ശങ്കര ജയ ഭഗവന്‍
പല്ലവി
ശങ്കര ജയ ഭഗവന്‍ ഭവല്പദപങ്കജമിഹ വന്ദേ
അനുപല്ലവി:
കിങ്കരനായിടുമെന്നാലധുനാ കിങ്കരണീയമതരുള്‍ ചെയ്യേണം
ചരണം1:
ദനുജാദിതിതനുജാഖില മനുജാദി ഭുവനജാന്‍
ഗിരിശ! നിങ്കലരിശമുള്ളവരെയിഹ
കണ്ടുകൊള്‍ക കൊണ്ടുവരുവനചിരാല്‍
ചരണം2:
സ്ഥലമാം കടല്‍ , വിലമാം ഗിരി, ജലമാം ക്ഷിതിതലവും
അടിയനോര്‍ക്കിലുടനശേഷജഗദപി
തടവതില്ല ഝടിതി പൊടിപൊടിപ്പന്‍ .
ചരണം3:
പുരശാസന വരശോണിത-
പരിശോഭിതപരശോഹര
ഗിരീശ കുരു നിദേശമെന്തധുനാ മയാ-
വിധേയമായതീശ്വര.
അല്ലയോ ഭഗവന്‍ ശങ്കര അങ്ങയുടെ പദാംബുജം ഇതാ വന്ദിക്കുന്നു. കിങ്കരനായ എന്നാല്‍ എന്തു ചെയ്യണമെന്ന് അരുളിച്ചെയ്യണം. ദേവന്‍മാര്‍ ,അസുരന്മാര്‍ ,മനുഷ്യര്‍ ,തുടങ്ങി അങ്ങയോട് വൈരമുള്ള ലോകവാസികള്‍ ആരെയും ഞാന്‍ വേഗം കൊണ്ടുവരാം. ഞാന്‍ വിചാരിച്ചാല്‍ കടല്‍ കരയാകും, പര്‍വ്വതം ഗുഹയാകും,ഭൂമി കടലാകും. ഞൊടിയിടകൊണ്ട് സകല ലോകങ്ങളും തകര്‍ക്കാന്‍ എനിക്ക് ഒരു പ്രയാസവുമില്ല. അല്ലയോ പുരാന്തകാ,രക്തശോഭിതമായ മഴുവിനോടുകൂടിയവനേ,ഗിരീശാ എന്നാല്‍ ചെയ്യപ്പെടെണ്ടതായ അങ്ങയുടെ ആജ്ഞ എന്താണെന്ന് അരുളിയാലും.