ലോകാധിപാ കാന്താ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഇതീരിതവതീശ്വരേ കൃതനതൌഗതേ നാരദേ
ക്രതൂത്സവമഥോര്‍ജ്ജിതം പിതുരതീവ സാ വീക്ഷിതും
കുതൂഹലവതീ തദാഖിലസതീ ശിരോമാലികാ
സതീ ഭഗവതീ നിജം പതിമുവാച പാദാനതാ

ലോകാധിപാ ! കാന്താ! കരുണാലയാ! വാചം
ആകര്‍ണ്ണയ മേ ശംഭോ!

അനുപല്ലവി
ആകാംക്ഷയൊന്നെന്‍റെ മനതാരില്‍ വളരുന്നു.
അതിനനുവദിക്കേണമാശ്രിത ജനബന്ധോ!

ചരണം
ഇന്നു മേ ജനകന്‍ ചെയ്യുന്ന യാഗഘോഷങ്ങള്‍
ചെന്നു കണ്ടു വരുവാനെന്നില്‍ നിന്‍‍കൃപ വേണം
എന്നുടെ സോദരിമാരെല്ലാപേരുമവിടെ
വന്നീടുമവരേയും വടിവില്‍ക്കണ്ടീടാമല്ലൊ

തത്ര ഞാന്‍ ഗമിച്ചെങ്കില്‍ താതനുള്ള വിദ്വേഷം
അത്രയുമകന്നീടുമത്രമാത്രവുമല്ല
എത്രയും പരിതോഷമെല്ലാര്‍ക്കുമുളവാകും
സത്രവും വഴിപോലെ സഫലമായ് ഭവിച്ചീടും

അർത്ഥം: 

ശിവന്‍ ഇങ്ങനെ പറയുകയും നാരദന്‍ നമസ്കരിച്ചു പോവുകയും ചെയ്ത ഉടനെ,  അച്ഛന്‍റെ ഗംഭീരമായ യാഗമഹോത്സവം കാണുവാന്‍ ഏറ്റവും കൌതുകം പൂണ്ട്, എല്ലാ പതിവ്രതമാരുടേയും മുടിമാലയായ ആ സതീദേവി തന്‍റെ ഭര്‍ത്താവിനോട് കാല്‍ക്കല്‍ നമസ്കരിച്ച് പറഞ്ഞു.

ലോകത്തിന്‍റെ അധിപനായ കരുണാമയനായ ഭര്‍ത്താവേ എന്‍റെ വാക്ക് കേട്ടാലും. എന്‍റെ മനസ്സില്‍ ഒരു ആഗ്രഹം വളരുന്നുണ്ട്‌. അതിന്‌ അനുവാദം തരണം. ഇന്ന് എന്‍റെ അച്ഛന്‍ ചെയ്യുന്ന യാഗോത്സവങ്ങള്‍ പോയികണ്ട് വരാന്‍ എന്നെ അവിടുന്ന് അനുവദിക്കണം. എന്‍റെ സഹോദരിമാര്‍ എല്ലാവരും അവിടെ വരും. അവരേയും കാണാമല്ലൊ.അവിടെ ഞാന്‍ ചെന്നു എങ്കില്‍ അച്ഛന്‍റെ വിദ്വേഷം മുഴുവനും തീരും. അത് മാത്രമല്ല എല്ലാവര്‍ക്കും സന്തോഷവും ആവും. യാഗവും വേണ്ടത് പോലെ ഫലവത്തായി വന്നിടും.