ബാഹ്യപ്രകൃതിയിൽ ഒതുങ്ങി നിൽക്കുന്ന ആംഗികാഭിനയമാണ് കഥകളി എന്ന അബദ്ധധാരണ ഇവയെല്ലാം നളചരിതത്തിനെതിരായി നിൽക്കുന്ന ഘടകങ്ങളാണ് എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. കഴിഞ്ഞ അമ്പതു വർഷങ്ങളായെങ്കിലും കഥകളിയുടെ മുഖമായി ജനം കാണുന്ന കലാമണ്ഡലം എന്ന പൊതുസ്ഥാപനത്തിലെ സങ്കുചിതമനസ്സുകൾക്ക്‌ ഇങ്ങിനെയുള്ള ധാരണകൾ ഒരു വലിയ തോതിൽ സമൂഹത്തിൽ വളർത്താനും കഴിഞ്ഞിട്ടുണ്ട്. വിമർശകർ പറയുന്നതാണ് ശരിയെങ്കിൽ, കാലകേയവധം ഒക്കെ പോലെ നളചരിതവും ഇതിനുള്ളിൽ കാലഗതിപ്രാപിക്കേണ്ടിയിരുന്നില്ലേ? പക്ഷെ ഇതെല്ലാം അതിജീവിച്ചുകൊണ്ട് ഇക്കഥ ഇന്നും കഥകളിയുടെ മൗലീരത്നമായി പരിലസിക്കുന്നു എന്നതല്ലേ ചിന്തനീയം?
 
വെണ്മണി മഹനും കെ.പി.എസ് മേനോനും അതുപോലെ മറ്റു പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ള പല പരിമിതികളും കുട്ടികൃഷ്ണമാരാർ അഭിപ്രായപ്പെട്ടതുപോലെ പല ഉത്കൃഷ്ട കഥകളിത്തമഹിമകളും നളചരിതത്തിനുണ്ടാകും. നളചരിതം വിമർശനാതീതമായ ഒരു ആട്ടക്കഥയാണെന്നുള്ള അഭിപ്രായം ഒന്നും എനിക്കില്ല. പക്ഷെ കോട്ടയം കഥകൾ അതിന്റെ മാറ്റ് ഉരക്കാനുള്ള ഉരകല്ലാകരുത്‌ എന്നൊരഭിപ്രായം മാത്രം ഉണ്ട്. ആത്യന്തികമായി ഒരു കലയെ വിലയിരുത്തേണ്ടത് പ്രേക്ഷകനാണ്; ചുരുക്കം ചില ബുദ്ധിജീവികളല്ല എന്ന വിശ്വാസക്കാരനാണ് ഞാൻ. അങ്ങിനെ നോക്കിയാൽ നളചരിത വിമർശനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിലും നല്ലതു്, പ്രേക്ഷകഹൃദയങ്ങളെ കീഴടക്കുന്ന അതിന്റെ മാസ്മരികതയെക്കുറിച്ചു ചിന്തിക്കുന്നതായിരിക്കില്ലേ?

കാലകേയവധം കാലഗതി പ്രാപിചോ ? അറിഞ്ഞിരുന്നില്ല, സംഗടായി.. ഇതിൽ വ്രണിത ഹൃദയനായി ശ്രീ മോഹന്ദാസ് തൂലിക ചലിപ്പിക്കാതതിൽ അത്ഭുതവും.

കലാമണ്ഡലം കല്ലുവഴിക്കളരിയിൽ നിന്ന് കഴിഞ്ഞ എണ്പതു വർഷത്തിനിടയിൽ പുറത്തുവന്ന എത്ര പ്രഖ്യാതരായ കലാകാരന്മാര്ക്ക് രസാഭിനയത്തിൽ കുറവുണ്ടെന്ന് അറിയാൻ താത്പര്യം ഉണ്ട്. രാമൻകുട്ടി ആശാന്റെ മുഖം അത്ര തന്നെ രസം സ്ഫുരിക്കുന്നതല്ലെന്ന് അദേഹം തെപ്പില്ലാതെ നവരസം കാണിക്കുന്നത് കണ്ടാൽ മനസ്സിലാവും. കൃഷ്ണണൻ നായരാശാൻ മുതൽ കലാമണ്ഡലം പ്രദീപ്‌ വരെയുള്ളവരെ എടുക്കാം.

പ്രസിദ്ധ അമേരിക്കാൻ നിരൂപക " he is the greatest eye wizard eye have ever seen " എന്ന് അത്ഭുതാദരങ്ങളോടെ ഉദ്ഘോഷിച്ച സാക്ഷാൽ മാണി മാധവ ചാക്യാരെ തന്നെ രസാഭിനയത്തിന് അവിടെ വച്ചിരുന്നല്ലോ ?

കലാമണ്ഡലം കഴിഞ്ഞ കാലത്തിലെങ്കിലും കഥകളിക്ക് വേണ്ടി എന്ത് ചെയ്തു എന്ന്, ഇനി അഥവാ കാലകേയവധം കാലഗതി പ്രാപിച്ചാൽ ദുഃഖം തോന്നുന്ന വിധം കഥകളി ആസ്വദിക്കാൻ കെൽപ്പുല്ലവർക്ക് അറിയാം.

C.Ambujakshan Nair's picture

"രസാഭിനയമില്ലാതെ ചിട്ട എന്ന ബാഹ്യപ്രകൃതിയിൽ ഒതുങ്ങി നിൽക്കുന്ന ആംഗികാഭിനയമാണ് കഥകളി എന്ന അബദ്ധധാരണ" എന്ന സമവാക്യ പ്രയോഗം കേളി എന്ന കഥകളി പതിപ്പിൽ ശ്രീ. കെ. ബി. രാജ് ആനന്ദിന്റെ ലേഖനത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
"കഥകളി ജനങ്ങളിലേക്ക് " എന്ന ആശയവുമായി കേരളകലാമണ്ഡലം രൂപം ചെയ്ത നൂറരങ്ങു പരിപാടിയിലും അതിന്റെ സമാപനത്തിലും നളചരിതം കഥയുടെ സ്വാധീനം പ്രത്യേകം സ്മരണീയമാണ്. നളചരിതമേള, നളായനം, നളചരിതോൽസവം എന്നിങ്ങനെയുള്ള ധാരാളം ആഘോഷങ്ങൾ കേരളത്തിൽ നടന്നിട്ടുള്ള അനുഭവങ്ങളും കഥകളി ആസ്വാദകരുടെ മനം കവർന്ന കഥയാണ് നളചരിതം എന്ന് തെളിയിക്കുന്നതാണ്.

""""കഥകളി എന്നാൽ ഇപ്പറഞ്ഞ അതിമാനുഷ സൌന്ദര്യങ്ങൾ മാത്രമാണെന്ന് ധരിച്ചാൽ നളചരിതം കഥകളിയേ ആകില്ല. അതല്ല ജീവിതവ്യാപാരങ്ങളും കഥകളിക്കു വിഷയമാകാം എന്നു കണ്ടാൽ നളചരിതം ഒന്നാംതരം ഒരു കഥകളിയാകും. """"
""""""എന്നാൽ ദമയന്തിയും നളനും മുഖ്യ കഥാപാത്രങ്ങളായി വരുന്ന നളച്ചരിതത്തിനു പ്രമേയപരമായ ഈ അതിഭാവുകത്വം ഇല്ല. സാധാരണ മനുഷ്യജീവിതത്തോടു ബന്ധിച്ചു നില്ക്കുന്ന പ്രമേയവും മനോവ്യാപാരങ്ങലുമാണ് നളച്ചരിതത്തിന്റെ കാതൽ.""""""

ശ്രീ മോഹന്ദാസിന്റെ പരാമർശങ്ങളാണ് മുകളിൽ ഉള്ളത്. ഈ പറഞ്ഞത് പൊതുവെ സത്യമാണെങ്കിലും കഥകളി ആസ്വാദാനപരമായി എത്രമാത്രം അതിൽ കാര്യമുണ്ടെന്നു സംശയമുണ്ട്‌. കൊടുംകാട്ടിൽ എകയായി, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട്, ഉരഗം കാല് വിഴുങ്ങി, കാമാതുരനായ കാട്ടാളന്റെ മുൻപിൽ പെടുന്ന ദമയന്തിയോട് empathy ആണോ ആസ്വാദകന് ഉണ്ടാകുന്ന വികാരം ?? അതെ എന്ന് തോന്നുന്നില്ല. അയാൾ ' അംഗനെ ഞാനങ്ങു
പോവതെങ്ങനെ " എന്ന അതി സുന്ദര പദത്തിന്റെയും, കാട്ടാളന്റെ ഭംഗിയുള്ള ആട്ടത്തിന്റെയും ലഹരിയിലായിരിക്കും. അല്ലെ ? മഹാറാണിയായ കുലകന്യയുടെ incongrous sad plight ഒരു
പശ്ചാത്തലം മാത്റം.
നളചരിതം കാട്ടാളനെക്കാൾ നിഷ്ഠൂരരായ കീചകന്റെയും, രാവണന്റെയും മുൻപിൽ പെടുന്ന സൈരന്ധ്രിക്കോ, രംഭക്കോ പോലും ഈ empathy ലഭിക്കുന്നില്ലല്ലോ ? അസ്വാടകാൻ മുഴുകുന്നത് കീചകന്റെയും രാവണന്റെയും ശാരീരച്ചലങ്ങളിലും കത്തിവേഷത്തിന്റെ പ്രത്യേക
മനോഹരിതയിലും , മുഖാഭിനയത്തിലും, ഒരു തരം comic situation ഉരുത്തിരിഞ്ഞ്‌ വരുന്നതിലുമായിരിക്കും. കഥകളിയിലെ ഒട്ടുമിക്ക രംഗങ്ങളിലും ഇത് തന്നെ സത്യം.
ഒരു daily soap കാണുമ്പോൾ വരുന്ന മനോവ്യാപാരങ്ങളോ , വ്യക്തിബന്ധങ്ങളിലെ tension ഓ ഒന്നും കഥകളി കാണുമ്പോൾ ഉണ്ടാവില്ലെന്ന് ചുരുക്കം.

രസാഭിനയതിനെപ്പറ്റി പറഞ്ഞപ്പോൾ restraint അഭിനയതിനെപ്പറ്റി ഉണ്ടായ ഒരു പഴയ സംഭവം ഓര്മ്മ വന്നു. പൂര്ണിമ ജയറാമിന് ശേഷം മലയാളികൾ ഏറെക്കുറെ അത്ര തന്നെ നെഞ്ച്റ്റിയ നടിയായിരുന്നല്ലോ സുഹാസിനി ? അനവധി സിനിമകളിൽ മലയാളിതനിമയുള്ള,restraint, educated middleclass വനിതയായി അവർ അഭിനയിച്ചു. പക്ഷെ വിവാഹ ശേഷം, അഭിനയം നിരത്തി അവർ പോയതിനു ശേഷം നല്കിയ ഒരു അഭിമുഖത്തിൽ മലയാളത്തിലഭിനയിക്കാൻ തനിക്ക് വലിയ താത്പര്യം ഇല്ല എന്ന് അവർ പറഞ്ഞു. കാരണം മലയാള സിനിമയിൽ ഒരു മിതത്വം ആവശ്യപ്പെടും. അവര്ക്കിഷ്ട്ടമുള്ളപോലെ ഒരു അനിയന്ത്രിത അഭിനയം സാധ്യമാകുകയില്ല എന്ന്. പദ്മരാജന്റെ 'കൂടെവിടെ ' യിലെ ആലിസിന്റെ brilliant portrayal പോലും ആ കഥാപാത്രമായി അഭിനയിച്ച സുഹാസിനിക്ക് മനസ്സിലാവാതെ പോയി എന്നര്ഥം !

Mohandas's picture

ആസ്വാദനം വ്യക്തിനിഷ്ടമാണ്. ചില പൊതുസ്വഭാവങ്ങലെക്കുരിച്ചു  പറയാം എന്നല്ലാതെ  ഇങ്ങിനെയുള്ള  ചർച്ചകൾ  എവിടെയും  ചെന്നെത്തില്ല എന്നതാണ് സത്യം. ഒരേ വസ്തു തന്നെ പലർക്കും പലതായി തോന്നാം. അത് ലോകസ്വഭാവം ആണ്.  

എന്തടിസ്ഥാനത്തിലാണു നളചരിതത്തിന്റെ പ്രേക്ഷകഹൃദയങ്ങളെ കീഴറ്റക്കുന്ന മാസമരികത കണക്കാക്കുന്നത്. അവതരിപ്പിക്കപ്പെടുന്ന വേദികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലോ? ആണെങ്കിൽ നളചരിതത്തേക്കാൾ കൂടുതൽ അവതരിപ്പിക്കപ്പെടുന്ന ദുര്യോധനവധം, കിരാതം, കുചേലവൃത്തം, സന്താനഗോപാലം മുതലായ കഥകൾ നളചരിതത്തേക്കാളും ഉല്കൃഷ്ടമാണോ? മനോഹരമായ സാഹിത്യം എന്ന്തില്ക്കവിഞ്ഞു നൂതനമായ എന്തു അഭിനയ സങ്കേതം ആണു നളചരിതം കഥകളിക്കു നല്കിയതു? ചിട്ട എന്നതു കേവലം ഒരു ബാഹ്യപ്രകൃതി മാത്രമാണൊ? രസാഭിനയം ചിട്ടക്കും ബാഹ്യമായ മറ്റെന്തോ ആണോ? ഈ രസാഭിനയം എന്നാൽ കേവലം മുഖം മാത്രം ഉപയോഗിച്ചുള്ള അഭിനയം മാത്രമാണോ?

Mohandas's picture

ഈ ചോദ്യങ്ങളൊക്കെ പല പ്രാവശ്യം ചർച്ച ചെയ്തിട്ടുള്ളതാണ്‌. എന്നാലും പറയാം എന്നു വെച്ചാലും ഈ ചോദ്യകർത്താവ് ആരെന്നെങ്കിലും അറിയേണ്ടേ? 'അനോണി'കളോട്  ഗൌരവപരമായ വിഷയം സംസാരിക്കുന്നതെങ്ങിനെ? വെബ്‌സൈറ്റിൽ പേരു രെജിസ്റ്റെർ ചെയ്തു ആരോഗ്യപരമായ ചർച്ചകളിൽ ഏർപ്പെടുന്നതല്ലേ നല്ലത്? ഇവിടെ എഴുതുന്ന 'not verified' കാരും ഇതൊന്നു ശ്രദ്ധിക്കണം എന്നൊരു അഭ്യര്ത്ഥന ഉണ്ട്. 

തെക്കൻ കേരളത്തിലെ കഥകളി ആസ്വാദകർക്ക് അരങ്ങത്ത് നടൻ എന്തു കാണിച്ചു എന്നാണു മുഖ്യമായും ശ്ര്ദ്ധിക്കുന്നതു. വടക്കോട്ട് അതു എങ്ങിനെ കാണിച്ചു എന്നും. തെക്കോട്ട് കഥകളിയുടെ മുദ്രകളും ആട്ടങ്ങളും പദങ്ങളും മനസ്സിലാക്കുക എന്നതിൽ കവിഞ്ഞു ഒരു അസ്വാദനം പ്രായേണ കുറവാണു. എന്നാൾ വടക്കർ നടന്റെ ശരീരഭാഷ, നൃത്തങ്ങൾ, കലാശങ്ങൾ, താളം, മേളവും ആട്ടവും തമ്മിലുള്ള പാരസ്പര്യം എന്നിവൽ കൂടുതൽ ശ്രദ്ധാലുക്കളാണു. അതുകൊണ്ടുതന്നെ തെക്കൻ ദിക്കിൽ കൂടുതൽ പ്രചാരം ഉള്ളകഥകൾക്കു നാടകീയതയുടെ അംശം കൂടുതലായിരിക്കും എന്നു തോന്നുന്നു. ഇതിൽ ഒന്നു ശരി മറ്റേതു തെറ്റു എന്നൊന്നും വ്യവക്ഷ ഇല്ല. കഥകളിക്കു എല്ലാം വേണം. നളചരിതം ഇഷ്ടമുള്ളവർ അതു കാണട്ടെ. കാലകേയവധം വേണ്ടവർ അതും.

C.Ambujakshan Nair's picture

സുമാ ഒരു ർഷക്കാലമായി ഫേസ് ബുക്കിലും kathakali.info -യിലും ർച്ച ചെയ്യപ്പെടുന്നചിട്ടയ്ക്ക് പിന്നാലേ കടിച്ചു തൂങ്ങുന്നവർ” വായിച്ചറിയേണ്ട ചില വിഷയങ്ങ കഥകളി പണ്ഡിതനായ കെ. ബി. രാജ് ആനന്ദ് അവർകൾ എഴുതി കേരള സംഗീത അക്കാദമിയുടെ മുഖമാസികയായ 'കേളി'യി (2012 December -2013  Januaray) പ്രസിദ്ധീകരിച്ച 'കഥകളിയുടെ അരനൂറ്റാണ്ട് ' എന്ന ലേഖനത്തിന്റെ ചില പ്രസക്ത ഭാഗങ്ങ നിങ്ങളുടെ അറിവിലേക്കും ർച്ചയ്ക്കും വേണ്ടി സമർപ്പിക്കുന്നു.
 
കഥകളിയുടെ ശൈലീസുഷമകൾ  അന്ന്യം നിന്നു പോകുകയും കഥകളീയമല്ലാത്ത നാടകീയതകളുടെ പ്രകാശനവേദി മാത്രമായി കളിയരങ്ങ് ചുരുങ്ങിപ്പോവുകയും ചെയ്ത സമയസന്ധിയിലാണ് പുനരുത്ഥാന സ്വഭാവമുള്ള കഥകളിയുടെ സങ്കേതങ്ങളിലേക്കും ചിട്ടകളിലേക്കുമുള്ള പ്രത്യയനം ഒരു ഗുണകരമായ പ്രവര്ത്തനമായി വിലയിരുത്തപ്പെട്ടത്. കാലകേയവധം അർജുനനൻ, കിര്മ്മീരവധം ധർമ്മപുത്രർ, ബകവധം ഭീമൻ, ഉത്ഭവം രാവണൻ, നരകാസുരൻ, സുഭദ്രാഹരണം അർജ്ജുനൻ എന്നിങ്ങനെ സങ്കേത പ്രധാനമായ നായക വേഷങ്ങൾക്ക് വേണ്ടത്ര അരങ്ങുകൾ ലഭിക്കുന്ന സ്ഥിതി വിശേഷം രണ്ടായിരമാണ്ടോടെ കേരളത്തിൽ സംജാതമായി. തീർച്ചയായും അരങ്ങിലും ആസ്വാദനത്തിലും കഥകളിയുടെ വ്യാകരണത്തിനു പ്രാധാന്യമുള്ള അരങ്ങുകളുടെ സമൃദ്ധി ഏറെ പ്രയോജനമായിട്ടുണ്ട്. എന്നാൽ പുനരുദ്ധാനവാദത്തിന്റെ പ്രതിലോമസ്വഭാവത്തിലേക്ക് ക്രമേണ വീണുപോകുന്നതിന് ഈ ഭാവുകത്വ വ്യതിയാനം കാരണമായോ എന്ന് പരിശോധിക്കേണ്ടതാണ്. കഥകളിയെന്നാൽ അനുഷ്ഠാനപരമാം വണ്ണം അനുവർത്തിക്കുന്ന 'ചിട്ട ' ആണെന്ന മൌലീകവാദത്തിലേക്ക് ക്രമേണ കഥകളിയുടെ ചില പ്രയോക്താക്കളും സംഘാടകരും എത്തിച്ചേർന്നതായി കാണാം.
 
കേവലമായ 'ചിട്ട'യിലുള്ള കേമത്തം കാണലും ശാട്യവും മൗലികമാത്രാസ്വഭാവമുള്ള വാദമാണ്. കാലകേയവധവും , കിർമ്മീരവധവും, ഉത്ഭവവും, നരകാസുരനും കളിച്ചു കാണുമ്പോൾ മാത്രം കഥകളിത്തവും രുഗ്മാംഗദചരിതവും, നളചരിതവും, സന്താനഗോപാലവുംവരെയുള്ള അരങ്ങുകളിൽ ലാഘവത്വവും തോന്നുന്ന തരത്തിൽ 'ചിട്ട' ഒരു  കേവലസത്വമായി പ്രതിഷ്ടിക്കപ്പെടുന്നത് തൊണ്ണൂറുകൾ മുതൽ നടന്നുവന്ന നവജാഗരണ പ്രവർത്തനത്തിന്റെ ഇന്നത്തെ ഒരു വിപരീതഗതിയാണ്. യുവനടന്മാർക്ക് നളനോ, രുഗ്മാംഗദനോ, ബാഹുകനോ കെട്ടിത്തെളിയുന്നതിൽ താൽപ്പര്യക്കുറവും നരകാസുരനും രാവണനും കെട്ടുന്നതിൽ വരുന്ന അമിതതാൽപ്പര്യവും ഈ വൈപരീത്യവുമായി ചേർത്തു വായിച്ചെടുക്കേണ്ടതാണ്.
 
വാഴേങ്കട കുഞ്ചുനായരെപ്പോലുള്ള മഹാനടന്മാർ കൂലങ്കഷമായ കഥാപാത്രചിന്തകൾ കൊണ്ടും ഔചിത്യവിചാരം കൊണ്ടും സംസ്കരിച്ചെടുത്ത അഭിനയ സംസ്കാരം ക്രമേണ ദുർബ്ബലപ്പെടുകയും അനുഷ്ഠാനപരമെന്നോണമുള്ള ശരീരക്രിയ മാത്രമായി കഥകളി ചുരുങ്ങിപ്പോവുകയും ചെയ്യുന്നത് അനാരോഗ്യമായ പ്രവണത തന്നെയാണ്.
 
നളനും ബാഹുകനും രുഗ്മാംഗദനും നന്നാക്കാനാവശ്യമായ കോപ്പുകൾ കയ്യിലില്ലെങ്കിൽ ചിട്ടക്കഥകളുടെ വാഴ്ത്തുമൊഴികളിലേക്ക് മടങ്ങി വിശ്രമിക്കുക എന്ന തന്ത്രം യുവനടന്മാർ ചെയ്യുമ്പോൾ നഷ്ടമാവുന്നത് കഴിഞ്ഞ നൂറ്റാണ്ട് വികസിപ്പിച്ചെടുത്ത കഥകളിയുടെ നാട്യസംസ്കാരം കൂടിയാണ്. ഈ പ്രവണതയ്ക്ക് സഹായകമാം വിധത്തിൽ കേവലമായ'ചിട്ട' യെ വാഴ്ത്തുകയും നളചരിതമടക്കമുള്ള പ്രമേയാഖ്യാനങ്ങളെ കഥകളിയരങ്ങിനു   പറ്റാത്തതെന്ന് പരിഹസിക്കുകയും ചെയ്യുന്ന കഥകളി ബൗദ്ധീകലോകം കൂടി ഈ പ്രതിലോമഗതിക്ക്‌ ഉത്തരവാദിയാണ്‌.
ചിട്ടകളിൽ അന്തർഭവിച്ച സാഹിത്യം തിരിച്ചറിയാതെ ചിട്ടകളെ, വെറും ചിട്ടകളായി മാത്രം സ്വീകരിക്കുന്ന ഒരുതരം ജഡത, ആസ്വാദകന്റെയും തന്റേയും സർഗ്ഗസിദ്ധികളുടെ കടയ്ക്കൽ വെയ്ക്കുന്ന കോടാലിയാണെന്നതു തീർച്ച.
 

കാലകേയവധം പോലുള്ള സങ്കേത പ്രധാനമായ കഥകള്ക്ക് രണ്ടാമയിരത്തോടെ വേണ്ടത്ര അരങ്ങുകൾ ഉണ്ടായി എന്നാണല്ലോ രാജാനന്ദു പറയുന്നത് . അപ്പോൾ കാലകേയ വധം കാലഗതി പ്രാപിച്ചുവെന്ന ഒരു പരാമര്ശം ശ്രീ. മോഹൻദാസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്തുകൊണ്ട് ? അത് അദേഹത്തിന്റെ നിരീക്ഷണമാണോ ? അതോ തെക്ക് വടക്ക് ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന നളച്ചരിതത്തെ മുൻനിർത്തി, ഒരു നളചരിത മൗലികവാദം കൃത്രിമമായി ഉണ്ടാക്കിത്തീർക്കുന്നതോ ? ഏതൊരു കഥയുടെയും ഗുണങ്ങളും പോരായ്മകളും ചര്ച്ച ചെയ്യപ്പെടാവുന്നതല്ലേ ഉള്ളൂ ?

"""നളനും ബാഹുകനും രുഗ്മാംഗദനും നന്നാക്കാനാവശ്യമായ കോപ്പുകൾ കയ്യിലില്ലെങ്കിൽ ചിട്ടക്കഥകളുടെ വാഴ്ത്തുമൊഴികളിലേക്ക് മടങ്ങി വിശ്രമിക്കുക എന്ന തന്ത്രം യുവനടന്മാർ ചെയ്യുമ്പോൾ നഷ്ടമാവുന്നത് കഴിഞ്ഞ നൂറ്റാണ്ട് വികസിപ്പിച്ചെടുത്ത കഥകളിയുടെ നാട്യസംസ്കാരം കൂടിയാണ്."""

വളരെ പ്രസക്തമായ ഒരു കാര്യമാണ് രാജാനന്ദു മുകളിലെ വാചകത്തിൽ പറയുന്നത് . എന്തുകൊണ്ട് യുവനടന്മാര്ക്ക് നളനും ബാഹുകനും രുഗ്മാംഗദനും നന്നാക്കാനാവശ്യമായ കോപ്പുകൾ കയ്യിലില്ലാതെ പോകുന്നു ? ഇനി ചിട്ടയുള്ളത് ഇവർ അത്ര ഗംഭീരമായാണോ ചെയ്യുന്നത് ? ഉത്തരം ലളിതം. പഴയ കർക്കശമായ കളരികൾ ഇല്ലാതായി എന്നതു തന്നെ. കഥകളിയെ തന്നേക്കാൾ സ്നേഹിച്ചിരുന്ന ആശാന്മാരും ഇന്നില്ല. കളരികളിൽ ചൊല്ലിയാടിക്കുന്നത് ചിട്ടപ്രധാനമായ കഥകൾ ആണല്ലോ. അങ്ങനെയുള്ള കർക്കശമായ ( അടിയും തല്ലുമല്ല പറയുന്നത് ) കളരികളിൽ അഭ്യാസം കഴിഞ്ഞു വന്ന ഗോപി അശാനെപ്പോലെയും, വാസുപ്പിഷാരട്യാശാനെപ്പോലുള്ളവർ നളനും, രുഗ്മാംഗദനും ചെയ്യുന്ന നിലവാരത്തിൽ പുതുതലമുറക്കാർക്ക്‌ എന്തുകൊണ്ട് കഴിയുന്നില്ല ? ഭാഷാപഠനം പരിമിതമായാൽ കവിത ക്ഷയിക്കും. ചിട്ട പ്രധാനമായ കഥകൾ കാലഗതി പ്രാപിച്ചാൽ നളച്ചരിതത്തിനും അതു തന്നെ സംഭവിക്കും. ഗോപിആശാനെ replace ചെയ്യാവുന്ന നളനോ, രുഗ്മാംഗദനോ ഉണ്ടോ ഇന്ന് ? വായിച്ചുണ്ടാക്കിയ വലിയ പുരാണജ്ഞാനമോ, ബൌദ്ധികവ്യാപാരമോ ഒന്നുമല്ലല്ലോ ഗോപിആശാന്റെ ആസ്തി ? കയ്യിലുള്ളത് കറകളഞ്ഞ അഭ്യാസബലം. അല്ലെ ?

Mohandas's picture

നളചരിത വിമർശനം എന്ന വിഷയത്തിൽ നളച്ചരിതത്തെ താരതമ്യം ചെയ്യുമ്പോൾ കാലകെയവധത്തിനു അരങ്ങുകൾ വളരെ വളരെ കുറവാണ്  എന്നത്  പ്രാസഭംഗിയിൽ അങ്ങിനെ  എഴുതി എന്നെ ഉള്ളൂ. അല്ലാതെ കാലകേയവധം കഥകളിയിൽ നിന്നും മറഞ്ഞിട്ടില്ല, ഒരിക്കലും മറയാനും പാടില്ല.    

""""""നളചരിതത്തിനെ വിമർശിക്കാനുള്ള കാരണങ്ങളിൽ പലതും എന്റെ ലേഖനങ്ങളിൽ പലവട്ടം പരാമർശന വിധേയമായിട്ടുള്ളതാണ്. സാമൂഹിക പശ്ചാത്തലത്തിലും സംവേദനശീലങ്ങളിലും കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അന്തരം, അഭിനേതാവിന്റെ അലപ്പ വിഭവത്വം, ചൊല്ലിയാട്ടത്തിനുള്ള വഴക്കമില്ലാഴ്മ, രസാഭിനയമില്ലാതെ ചിട്ട എന്ന ബാഹ്യപ്രകൃതിയിൽ ഒതുങ്ങി നിൽക്കുന്ന ആംഗികാഭിനയമാണ് കഥകളി എന്ന അബദ്ധധാരണ ഇവയെല്ലാം നളചരിതത്തിനെതിരായി നിൽക്കുന്ന ഘടകങ്ങളാണ് എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞതാണ്. """"""

ശ്രീ മോഹൻദാസ്,

ഒരു സംശയം കൂടി ചോദിച്ചിട്ട് അവസാനിപ്പിച്ചുകൊള്ളട്ടെ. താങ്കളുടെതാണ് മുകളിലുളള ഉദ്ധരണി.ഏതു ചിട്ട പ്രധാനമായ കഥയിലാണ് രസാഭിനയമില്ലാത്തത് ? ഉത്ഭവം രാവണനിലില്ലേ ? ഉദ്ധതമായ വീരഭാവത്തോടൊപ്പം, കൈകസിയുടെ ദുഃഖം, ഇർഷ്യ, പുത്ര വാത്സല്യം എന്നിവ എല്ലാം രസാഭിനയത്തിന്റെ കൂടെ ഉത്കൃഷ്ടഭാവങ്ങളല്ലേ ? കിര്മീരവധം ധർമപുത്രന്റെ പതിഞ്ഞ പദം കാട്ടിലെ ചൂടുകൊണ്ടും, അലച്ചിൽ കൊണ്ടും, വിശപ്പുകൊണ്ടും, തന്റെ കൂടെവന്നവരെ ഊട്ടാൻ പോലും കഴിയാത്ത ധർമ്മിഷ്ടനായ ചക്രവർത്തിയുടെ നിസ്സഹായതയിലെ ധർമസംഗടം കൊണ്ടും, സർവോപരി നിരാശ കൊണ്ടും, രസാവിഷ്കാരം അതിന്റെ മനോഹരമായ നൃത്തത്തിനൊപ്പം തന്നെ പ്രധാനപ്പെട്ടതല്ലേ ? കല്യാണസൌഗന്ധികം ഭീമന് ഇല്ലാത്ത രസങ്ങൾ ഇല്ലല്ലോ. രസരാജനായ ശ്രന്ഗാരം മുതൽ ഉദ്ധതനായി, കാട് തല്ലിച്ചതച്ചുപോയി, അജഗരകബളിതം ആടി അവസാനം കുരങ്ങന്റെ മുൻപിൽ അഹന്ഗാരം കാണിച്ച് , കുരങ്ങൻ വാസ്തവത്തിൽ തന്റെ സഹോദരനാണെന്ന് മനസ്സിലാക്കി പശ്ചാത്താപത്തോട് കൂടി വിനയാന്ന്വിതനായി സഹായം അഭ്യർഥിച്ചു സന്തോഷത്തോടെ തിരിച്ചു പോകുന്ന ഭീമന് രസാവിഷ്കാരത്തിന് എന്തുമാത്രം വകയുണ്ട് ? അല്ലെ ? ബാലിവിജയം രാവണനും മറിച്ചല്ലല്ലോ ? കാലകേയവധം, ബകവധം എന്നു വേണ്ട, ഏതു കഥയിലാണ് രസാഭിനയം പ്രധാനമാല്ലാത്തത് ? യഥാർത്ഥത്തിൽ അത്തരം കഥകളിലുള്ളത് പോലെ, മനുഷ്യാവസ്ഥകളുടെ വിപുലമായ സന്നിവേശം നളച്ചരിതത്തിൽ ഉണ്ടോ എന്ന് ആരെങ്കിലും ശങ്കിച്ചു പോയാൽ അത് പൂർണ്ണമായും ആസ്ഥാനത്താണോ എന്ന് അറിയില്ല.

Mohandas's picture

ശ്രീ. അനിൽ: വളരെ പ്രസക്തമായ ചോദ്യം. ഏതാണ്ട്  സമാന സ്വഭാവമുള്ള ഒരു ചോദ്യം എന്റെ ' നളചരിതത്തിന്റെ കഥകളി സാമൂഹ്യ പാഠം' എന്ന ലേഖനത്തിന്റെ ചർച്ചയിൽ ചോദിച്ചിരുന്നു. 
---- രസാഭിനയമില്ലാതെ ചിട്ട എന്ന ബാഹ്യപ്രകൃതിയിൽ ഒതുങ്ങി നിൽക്കുന്ന ആംഗികാഭിനയമാണ് കഥകളി എന്ന അബദ്ധധാരണ -- എന്നാണല്ലോ ഞാൻ പറഞ്ഞിരിക്കുന്നത്. ഇത് തിരിച്ചിട്ടാൽ --- രസാഭിനയവുമുള്ള, ബാഹ്യപ്രകൃതിയിൽ മാത്രം ഒതുങ്ങി നിൽക്കാത്ത അംഗികാഭിനയമാണ്, കഥകളി എന്ന സുബദ്ധധാരണ --- എന്നാകുമല്ലോ. അതെ, അതാണ്‌ കഥകളി. താങ്കൾ പരാമർശിച്ച കഥാഭാഗങ്ങളൊക്കെ അതിൽ ഉൾക്കൊള്ളുന്ന രസത്തോടുകൂടി അവതരിപ്പിച്ചാൽ അതു  സുന്ദരമായ കഥകളി തന്നെയാകും.  'അനുഷ്ഠാനപരമെന്നോണമുള്ള ശരീരക്രിയ'യായി ചിന്തിക്കയും ചിന്തിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ 'ചിട്ട' ക്കളികളിൽ, ഇപ്പറഞ്ഞ രസാവിഷ്ക്കാരമൊക്കെ എത്ര ഭംഗിയായി നിർവഹിക്കപ്പെടുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിക്കും.

മറ്റു പല ആട്ടക്കഥകളിൽ നിന്നും 'നളചരിതം' വ്യത്യസ്തമാകുന്നത്‌ അതിന്റെ നാടകീയത കൊണ്ടാണ്. ഇതിലെ പല പദങ്ങളും ആഖ്യാനസ്വഭാവമുള്ളതാണ്. ഈ നാടകീയമായ പ്രമേയാഖ്യാനം നടത്താൻ നടൻ പ്രധാനമായും ആശ്രയിക്കുന്നതു രസാഭിനയത്തെയാണ്-മറ്റു അഭിനയതലങ്ങളും സംഗീതവും മേളവും എല്ലാം നടന്റെ ഭാവപ്രകാശനത്തിനെ സഹായിക്കുമ്പോൾ തന്നെ. കൃത്യമായി ചിട്ടചെയ്തു ഉറപ്പിച്ചു വച്ചിരിക്കുന്ന പദങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നിയന്ത്രിതമായി ആവിഷ്ക്കരിക്കുന്ന രസാഭിനയവും മുന്നിലിരിക്കുന്ന പ്രേക്ഷകനെയും കൂട്ടി ഭാവനായാകുന്ന രഥത്തിൽ പറന്നുയരുവാൻ നടൻ ആശ്രയിക്കുന്ന നളചരിത രസാഭിനയവും രണ്ടും രണ്ടാണ്. ചിട്ടക്കഥകളിൽ ശോഭിക്കുന്ന മഹാനടന്മാർ പോലും നളനും ബാഹുകനും കെട്ടുമ്പോൾ ആടിപ്പോകുന്നത്, ഇപ്പറഞ്ഞ രസാഭിനയ പ്രകാശനത്തിനുള്ള കഴിവില്ലാഴ്മ  കൊണ്ടാണ്. അനുഗ്രഹീതരായ ചില കലാകാരന്മാർക്കു മാത്രമേ നളചരിതത്തിന്റെ രസാഭിനയ ഗിരിശ്രുംഗത്തിൽ കയറിപ്പറ്റാൻ കഴിഞ്ഞിട്ടുള്ളൂ. ചിട്ട ചെയ്ത 'പാഞ്ചാലരാജതനയെ' മിടുക്കന്മാർക്ക് പഠിച്ചെടുക്കാം, പക്ഷെ 'കുണ്ടിനനായകനന്ദിനി' യോ? ഗോപിയാശാൻ ഭംഗിയായി ചെയ്യുന്നതുപോലെ സ്റ്റൂൾ മാറി മാറി ഇരുന്നാൽ 'കുണ്ടിനനായക' മറ്റുള്ളവര്ക്ക് വരുമോ? നളനും ബാഹുകനും ആടിഫലിപ്പിക്കാൻ വേണ്ട ഈ 'രസക്കോപ്പ്' ഒന്നു വേറെയല്ലേ?  ഇക്കഴിവ് ഇല്ലാത്തവരല്ലേ 'മുന്തിരിങ്ങാ പുളിക്കുന്ന'താണെന്നു കണ്ട്‌ നളചരിതത്തിനെ പരിഹസിച്ച്‌, 'ചിട്ട'ക്കുള്ളിൽ  അഭയം തേടി കഥകളിയെന്ന കലയെ വികൃതമാക്കാൻ ശ്രമിക്കുന്നത്? കലാകാരന് ഉദാത്തമായ രസാവിഷ്ക്കാരം നടത്താൻ ഉള്ള കഴിവ് വേണമെന്ന് പറയുമ്പോൾ തന്നെ ഈ വിധത്തിലുള്ള ഭാവപ്രകാശനങ്ങളെ അറിഞ്ഞാസ്വടിക്കാൻ ഉള്ള ഒരു കഴിവ്രു നളചരിത ആസ്വാദകനും ഉണ്ടായിരിക്കണം. ഇതില്ലെങ്കിൽ നടന്റെ ഉത്കൃഷ്ട രസഭാവപ്രകാശനങ്ങൾ പോലും അനുവാചകന് അസംബന്ധമായ 'ഗോഷ്ട്ടി' യായി തോന്നും. സംഗീതം എല്ലാവര്ക്കും ആസ്വദിക്കാൻ കഴിയില്ലല്ലോ? അതുപോലെയാണ് നളച്ചരിതത്തിന്റെ കാര്യവും. നമുക്ക് ആസ്വദിക്കാൻ കഴിയാത്തത് കലയല്ലെന്ന് പറയുന്നത് ശരിയാണോ? 

 

സത്യം പറയട്ടെ. ഗോപി ആശാനെ താത്പര്യം തോന്നാത്ത ഒരേയൊരു ഭാഗമായാണ് 'കുണ്ടിനനായക നന്ദിനി...' തോന്നാറ് . അത് അദേഹത്തിന്റെ കുറ്റമാകണമെന്നില്ല. നല്ലൊരു പദമെന്നതിൽ കവിഞ്ഞു ആടാൻ അതിൽ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. അതൊന്നു കഴിഞ്ഞു കിട്ടാൻ ആഗ്രഹിച്ചു പോകാറുണ്ട് .

ഞാൻ സൂചിപ്പിച്ച കഥാ ഭാഗങ്ങൾ ഭംഗിയായ രസാവിഷ്കാരത്തോടെ എത്രയോ നടന്മാര് രംഗത്ത് അവതരിപ്പിചിരിക്കുന്നു ?

Mohandas's picture

മാനുഷരെല്ലാരും ഒന്നുപോലെ എന്ന്  ഓണപ്പാട്ടുപാടാം എന്നല്ലാതെ സത്യം അതല്ലല്ലോ? അതുപോലെയാണ് ആസ്വാദനരീതിവ്യത്യാസങ്ങളും. എന്റെ ആസ്വാദനം ആണ് ശരി, മറ്റുള്ളവരുടെ എല്ലാം തെറ്റാണെന്ന് പറയുമ്പൊഴെ പ്രശ്നമുള്ളൂ. സ്വാഭാവികമായും 'കുണ്ടിനനായക'യും പലരും പലവിധത്തിൽ കണ്ടു രസിക്കും. ഗോപിയാശാന്റെ 'സ്ടൂൾ കുണ്ടിനനായക'  ആദ്യം കണ്ടപ്പോൾ ഭംഗിയായും പിന്നെ പിന്നെ അറുബോറായിട്ടും ആണ് എനിക്കും അനുഭവപ്പെട്ടിട്ടുള്ളത്‌. കഥകളി രംഗങ്ങൾ xerox കോപ്പി മാതിരി ആടിയാൽ ബോറടിക്കും. വല്ലതുമൊക്കെ പുതിയതായി കാണിക്കുന്നതായിരുന്നു പഴയകാല നടന്മാരുടെ രീതി. ആ കാലഘട്ടത്തിൽ അത് ആവശ്യവുമായിരുന്നു. ഇന്നിപ്പം കളികണ്ട് വിലയിരുത്താനൊന്നും ആർക്കും സമയവും താത്പര്യവും ഇല്ല. എന്തെങ്കിലും താത്പര്യം ഉള്ളവരാണെങ്കിൽ അവരൊക്കെ ഫാൻസ്‌ ക്ലബും കോക്കസ്സും ഒക്കെയായിരിക്കും. xerox കോപ്പി തന്നെ ഗംഭീരം ആകുമ്പോൾ കലാകാരൻ പുതുതായൊന്നും കണ്ടുപിടിച്ചു അവതരീപ്പിക്കാൻ മിനക്കെടെണ്ട കാര്യവും ഇല്ല. 'കുണ്ടിന നായക' ഒന്ന് തീർന്നാൽ മതിയായിരുന്നു എന്ന് താങ്കളെപ്പോലെ ഞാനും ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്, പദത്തിന്റെ പോരാഴ്മ കൊണ്ടല്ല അവതരണത്തിന്റെ പോരാഴ്മ കൊണ്ട്. 

ഗോപി ആശാന് ഏറെക്കുറെ എല്ലായിടത്തും ഒരെ നളനും, രുഗ്മങ്ങദനും ആണെന്നത് ശരിയാണ്. താങ്കൾ സിദ്ധാന്തിക്കാൻ ശ്രമിക്കുന്നത് എന്താണെന്ന് മാത്രം മനസ്സിലാവുന്നില്ല. കഥകളിയിലെ ഏതൊരു നടനും fallacy വരാം. പക്ഷെ ഒരു ആട്ടക്കഥ എന്ന നിലയിൽ നളചരിതം infallible ആണെന്നാണോ ?

Mohandas's picture

നളചരിതം ആട്ടക്കഥ എന്നല്ല ഒന്നും തന്നെ infallible ആണെന്ന അഭിപ്രായം എനിക്കില്ല.  'കുണ്ടിനനായക' താങ്കൾക്കും എനിക്കും രസിക്കാൻ കഴിയുന്നില്ല എന്ന് പറയാം. പക്ഷെ മറ്റെത്രയോ പേർക്ക് അത് ഇഷ്ട്ടപെടുന്നുണ്ട്. അപ്പോൾ 'കുണ്ടിനനായക' യുടെയോ 'പഞ്ചാലരാജതനയു'ടെതോ അല്ല പ്രശ്നം, അത് കാണുന്ന കണ്ണിന്റെയും മനസ്സിന്റെയും ആണെന്നെ ഞാൻ പറഞ്ഞതിന് അർത്ഥമുള്ളൂ. ഇത് സിദ്ധാന്തമൊന്നുമല്ല. ലോകസ്വഭാവത്തെക്കുറിച്ചുള്ള കേവല അഭിപ്രായം മാത്രം.