അറിയാതെ മമ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

തത: ശ്രുത്വാ ദക്ഷസ്സപദി ശിവനീതാം നിജസുതാം
നിതാന്തം രോഷാന്ധസ്ത്രിപുരഹരമാഹാത്മ്യമവിദന്‍
സ്വജാമാതേത്യുച്ചൈര്‍മനസി കലിതാനാദരഭരോ
ജഗാദേവം ദേവാന്‍ പരിസരഗതാന്‍ വീക്ഷ്യ വിമനാ:

പല്ലവി
അറിയാതെ മമ പുത്രിയെ നല്കിയ-
തനുചിതമായഹോ
അനുപല്ലവി
പരിപാകവും അഭിമാനവും ലൗകിക-
 പദവിയും ഇല്ലാത്ത ഭര്‍ഗ്ഗന്റെ ശീലത്തെ

ചരണം 1
ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു
നല്ലവനിവനെന്നു കരുതീടിനേന്‍ മുന്നം
കല്യാണം കഴിഞ്ഞപ്പോളുടനെയാരോടുമിവന്‍
ചൊല്ലാതെപോയതുമെല്ലാര്‍ക്കും ബോധമല്ലോ

ചരണം 2
ജാതിയിവനേതെന്നാരറിഞ്ഞീടുന്നു
ജ്ഞാതിജനവുമിവനില്ല പാര്‍ക്കിലാരും
ചേതസി മമതയുമില്ലിവനാരിലും
ഭൂതിലാഭംകൊണ്ടേറ്റം മോദിച്ചു മരുവുന്നു.

ചരണം 3
വസ്ത്രമില്ലാഞ്ഞോ ചര്‍മ്മമുടുത്തീടുന്നു
പരിവാരങ്ങള്‍ ഭൂതങ്ങള്‍ പിശാചങ്ങളുണ്ടനേകം
നിസ്ത്രപനാഢ്യന്‍ താനെന്നുണ്ടൊരു ഭാവമുള്ളില്‍
നിത്യവും ഭിക്ഷയേറ്റു നീളേ നടന്നീടുന്നു.
 
ചരണം 4
സതിയായ നന്ദിനി മേ സാധുശീലാ-ഇവന്റെ
ചതികളെയറിയാതെ വിശ്വസിച്ചധുനാ
അതിമാത്രം തപം ചെയ്തു നില്ക്കുമ്പോള്‍ വന്നിവളെ
ആരും ഗ്രഹിച്ചീടാതെ കൊണ്ടവന്‍ ഗമിച്ചുപോല്‍

അർത്ഥം: 

ശിവന്‍ തന്റെ പുത്രിയെ കൊണ്ടുപോയെന്നറിഞ്ഞ് കോപാന്ധനായ ദക്ഷന്‍ ത്രിപുരാന്തകന്റെ മാഹാത്മ്യമറിയാതെ, തന്റെ മകളുടെ ഭര്‍ത്താവാണെന്ന കടുത്ത അനാദരവോടുകൂടി, അടുത്തുവന്ന ദേവന്മാരോട് വൈമനസ്യത്തോടെ പറഞ്ഞു.

പക്വതയും അഭിമാനവും ലൗകിക പദവിയും ഇല്ലാത്ത ശിവന്റെ ശീലത്തെ അറിയാതെ എന്റെ മകളെ നല്‍കിയത് അനുചിതമായി. നിങ്ങളുടെ വാക്കിനെ വിശ്വസിച്ച് ഇവന്‍ നല്ലവനാണെന്ന് ഞാന്‍ ആദ്യം കരുതി. കല്യാണം കഴിഞ്ഞപ്പോള്‍ ആരോടും പറയാതെ പോയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇവന്റെ ജാതിയേതെന്ന് ആര്‍ക്കും അറിയില്ല. ഇവന് ബന്ധുക്കളാരും ഇല്ല. മനസ്സിലാരോടും മമതയുമില്ല. ചുടലഭസ്മംകൊണ്ട് ഏറ്റവം സന്തോഷത്തോടെ കഴിയുന്നു. വസ്ത്രമില്ലാഞ്ഞിട്ടാണോ തോലുടുക്കുന്നത്? പരിവാരങ്ങളായി അനേകം ഭൂതങ്ങളും പീശാചുക്കളുമുണ്ട്. നാണമില്ലാത്ത ഇവന് 'താന്‍ ആഢ്യനാണെ'ന്നൊരു ഭാവവും ഉണ്ട്.  ദിവസവും ഭിക്ഷയെടുത്ത്  എല്ലായിടത്തും നടക്കും. സാധുശീലയായ എന്റെ മകള്‍ ഇവന്റെ ചതികളറിയാതെ ഇവനെ വിശ്വസിച്ച് തപസ്സുചെയ്തു നില്ക്കുമ്പേള്‍ ,ആരും അറിയാതെ അവളെയും കൊണ്ട് കടന്നുകളഞ്ഞു.