ശങ്കരഗിരീന്ദ്രശിഖരേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദക്ഷസ്തല്‍ക്ഷണമിത്യമര്‍ത്ത്യ വചസാ ദക്ഷായണീവല്ലഭം  
സാക്ഷാത്ത്രീക്ഷണമീക്ഷിതും ഹൃദി വഹന്നാസ്ഥാം  പ്രതസ്ഥേ മുദാ
ആയാന്തം പ്രസമീക്ഷ്യ തം ഭഗവതശ്ചന്ദ്രാര്‍ദ്ധചൂഡാമണേര്‍ -
നന്ദീ പാര്‍ഷദ പുംഗവസ്സമതനോച്ചിന്താമഥോച്ചാവചാം

പല്ലവി
ശങ്കരഗിരീന്ദ്രശിഖരേ ആരിഹ
വിശങ്കം വരുന്നതെതിരേ?
അനുപല്ലവി
തിങ്കളണിമൌലിയുടെ തിരുമുമ്പില്‍ വരുവതിനു
പങ്കജഭവന്‍ പോലുമെന്‍കരുണ തേടുന്നു.
ചരണം 1
ലക്ഷ്മീശനോ? വരുണനോ? സുരപതിയോ?
യക്ഷേശനോ? ദഹനനോ?
അക്ഷീണകാന്തിയിവന്‍ അവരിലൊരുവനുമല്ല.
ലക്ഷണമവര്‍ക്കുള്ളതക്ഷിപരിചിതമല്ലോ.
ചരണം 2
ദുര്‍വാരരാജാസഗുണം കൊണ്ടിവനു ഗര്‍വ്വമുണ്ടുള്ളിലധികം  
സര്‍വ്വേശ്വരന്‍ മരുവുമുര്‍വ്വീധരം ജഗതി
ദുര്‍വ്വിനീതന്‍മാര്‍ക്കു ദുഷ്പ്രാപമേറ്റവും
ചരണം 3
ചതുരാനന്‍ തന്റെ തനയന്‍ ദക്ഷനിവന്‍
ചതുരതയൊടിഹ വരുന്നു.
അതിമാത്രമിവനുടയ മതിയതില്‍ വളര്‍ന്നുള്ള  
മദമാശുതീര്‍ത്തിടുവനതിനില്ല സംശയം  
 
ശങ്കര ഗിരീശ ഭഗവന്‍ തവ ചരണ
പങ്കജമഹം തൊഴുന്നേന്‍

അർത്ഥം: 

ദക്ഷന്‍ അപ്പോള്‍ത്തന്നെ ദേവന്‍മാരുടെ വാക്കുകള്‍ കേട്ടിട്ട് ദാക്ഷായിണീ വല്ലഭനായ സാക്ഷാല്‍ മുക്കണ്ണനെ കാണുന്നതിനായി പുറപ്പെട്ടു. അദ്ദേഹം വരുന്നത് കണ്ട് ഭഗവാന്‍ ചന്ദ്രചൂഡന്‍റെ കിങ്കരനായ നന്ദി ഇങ്ങിനെ പല വിധത്തില്‍  ചിന്തിച്ചു.    
 
 
  ഈ കൈലാസത്തിലേക്ക് സംശയമില്ലാതെ വരുന്ന ഇവന്‍ ആരാണ്? സാക്ഷാല്‍ ബ്രഹ്മാവുപോലും ശിവനെ കാണാനായി എന്റെ കരുണ തേടാറുണ്ട്. ഇവന്‍ മഹാവിഷ്ണുവാണോ? അതോ വരുണനോ?ഇന്ദ്രന്‍,യക്ഷേശനായ വൈശ്രവണന്‍,അഗ്നി ഇവരാരെങ്കിലുമാണോ? അവരെല്ലാം എന്റെ കണ്ണുകള്‍ക്ക്‌ പരിചയമുള്ളവരാണ്. ഇവന്‍ അവരിലൊരുവനല്ല. രാജസഗുണം കൊണ്ട് ഇവന് ഉള്ളില്‍ അഹങ്കാരമുണ്ട്. സര്‍വ്വേശ്വരനായ പരമശിവന്റെ ഭൂമിയില്‍ വിനയമില്ലാത്തവര്‍ക്ക് പ്രവേശനമില്ല. ഓഹോ! ഇവന്‍ ബ്രഹ്മപുത്രനായ ദക്ഷനാണ്. ഇവന്റെ ഉള്ളിലുള്ള മദം നശിപ്പിക്കുക തന്നെ.  അല്ലയോ ഗിരീശ! അങ്ങയുടെ പാദാംബുജം തൊഴുന്നേന്‍.