ചന്ദ്രചൂഡ നമോസ്തു തേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദക്ഷസ്തത്ക്ഷണമേവ മേഷശിരസാ സംയുക്തകണ്ഠസ്ഥല-
സ്ത്ര്യക്ഷാനുഗ്രഹജീവിതോഥ വിധിവല്‍ സമ്പൂര്യ യജ്ഞോത്സവം
ഖട്വാംഗാദിലസല്‍കരം ശശികലാ ഭാസ്വജ്ജടാമണ്ഡലം
സാഷ്ടാംഗം പ്രണതേഷ്ടമൂര്‍ത്തിമമനാക്ക് തുഷ്ടാവ ഹൃഷ്ടാശയ:

ചരണം 1
ചന്ദ്രചൂഡ നമോസ്തു തേ ജയ സന്തതം ജഗദീശ
 സര്‍വ്വഥാ സഹനീയമേവ മമാപരാധമതീശ  ഹര ഹര
പല്ലവി
വിഭോ പശുപതേ
ചരണം 2
ഭക്തിനിങ്കലെനിക്കു ഹാനി വരാതെ തരിക മഹേശ
അത്ര മാം തവ ഭൃത്യനെന്നു നിനച്ചുകൊള്‍ക ഗിരീശ  ഹര ഹര
ചരണം 3
ചിന്മയാകൃതിയായിടും പരമാത്മരൂപ ദയാലോ
നിന്മഹത്വമറിഞ്ഞിടുന്നതിനിജ്ജനം പുനരാളോ ഹര ഹര
ചരണം 4
മല്‍കുമാരി സതീ സതീ തവ ശക്തിയെന്നതറിയാതെ
 ധിക്കരിച്ചതിനിങ്ങനുഗ്രഹമേകിയതു കരുണാ തേ ഹര ഹര
ചരണം 5
പാണിതന്നുടെ വൃത്തി വില്വദളങ്ങള്‍കൊണ്ടു തവാര്‍ച്ചനം
 വാണിവൃത്തി മമാസ്തു തവഗുണനാമഗണസങ്കീര്‍ത്തനം ജയ‍ ഹര ഹര
ചരണം 6
ദുരിതഹര തവ ചരിതസുധയതു പിബതു മേ ശ്രവണം സദാ
 വരദ ശങ്കര ഗിരിശ വിഹരതു ഭവതി മമ ഹൃദയം മുദാ ജയ ഹരേ ഹരേ
ചരണം 7
ഉരഗഭൂഷണ സരസഭാഷണ സുജനതോഷണ പാഹിമാം
 നിരയമോചന ശശിവിരോചന ശിഖിവിലോചന പാഹിമാം ഹര ഹര
ചരണം 8
വിപദപാസന വിഹഗവാഹന വിധികൃതാര്‍ച്ചന പാഹിമാം
 ത്രിപുരശാസന ഗിരിശരാസന വൃഷഭകേതന പാഹിമാം
 

അർത്ഥം: 

ദക്ഷന്‍ , ശിവന്‍റെ അനുഗ്രഹത്താല്‍ , ആട്ടിന്‍തല കഴുത്തില്‍ ചേര്‍ത്ത്  ജീവനുള്ളവനായി മാറി യാഗം വിധിപോലെ പൂര്‍ത്തിയാക്കി. പിന്നീട് ദണ്ഡ് മുതലായവ കയ്യിലേന്തിയവനും ചന്ദ്രനാല്‍ ശോഭിക്കപ്പെട്ട ശിരസ്സോടുകൂടിയവനുമായ ശിവനെ പ്രണമിച്ച്‌ സന്തോഷത്തോടെ ഇങ്ങിനെ സ്തുതിച്ചു.

അല്ലയോ ചന്ദ്രചൂഡാ,ജഗദീശ്വരാ എന്നെന്നും ജയിച്ചാലും. അങ്ങക്ക്‌ നമസ്കാരം. എന്‍റെ അപരാധം എല്ലാവിധത്തിലും പൊറുക്കേണമേ. നിങ്കല്‍ ഭക്തി ഒട്ടും കുറവില്ലാതെ എനിക്ക് തരേണമേ. എന്നെ അങ്ങയുടെ ഭൃത്യനായി കരുതിയാലും. ചിന്മയാകൃതിയായ അല്ലയോ പരമാത്മരൂപാ നിന്‍റെ മഹത്വം അറിയാന്‍ ഞാന്‍ ആളാണോ? എന്റെ മകള്‍ സതി നിന്‍റെ ശക്തിയാണെന്ന് അറിയാതെ ധിക്കരിച്ചതിന് അനുഗ്രഹം നല്‍കിയത് അങ്ങയുടെ കാരുണ്യമാണ്. ഇനിമുതല്‍ എന്‍റെ കൈകള്‍ക്ക് പ്രവൃത്തി നിന്നെ കൂവളത്തിലകളാല്‍ അര്‍ച്ചിക്കലാകട്ടെ. നിന്റെ നാമഗുണഗണസങ്കീര്‍ത്തനമാകട്ടെ എന്‍റെ വാക്കുകളുടെ പ്രവൃത്തി. അല്ലയോ ദുരിതഹര എന്റെ ചെവികള്‍ അങ്ങയുടെ ചരിതാമൃതം കുടിക്കട്ടെ. വരമേകുന്നവനേ, ഗിരീശ്വരാ അങ്ങ് എന്റെ ഹൃദയത്തില്‍ സന്തോഷത്തോടെ വിളയാടിയാലും. പാമ്പുകള്‍ ആഭരണമായിട്ടുള്ളവനേ, നല്ല വാക്കുകള്‍ പറയുന്നവനേ, സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നവനേ,നരകമോചനാ,ചന്ദ്രനാല്‍ശോഭിക്കുന്നവനേ,നെറ്റിയില്‍കണ്ണോടുകൂടിയവനേ,ആപത്തുകള്‍ ഇല്ലാതാക്കുന്നവനേ, വിഷ്ണു,ബ്രഹ്മാവ്‌ എന്നിവരാല്‍ അര്‍ച്ചിക്കപ്പെടുന്നവനേ, മൂന്നുലോകങ്ങളും നിയന്ത്രിക്കുന്നവനേ, പര്‍വ്വതം ഇരിപ്പിടമായവനേ, കാളവാഹനമായിട്ടുള്ളവനേ എന്നെരക്ഷിച്ചാലും.