കണ്ടുകൊള്‍ക എങ്കിലിന്നു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കണ്ടുകൊള്‍ക എങ്കിലിന്നു കുണ്ഠശീലേ നിന്നെ
രണ്ടുപക്ഷമില്ല ഞാനും പൂണ്ടിടുവനിപ്പോള്‍
അർത്ഥം: 

ദുശ്ശീലേ, എങ്കില്‍ ഇന്ന് കണ്ടുകൊള്‍ക. രണ്ടുപക്ഷമില്ല, നിന്നെ ഞാന്‍ പ്രാപിക്കുന്നുണ്ട് ഇപ്പോള്‍.

അരങ്ങുസവിശേഷതകൾ: 

ഇപ്പോൾ പതിവുള്ള ആട്ടം:-

കീചകന്‍ കാമാവേശത്തോടെ മാലിനിയെ പുണരുവാനായി അടുക്കുന്നു. മാലിനി ഒഴിഞ്ഞുമാറുന്നു. ഇങ്ങിനെ പലതവണ ആവര്‍ത്തിക്കുന്നു.
കീചകന്‍:(ആത്മഗതമായി) ‘ഇങ്ങിനെ ക്ഷോഭിച്ചുകൂടാ, ഇവള്‍ ഭയന്ന് ഓടി ക്ഷീണിക്കും. ഒരിക്കല്‍ കൂടി നല്ലവാക്ക് പറഞ്ഞുനോക്കാം.’ (ശൃഗാരഭാവത്തില്‍ മാലിനിയോടായി) ‘അല്ലയോ സുന്ദരീ, നീ ഒട്ടും ഭയപ്പെടേണ്ട, സങ്കടപ്പെടേണ്ട. എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ട് ഇങ്ങിനെ ചെയ്തതാണ്. ഇനി സന്തോഷത്തോടെ ഒന്ന് ആലിംഗനം ചെയ്യാന്‍ അനുവദിച്ചാലും.’
സൈരന്ധ്രി:‘വേഗം ചോറും മദ്യവും തരിക. എനിക്ക് ഉടനെ പോകണം’
കീചകന്‍:നീലോല്പലം കൊണ്ട് കണ്ണുകളും താമരകൊണ്ട് മുഖവും കുരുക്കുത്തിമുല്ലകൊണ്ട് ദന്തങ്ങളും പുതുതളിരുകൊണ്ട് അധരങ്ങളും ചമ്പകദളങ്ങളെക്കൊണ്ട് ശരീരവും നിര്‍മ്മിച്ച ബ്രഹ്മാവ്, അല്ലയോ ബാലേ, നിന്റെ മനസ്സ് എങ്ങിനെയാണ് കരിങ്കല്ലിനാല്‍ നിര്‍മ്മിച്ചത്? ഒന്ന് പുണരൂ’
സൈരന്ധ്രി:‘അതിന് മോഹിക്കേണ്ടാ’
കീചകന്‍:‘വേണ്ട, എന്നോട് ഇങ്ങിനെ പറയേണ്ടാ’
സൈരന്ധ്രി:‘ഓഹോ, പറയാം, പറയാം’
കീചകന്‍:‘എന്റെ കാമം സാധിപ്പിക്കില്ലേ?’
സൈരന്ധ്രി:‘സാദ്ധ്യമല്ല’
കീചകന്‍:‘തീര്‍ച്ചയാണോ?’
സൈരന്ധ്രി:‘തീര്‍ച്ചതന്നെ’
കീചകന്‍:(ആത്മഗതമായി) ‘ഒരു സ്ത്രീയില്‍ ആഗ്രഹം ജനിച്ചിട്ട് അതു സാധിക്കാതെ ജീവനോടെ ഇരിക്കുന്നതെന്തിനാണ്? അതിനാല്‍ ഇനി ഇവളെ വെറുതെ വിട്ടുകൂടാ.’ (കോപാവേശിതനായി മാലിനിയോട്) ‘എടീ, ഇവിടെ വാ, വാ, വരില്ലേ? എന്നാല്‍ ഇനി മേലില്‍ നീയും ഞാനും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവനോടുകൂടി ഇരിക്കുകയില്ല. നോക്കിക്കോ.’
കീചകന്‍ വീണ്ടും പലതവണ മാലിനിയെ കടന്നുപിടിക്കുവാന്‍ ശ്രമിക്കുന്നു. മാലിനി ഒഴിഞ്ഞുമാറുന്നു. മുടിക്കുത്തിനുപിടിച്ചുകൊണ്ട് കീചകന്‍ മാലിനിയെ പ്രഹരിക്കുന്നു. കീചകന്റെ ചവിട്ടേറ്റ് മാലിനി വീഴുന്നു. മാലിനി വിലപിച്ചുകൊണ്ട് പിടഞ്ഞെഴുന്നേറ്റ് ഓടിനിഷ്ക്രമിക്കുന്നു. പുറകേ കീചകനും ഓടിനിഷ്ക്രമിക്കുന്നു.
തിരശ്ശീല
അനുബന്ധ വിവരം: 
നീലോല്പലം കൊണ്ട് കണ്ണുകളും.. എന്ന് തുടങ്ങുന്ന കീചകന്റെ ആട്ടം
ഇന്ദീവരേണ നയനം മുഖമംബുജേന
കുന്ദേന ദന്തമധരം നവ പല്ലവേന
അംഗാനി ചമ്പകദളൈശ്ച വിധായവേധാ
ബാലേ കഥം രചിതവാനുപലേനചേതാ: 
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനു പകരമായി 
കല്യാണാംഗീ തവാധരം തരിളിനാല്‍ ഉണ്ടാക്കിനാന്‍ നാന്മുഖന്‍
മുല്ലപ്പൂമലര്‍കൊണ്ടു ദന്തനിവഹം കാര്‍കൊണ്ടു നിന്‍ കേശവും
ഫുല്ലാം മാര്‍ദ്ദവ വസ്തുനാല്‍ കൃതമിദം കല്ലാല്‍ മനസ്സെന്തെടോ? 
എന്ന ഭാഷാശ്ലോകവും ഇവിടെ ആടാറുണ്ട്. മനോധമാനുസ്സരണം ‘അഹോ! സുന്ദരീ, ബ്രഹ്മാവ് നിന്റെ അവയവങ്ങളെല്ലാം പുക്കള്‍, തളിരുകള്‍ എന്നിങ്ങിനെ മാര്‍ദ്ദവമുള്ള വസ്തുക്കളെക്കൊണ്ട് നിര്‍മ്മിച്ചു. എന്നാല്‍ മനസ്സുമാത്രമെന്തേ കല്ലുകൊണ്ടായാത്?’ എന്ന് ചുരുക്കത്തിലും ഈ ഭാഗം ആടാറുണ്ട്.

ആട്ടക്കഥയിൽ പറയുന്നത്, സൂര്യൻ അയച്ച മദോത്ക്കടൻ എന്ന രാക്ഷസൻ കീചക്നെ എടുത്ത് വലിച്ചെറിഞ്ഞു എന്നും കീചകനും അംഗഭംഗം നേരിട്ടു എന്നുമാണ്. അത് ഇപ്പോൾ ആടാറില്ല. അടുത്ത രംഗങ്ങൾ നോക്കുക.