പൂന്തേന്‍ വാണീ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്ലോകം

ശ്യാമാം സോമാഭിരാമദ്യുതിമുഖലസിതാം താരഹാരാതിരമ്യാം
കാമോല്ലാസാനുകൂലാം കുവലയബഹളാമോദസൌഭാഗ്യദാത്രീം
ശ്രീമാനാലോക്യ ദക്ഷസ്സരസമുപഗതാമേകദാ ജാതരാഗ-
പ്രേമാനന്ദാകുലാത്മാ പ്രഹസിത വദനാം പ്രേയസീം വ്യാജഹാര

പല്ലവി

പൂന്തേന്‍വാണീ ശൃണു മമ വാണീ
പൂവണിഘനവേണീ

അനുപല്ലവി

കാന്തേ സമയമഹോ രമണീയം
കനിവൊടു വിലസുന്നു രജനീയം

ചരണം 1

കണ്ടാലും ശശിബിംബമുദാരം
കണ്ഠേ കാളജടാലങ്കാരം
തണ്ടാര്‍ബാണ മഹോത്സവ ദീപം
തരുണി നിരാകൃതതിമിരാടോപം

ചരണം 2

പനിമതിബിംബം മുഖസമമിഹ തേ
പണിതുടരുമ്പോളംശുമുകളിതേ
വനജേ ദുസ്ഥിതാനാം വിധി നൂനം
മതിയാക്കീ ബത ശില്പവിധാനം

ചരണം 3

കാമോദ്ദീപന കാരണരൂപേ
കാമിനി നീ മമ വരിക സമീപേ
സാമോദം മധുരാധരമയി തേ
സാമജഗാമിനി തരിക മേ ദയിതേ

അർത്ഥം: 

ശ്ലോകം

താരുണ്യമുള്ളവളും ചന്ദ്രനെപ്പോലെ മനോഹരമായ മുഖത്തോടുകൂടിയവളും നക്ഷത്രമാല കൊണ്ട് ശോഭിക്കുന്നവളും കരിങ്കൂവളപ്പൂക്കളുടെ സൌരഭ്യം പരത്തുന്നവളും കാമകേളിയില്‍ ആസക്തിയുള്ളവളും ആകര്‍ഷകമായ മന്ദഹാസത്തോടെ അരികിലണഞ്ഞവളുമായ പ്രേയസിയെക്കണ്ട് ഒരിക്കല്‍ ശ്രീമാനായ ദക്ഷന്‍ പ്രേമാനന്ദാതിരേകത്തോടെ പറഞ്ഞു.

പദം

പൂന്തേന്‍മോഴിയാളേ, പൂക്കളണിഞ്ഞ തലമുടിയോടു കൂടിയവളേ, എന്റെ വാക്കുകള്‍ കേട്ടാലും. പ്രിയേ ഈ സമയം വളരെ മനോഹരമായിരിക്കുന്നു. ഈ രാത്രി അത്യന്തം ശോഭിക്കുന്നു. പരമേശ്വരന്‍റെ ജടക്ക് അലങ്കാരവും കാമദേവന്റെ മഹോത്സവത്തിനു  ദീപവും ഇരുളിന്‍റെ ഗര്‍വ്വിനെ നശിപ്പിക്കുന്നതുമായ ചന്ദ്രബിംബം കണ്ടാലും.  നിന്‍റെ മുഖത്തിനു തുല്യമാക്കാന്‍ ചന്ദ്രബിംബം സൃഷ്ടിച്ചിരുന്ന ബ്രഹ്മാവ്, താമര കൂമ്പിയപ്പോള്‍ അതില്പ്പെട്ടു തന്റെ പണി അവസാനിപ്പിച്ചു. കാമം വര്‍ധിപ്പിക്കുന്ന ആകാരത്തോടു കൂടിയവളേ, കാമമുള്ളവളേ,  ആനയെപ്പോലെ നടക്കുന്നവളെ, പ്രിയേ, അടുത്തു വരൂ സന്തോഷത്തോടെ ഭവതിയുടെ മധുരാധരം എനിക്ക് തന്നാലും.