ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു ധൃതിമാന്‍ ശിംശപാശാഖതന്നില്‍
സ്ഥിത്വാ ശോകാതുരോഭൂല്‍ തദനു ദശമുഖന്‍ സീതതന്‍ സന്നിധാനേ
രാത്യ്രാമര്‍ദ്ധാര്‍ദ്ധഗായാം അലര്‍ശരപരിതാപാതുരോലംകൃതസ്സന്‍
ഗത്വാ ചൊന്നാനിവണ്ണം മതിമുഖിയിലഹോ കാംക്ഷയാല്‍ തല്‍ക്ഷണേന

 

അർത്ഥം: 

ധീരനായ ഹനൂമാൻ ഇങ്ങനെ വിചാരിച്ച് ശിംശപാവൃക്ഷശാഖയിൽ ദുഃഖത്തോടെ ഇരുന്നു. രാത്രിയുടെ മുക്കാൽ ഭാഗവും കഴിഞ്ഞപ്പോൾ രാവണൻ കാമാതുരനായി, വേഷഭൂഷാദികളണിഞ്ഞ്,  സീതയുടെ സമീപം വന്ന് അവളോടുള്ള അത്യാസക്തികൊണ്ട് ഇങ്ങനെ പറഞ്ഞു.

അരങ്ങുസവിശേഷതകൾ: 
രാവണന്റെ അന്തഃപുരം. വലന്തലമേളം. രംഗത്തിന്റെ മുൻഭാഗത്ത് (വിളക്കിനടുത്ത്) രാവണൻ കാൽ പരത്തി, മണ്ഡോദരിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുന്നു. വലന്തലയിൽ കൊട്ടിക്കൂർപ്പിയ്ക്കുന്നതോടേ തിരശ്ശീല താഴുന്നു. തൃപുടമേളം ഒന്നാം കാലം. സുഖദൃഷ്ടിയിൽ അല്പസമയം നിന്നശേഷം സീതയിൽ മനസ്സ് ചെന്ന് സ്മൃതി, ഹർഷം, വിഷാദം ഇവകൾ നടിച്ചശേഷം വീണ്ടും മണ്ഡോദരിയെ കടാക്ഷിച്ച് സുഖദൃഷ്ടിയിൽ നിൽക്കുന്നു. (മേളം രണ്ടാം കാലം) രണ്ടാമതും സീതയെ ഓർത്ത് മുൻപറഞ്ഞ ഭാവങ്ങൾ നടിയ്ക്കുന്നതിൽ വിഷാദത്തിനു ശക്തി കൂടുന്നു. വീണ്ടും മണ്ഡോദരിയെ കടാക്ഷിക്കുന്നു. (മേളം മൂന്നാം കാലം) മൂന്നാമതും അത്ഭാവങ്ങൾ അഭിനയിക്കുന്നത് വിഷാദത്തിനു ശക്തി നല്ലപോലെ വർദ്ധിപ്പിച്ച് അസഹ്യമായ ചൂടുനടിച്ച് ദൃഷ്ടി ദീപനാളങ്ങളുറപ്പിച്ച് വലം കൈ കൊണ്ട് തിരപൊക്കുന്നു.
 
രാവണൻ വിളക്കിനടുത്ത് പീഠത്തിനു മുന്നിൽ കാൽ പരത്തി നിന്ന് നാലാമിരട്ടി മേളത്തിനൊപ്പം ചൂടുനടിച്ച്കൊണ്ട് തിരശ്ശീലതാഴ്ത്തുന്നു. അപ്പോൾ മേളം നിലയ്ക്കുന്നു. വിഷാദവും ചൂടും നടിച്ചുകൊണ്ട് ഇരുകൈകളിലും ഉള്ള ചുകപ്പുത്തരീയങ്ങൾ “ചൂട്“ എന്ന മുദ്രകാണിക്കുന്നത് പോലെ രണ്ടുമൂന്നുതവണ ഇളക്കിത്താഴ്ത്തി വിടുന്നു. അതിനുശേഷം സാവധാനത്തിൽ “ചൂട് സഹിക്കുന്നില്ല“ എന്ന് കാട്ടുന്നു. അതിൽ “ഇല്ല“ എന്ന മുദ്ര ഇടതുവശത്ത് നിന്ന് വലംകൈകൊണ്ട് ചുഴിച്ചെടുത്ത് യഥാസ്ഥാനത്തെത്തി നേരെ മുന്നിൽ നോക്കി അനുസരിച്ച് വിടുന്നതോടൊപ്പം തൃപുടമേളം ഒന്നാം കാലം തുടങ്ങുന്നു. “ഇല്ലാ“ എന്ന് കാണിച്ച് വിഷാദത്തോടെ, അതിനുകാരണമെന്ത്? (വിചാരിച്ച് മുന്നിൽ ആകാശത്ത് നോക്കി) ആദിത്യന്റെ രശ്മി ദേഹത്തിൽ തട്ടിയോ? (വലംകൈ മലർത്തി ഇടത്തോട്ട് വെട്ടിച്ചു നോക്കി)
“വർഷവര! നനു മയാ ചിരം നിർവാസിതസ്യ സൂര്യസ്യാ ലങ്കായാം ക പ്രസംഗഃ"   എന്ന ആടുന്നു. അതിപ്രകാരമാണ്:
ഹേ വർഷവര, (ലങ്കയിലെ അന്തഃപുരത്തിലെ നപുംസകമായ ഒരു കാവൽക്കാരനാണ് വർഷവരൻ) ഞാൻ വളരെക്കാലമായി ആട്ടിക്കളഞ്ഞ സൂര്യൻ ഇപ്പോൾ ലങ്കയിൽ വരുവാൻ കാരണമെന്ത്? (എന്ത് എന്ന് വർഷവരനോട് മുന്നിലേക്ക് കൈകൾ നീട്ടി ഗൗരവത്തോടെ ചോദിച്ചശേഷം മറുപടി കാക്കാതെ വീണ്ടും മുന്നിൽത്തന്നെ സൂക്ഷിച്ചു നോക്കി ശിരസ്സിളക്കി “അല്ലാ“ എന്ന് നടിച്ച്) ഇവൻ സൂര്യനല്ല പിന്നെയാര്? (സൂക്ഷിച്ച് നോക്കി മനസ്സിലായഭാവത്തിൽ) ആ! മനസ്സിലായി! ഞാൻ ഭയം കൂടാതെ സഞ്ചരിക്കാൻ കൽപ്പനകൊടുത്ത ചന്ദ്രനാകുന്നു.

ഈ പൂർണ്ണചന്ദ്രന്റെ രശ്മി ദേഹത്തിൽ തട്ടിയാൽ ചൂട് വർദ്ധിക്കുവാൻ കാരണമെന്ത്? ഇവനോട് ചോദിക്കുക തന്നെ. (കൈകെട്ടി നിന്ന് ചന്ദ്രനെ നോക്കി ഭംഗിനടിച്ച് സൗമ്യമായി വിളിക്കുന്നു) എടോ (ഇടം കൈ) ചന്ദ്രാ! (കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് ശിരാസിളക്കി “കേട്ടില്ലേ?“ എന്ന് നടിച്ച് അൽപ്പം ഘനസ്വരത്തിൽ വീണ്ടും) “എടോ ചന്ദ്രാ,“ , (ശ്രദ്ധിച്ച്) കേട്ടില്ലേ? (മൂന്നാമതും നല്ല ഉച്ചത്തിൽ) എടോ ചന്ദ്ര ഇളക്കമില്ലേ? (പെട്ടെന്ന് ദേഷ്യം വന്ന്) ചെവി പൊട്ടിത്തെറിച്ചിരിക്കുന്നുവോ? (ചോദ്യമുദ്ര കൈപ്പടങ്ങൾ ഇളക്കിക്കൊണ്ട് മുന്നിലേക്ക് കാണിക്കണം. അതേ ഭാവത്തിൽ ചന്ദ്രനിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച് നിൽക്കുമ്പോൾ ചന്ദ്രൻ ഭയപ്പെട്ട് വിളികേട്ടതറിഞ്ഞ് സന്തോഷിച്ച്) നോക്കിയാലും (ഇടം കൈകൊണ്ട്)


“ഹിമകര ഹിമഗർഭാ രശ്മയസ്താവകീനാ
മയിമദനവിധേയേ യേന വഹ്നീം വമന്തി
ന തവ ബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനക ദുഹിതുരേഷാ ശർവരീനാഥ ശക്തി" 

എന്ന ശ്ലോകം ആടുന്നു. അത് ഇപ്രകാരമാണ്:

എടോ ചന്ദ്ര, നിന്റെ തണുത്ത മഞ്ഞുകാളോടുകൂടിയ രശ്മികൾ കാമന് അധീനനായ എന്നിൽ തീക്കനലുകൾ എന്ന പോലെ വർഷിപ്പാൻ കാരണമെന്ത്? വേഗം പറഞ്ഞാലും. (അൽപ്പസമയം ചന്ദ്രനെ നോക്കി ശ്രദ്ധിച്ചു നിന്ന് “അല്ലാ‍ാ“ എന്ന് നടിച്ച്) എടോ ചന്ദ്രാ, എന്നെ ഉഷ്ണിപ്പിക്കുന്നത് നിന്റെ ബലമല്ലാ. (സ്വഗതം) പിന്നെ ആരുടേ? (വിചാരിച്ച്) കാമന്റെ ശക്തിയാണോ? അല്ലാ, പിന്നെ ആരുടെ? (വിചാരിച്ച് കൈകൾ മലർത്തി താഴിത്തിയിട്ട് വിഷാദം നടിച്ച്) മനസ്സിലായി, മനസ്സിലായി. ദുഃഖഭാജനമായും ജനകരാജാവിന്റെ മകളുമായുള്ള സീതയുടെ ശക്തി തന്നെ. (വീണ്ടും വിഷാദം നടിച്ച്) അതിനാൽ ഇനി എന്റെ ചൂട് ശമിപ്പിക്കുവാനായി സീതയുടെ സമീപത്തേയ്ക്ക് പോവുക തന്നെ. (“തന്നെ“ എന്ന മുദ്ര വിടുന്നതോടൊപ്പം മേളം  തൃപുട രണ്ടാം കാലം) ഉടനെ ഇടം കാൽ പീഠത്തിൽ വെച്ച് വലം കൈ മലർത്തി ഇടത്തോട്ട് നോക്കി പലരേയും കണ്ട്) എടോ, സൂതന്മാരേ, അശോക ഉദ്യാനത്തിലെക്ക് വഴി കാണിച്ചാലും. (ഇടം കൈകൊണ്ട് മാത്രം കാട്ടുന്ന ഒടുവിലത്തെ മുദ്ര മുകളിൽ നിന്ന് വിടുന്നതോടെ നാലാമിരട്ടി മേളം തുടങ്ങുന്നു. മുദ്ര താഴെ വന്ന് മുന്നോട്ടുതള്ളി വീണ്ടും ഉയർത്തുന്നതോടെ നാലാമിരട്ടി അവസാനിക്കുകയും പിന്നിലെക്ക് തിരിയുകയും ചെയ്യുന്നു.)
 
എടോ ചന്ദ്രാ എന്ന് മൂന്നുതവണ വിളിക്കുമ്പോൾ (അവസാനം ദേഷ്യം) ക്രമത്തിൽ വരുന്ന സ്വരഭേദം മുദ്ര കാണിക്കുന്ന രീതിയിൽ ഉണ്ടായിരിക്കണം. അതായത് ആദ്യം കാണിക്കുന്ന രീതിയിൽ ആവരുത് എടോ ചന്ദ്രാ എന്ന വിളി, രണ്ടാമതും കഴിഞ്ഞ് മൂന്നാമത് വിളിക്കുമ്പോൾ രാവണനു തോന്നുന്ന ക്രോധം മുദ്രയിൽ കാണണം.
 
ഉദ്യാനപ്രവേശം:-
നാലാമിരട്ടിയോടെ തിറശ്ശീല നീങ്ങുന്നു. വീണ്ടും വലന്തലയിൽ തൃപുടമേളം. ശിംശപാവൃക്ഷച്ചുവട്ടിൽ വലതുകാൽപ്പടം നിലത്തൂന്നുവലതുകൈപ്പടത്തിലേക്ക് ശിരസ്സണച്ച്, ഇടതുവശത്ത് നിലത്ത് സീത ദുഃഖിച്ചിരിക്കുന്നു. മേലാപ്പ്, ആലവട്ടം മുതലായ ആഡംബരങ്ങളോടെ സർവ്വാലങ്കാരവിഭൂഷിതനായി എഴുന്നള്ളുന്നരാവണൻ വലതുവശത്ത് പിന്നിൽ ഇടതുകോണിലേക്ക് തിരിഞ്ഞ്  താണുനിന്നുകൊണ്ടും വലം കയ്യ് ഒരു ഭൃത്യന്റെ തോളിൽ വെച്ചും ഇടം കയ്യിൽ മാറിനു നേരെ “ആഗ്രഹം“ എന്ന മുദ്ര പിടിച്ചും വിഷാദഭാവത്തോടെ പ്രവേശിക്കുന്നു. മുന്നിൽ അകമ്പടിക്കാർ ഇരുവശത്തു നിന്നും “പ്യ്, പോയ്“ എന്ന് ഉറക്കെ ഉച്ചരിച്ച് ജനങ്ങളോട് വഴിമാറുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു മുന്നോട്ട് നീങ്ങുന്നു. സ്മൃതി, വിഷാദം എന്നീ ഭാവങ്ങൾ മാറി മാറി നടിച്ചുകൊണ്ട് സാവധാനത്തിൽ കാൽ നിരക്കിക്കൊണ്ട് നീങ്ങുന്ന രാവണൻ, മേളം കൊട്ടിക്കൂർപ്പിച്ച് കലാശിക്കുന്നതോടൊപ്പംസീതയുടെ സമീപം എത്തി, ചുകപ്പുത്തരീയത്തോടെ കൈകൾ കെട്ട് സീതയെ കാണുന്നു. വീണ്ടുംതൃപുടമേളം ഒന്നാം കാലം തുടങ്ങുന്നു. സീതയെ കണ്ട് ആശ്ചര്യം, ശൃംഗാരം,വിഷാദം, രോമാഞ്ചം ഇവകൾ നടിച്ച ശേഷം മുഖത്തുസൂക്ഷിച്ചു നോക്കി ദീർഘനിശ്വാസത്തോടെ കാൽ കൂട്ടി മുന്നിലേക്ക് തിരിഞ്ഞ്, (ആത്മഗതം) കഷ്ടം!..(അത്രാസീനാപി സീതാ രാമ ത്പോവനം ഏവ ചിന്തയതി“. ഇവിടെ അതിവിശേഷമായ സ്ഥലത്തിരിക്കുന്ന സീത (ഇവൾ)ആ രാമനിരിക്കുന്ന തപോവനത്തെ തന്നെ ചിന്തിച്ച് ദുഃഖിക്കുന്നു. കഷ്ടം തന്നെ. ഇനി ഇവളെ സന്തോഷിപ്പിക്കുവാൻ ഉപായമെന്താണ്? (വിചാരിച്ച്) ഉണ്ട്. (ശൃംഗാരഭാവത്തോടേ-പ്രത്യേകമായ കാല്വെപ്പുകളോടെ-സീതയുടെ അടുത്ത് ചെന്ന് ഇരുന്ന് മുഖത്തുനോക്കി കഴുത്തിളക്കി ഭംഗിനടിച്ച്)അല്ലേ, സീതേ! ഭവതി രാമനെ ഓർത്ത് ഇങ്ങിനെ ദുഃഖിക്കുന്നതെന്തിനാണ്? (എഴുന്നേറ്റ്) രാമൻ (അമർഷത്തോടെ) തീരെ ശക്തിയില്ലാത്ത ഒരു മനുഷ്യപ്പുഴുവാണ്. രാജ്യത്ത് നിന്നും പുറംതള്ളപ്പെട്ടവനാണ്, ജടാവൽക്കലങ്ങൾ ധരിച്ച് കാട്ടിൽ നടക്കുന്നവനാണ്. അവനെ ഉപേക്ഷിക്കുക. ഞാൻ (വീരം) ആകട്ടെ അനേകം വീർനമാരെ യുദ്ധത്തിൽ വധിച്ച് ദേവസ്ത്രീകൾക്ക് ഭർത്താക്കന്മാരാക്കി സ്വർഗ്ഗത്തിലേക്കയയ്ക്കുന്നു (കൊന്ന് അവരെ സ്വർഗ്ഗത്തിൽ അയക്കുന്നു എന്ന് വ്യംഗ്യം) അതിനാൽ ദേവസ്ത്രീകൾ (ദേവസ്ത്രീകൾ പരസ്പരം പറയുന്നപോലെ) “രാവണൻ യോഗ്യനാണ്“ “രാവണൻ അതിയോഗ്യനാണ്“എന്നിങ്ങനെ പ്രശംസിക്കുന്നു. ഇങ്ങനെ യോഗ്യനായ എന്നോട് ചേർന്നിരിക്കൂ. (സീതയുടെ മുഖത്തേയ്ക്ക് നോക്കി ഭാവഭേദമില്ല എന്നറിഞ്ഞ്) സുന്ദരീ, ഈ കൽപ്പവൃക്ഷങ്ങളെ നോക്കൂ, ഈ വൃക്ഷങ്ങളെ മന്ദാകിനി (ദേവഗംഗ) തീരത്തല്ലാതെ മറ്റെങ്ങും കാണുകയില്ലെ. ഭൂമിയിലേക്ക് ഞാൻ (വീരം) കൊണ്ടുവന്നതാണ്.എന്നാൽ സ്വർഗ്ഗത്തിൽ ചെന്ന് കട്ടുകൊണ്ട് പോന്നതല്ലാ. ഇന്ദ്രനോട് (വലത്തോട്ടു നോക്കി) “എനിക്കൊരു കൽപ്പവൃക്ഷം തരണേ“ എന്ന് ഇരന്നുവാങ്ങിയതും അല്ല. ഇന്ദ്രൻ നോക്കിയിരിക്കുമ്പോൾ ഞാൻ (വീരം) ധൈര്യസമേതം ചെന്ന് (വലത്തോട്ട്) പറിച്ചുകൊണ്ട് പോന്നതാണ്. നോക്കൂ (സീതയെ ശ്രദ്ധിച്ച് ഭാവഭേദം കാണാഞ്ഞ്) അല്ലേ സീതേ, എന്നോട് ചേർന്നാൽ ഭവതിയ്ക്ക് നിത്യവും ഗംഗാജലത്തിൽ സ്നാനം ചെയ്യാം. കല്പകവൃക്ഷപ്പൂക്കൾ കൊണ്ട് ദേവപൂജ ചെയ്യാം. കൈലാസപർവ്വതത്തിലോ നന്ദനോദ്യാനത്തിലോ(നന്ദനോദ്യാനം=ദേവേന്ദ്രന്റെ ഉദ്യാനത്തിന്റെ പേരാണ്) ചെന്ന് യഥേഷ്ടം കളിക്കാം. വരൂ (വീണ്ടും ശ്രദ്ധിച്ച് മാറ്റം കാണായ്കയാൽ നിരാശയോടെ നെടുവീർപ്പിട്ട്( സുന്ദരീ, ആഭരണാലംകൃതനായ ഞാൻ ഇങ്ങനെ പ്രണയാഭ്യർത്ഥന ചെയ്യുമ്പോ ഭവതി ഒന്നു നോക്കുകപോലും ചെയ്യാതെ ചെവി പൊത്തുന്നുവല്ലൊ, കഷ്ടം!. കാമപീഡിതനായ എന്നെ ഒന്ന് നോക്കൂ. (ശ്രദ്ധിച്ച് ഈർഷ്യ നടിച്ചശേഷം നേരേ തിരിഞ്ഞ്) ഇനി ചെയ്യേണ്ടതെന്ത്? (വിചാരിച്ച്)ആ, ഉണ്ട്. സ്ത്രീകൾക്ക് സമ്പത്തിൽ കൊതിയുണ്ടാകും. അതിനാൽ ധാരാളം ദ്രവ്യം കൊടുത്ത് സന്തോഷിപ്പിക്കുക തന്നെ. (മേളം രണ്ടാം കാലം വലത്തോട്ട് നോക്കി) ഹേ കിങ്കരന്മാരേ, ദിവ്യമായ ആഭരണങ്ങൾ കൊണ്ടുവന്നാലും (അടന്ത വട്ടം) ഇടതുകോണിലേക്ക് തിരിഞ്ഞ് വലം-ഇടം കാലുകൾ മാറി മാറി മുന്നിൽ മടമ്പുകുത്തിവെച്ച് പരത്തിച്ചവിട്ടുന്നതോടെ ദേഹം ഉലച്ച് നാലുതവണ കൈ വീശുക. പിന്നെ കാലുകൾ മുന്നിലേക്കും പിന്നിലേക്കും നീക്കിവെച്ചുകൊണ്ട് നാലുതവണ കൈകൾ ഇരുവശത്തേക്കും മറിച്ച് നോക്കുക. എന്നിവ രണ്ടാവൃത്തി കഴിഞ്ഞാൽ വലം കോണിലേക്ക് കെട്ടിച്ചവിട്ടുന്നതോടൊപ്പം വലം കൈ മലർത്തി നീട്ടുന്നു. പ്രധാന കിങ്കരൻ വള കയ്യിൽ വെച്ചുകൊടുക്കുന്നു. അതുവാങ്ങി കാൽകൂട്ടി നേരേ തിരിഞ്ഞുനിന്ന് ഇരുകൈകളിലും ചേർത്തുനോക്കി ഭംഗിയും വലംകയ്യിലെടുത്ത് ചെവിയോട് ചേർത്ത് കുലുക്കി നാദഭംഗിയും നടിച്ചശേഷം ഒരു കിങ്കരനോട് ഇത് കിട്ടിയത് എവിടുന്ന്? (സ്വർഗ്ഗത്തിൽ നിന്നാണെന്ന മറുപടി കേട്ടതായി നടിച്ച് തൃപ്തിപ്പെട്ട്) വളകൈക്കുമ്പിളിലാക്കി ഇരുവശത്തേക്കുമായി നാലുകാൽ ഉലഞ്ഞ് ചവിട്ടിയശേഷം അടുത്ത് ചെന്നിരുന്നു വള സീതയുടെ മുന്നിൽ വെയ്ക്കുന്നു.) ഇതാ മനോഹരമായ വള! നോക്കിയാലും. (അതേ ഇരുപ്പിൽ കൈനീട്ടുന്നു. കുറുനിര കൊടുക്കുന്നു. എഴുന്നേറ്റ് അത് മുന്നിലേക്ക് ഉയർത്തിപ്പിടിച്ചിളക്കി ഭംഗി നടിച്ച് ഒരുവനോട്)ഇതിന്റെ അലുക്കുകളുടെ എണ്ണം കണക്കിലെഴുതിയാലും. (സീതയുടെ മുന്നിൽ വെച്ച്) വിശേഷമായ കുറുനിര ഇതാ. (എഴുന്നേറ്റ് മുന്നേപോലെ കൈകൾ വീശുകയും കാലുകൾ വെയ്ക്കുകയും ചെയ്തശേഷം വെച്ചുചവിട്ടി കഴുത്താരം വാങ്ങുന്നു. അത് ഉയർത്തിപ്പിടിച്ച് ഭംഗി നടിച്ച് ഒരുവനോട്)ഇത് കിട്ടിയത് എവിടെ നിന്നാണ്? (വൈശ്രവണനെ ജയിച്ച് സമയത്ത് കിട്ടിയതാണെന്ന മറുപടി കേട്ട് സന്തുഷ്ടനാകുന്നു. ഉടനെ മറ്റൊരുവനോട്)ഇതിന്റെ മുത്തുകൾ കണക്കിൽ ചേർക്കണം. (മുന്നേപോലെ ഉലഞ്ഞു ചവിട്ടി മുന്നിൽ വെച്ച്) ഇതാ, ഭംഗിയേറിയ മാല! (കൈ നീട്ടുന്നു. സിന്ദൂരച്ചെപ്പ് കൊടുക്കുന്നു. എഴുന്നേറ്റ് ഒരുവനെ അടുത്തേയ്ക്ക് വിളിച്ച് അവന്റെ നെറ്റിയിൽ കുങ്കുമം എടുത്ത് പൊട്ട് തൊട്ട് “ഭേഷ്! ഒന്നാം തരം“ എന്ന് നടിച്ച് സീതയുടെ മുന്നിൽ വെയ്ക്കുന്നു. വീണ്ടും കൈനീട്ടി കണ്ണാടി വാങ്ങി മുമ്പിലേക്ക് പിടിച്ച് തന്റെ മുഖഭംഗി നോക്കുമ്പോൾ പിന്നിൽ വന്ന് ഒളിഞ്നു നോക്കുന്ന കിങ്കരനെ ലഘുവായ നാലാമിരട്ടി മേളത്തോടെ കഴുത്തിൽ പിടിച്ച്തള്ളി അയക്കുന്നു. കണ്ണാടി മുന്നിൽ വെച്ച്) കണ്ണാടി നോക്കിയാലും. (എഴുന്നേറ്റ് വലത്തോട്ട് കെട്ടിച്ചവിട്ടി കൈ നീട്ടുമ്പോൾമുലക്കുരലാരം കൊടുക്കുന്നു.അതുവാങ്ങി രണ്ടുകയ്യിലും കൂട്ടിപ്പിടിച്ച് നോക്കി ഭംഗിയും വിഷാദവും നടിച്ചശേഷം ഒരുവനോട്)എടോ ഇതുകൊടുത്താൽ സീത എനിക്ക് സ്വാധീനയാവില്ലേ? (സംശയമാണെന്ന് പറഞ്ഞ അവനെ ദേഷ്യത്തോടെ നോക്കുന്നു. മറ്റൊരുവനോട് അതേ ചോദ്യം വീണ്ടും ചോദിക്കുന്നു. ഓഹോ! സ്വാധീനയാകും എന്ന മറുപടി കേട്ട് സന്തുഷ്ടനാകുന്നു. ഉലഞ്ഞു ചവിട്ടി അടുത്ത് ചെന്നിരുന്ന് മുന്നില്വെച്ച്)ഏറ്റവും മനോഹരമായ മുലക്കുരലാരം ഇതാ! കണ്ടാലും. (സീതയെ സൂക്ഷിച്ചു നോക്കി ഇളക്കമില്ലെന്ന് കണ്ടതിൽ കൈകൾ രണ്ടും അരയിൽ കുത്തി അമർഷം (തടമിളക്കി) നടിച്ചുകൊണ്ട് എഴുന്നേറ്റുനേരെ തിരിഞ്ഞ് നിന്ന്)
ഇനിഎന്താണ്? ആ, നല്ല പട്ടുവസ്ത്രം കൊടുക്കുക തന്നെ. (രണ്ടാം കാലം. ഒരു കിങ്കരനെ നോക്കി) നല്ല പട്ടുവസ്ത്രം കൊണ്ടുവന്നാലും. (മുൻപത്തെ പോലെ കൈകൾ വീശി കാലുകൾ വെച്ച് കെട്ടിച്ചവിട്ട് വലം കയ്യിൽ വാങ്ങി നിന്ന് ഭംഗി നടിച്ച് അത് നിവർത്ത് മറുതല ഒരുവന്റെ കയ്യിൽ കൊടുത്ത് കൈകൾ കൊണ്ടളക്കുന്നു. അതിനിടയിൽ വസ്ത്രത്തിനടിയിലൂടെ നൂണുകടന്ന ഒരുവനെ ലഘുവായ നാലാമിരട്ടിയോടെ തള്ളി അയക്കുന്നു. ഹെമ്പട മേളം. അനന്തരം മടക്കി വൃത്തിയാക്കിയ വസ്ത്രം വാങ്ങി) ഇനി ഇത് കൊടുത്ത് നല്ലവാക്കുപറഞ്ഞ് സന്തോഷിപ്പിക്കുക തന്നെ. (കൈക്കുമ്പിളിൽ പിടിച്ച വസ്ത്രത്തോടെ ചെറിയ നാലാമിരട്ടിയെടുത്ത് കലാശാത്തോടൊപ്പം സീതയുടെ മുന്നിലർപ്പിച്ച് ഇരിക്കുന്നു. ഇടം കാൽ മടക്കി ദേഹത്തോട് ചേർത്തും വലം കാൽ ചെറുമടക്കോടേ നിവർത്തി മുന്നോട്ടുവെച്ചും ആണ് ഇരിക്കുന്നത്.) ശേഷം പദം (അടുത്ത പേജിൽ) ആടുന്നു.
 
ആഭരണങ്ങൾ വാങ്ങി സീതയ്ക്ക് കൊടുക്കുന്നതിനു മുൻപ് അതെവിടെ നിന്ന് കിട്ടി,എങ്ങനെ കിട്ടിഎ എന്നൊക്കെ രാവണൻ കിങ്കരന്മാരോട് ചോദിക്കുന്നത് അജ്ഞതകൊണ്ടല്ല, മറിച്ച് സീത എല്ലാം കേൾക്കുവാനായിട്ടാണ്.
 
അനുബന്ധ വിവരം: 

കാമബാണപീഡയേറ്റ രാവണൻ സീതയുടെ സമീപം (ശ്ലോകത്തിലെ അലർശരപരിതാപാതു.. എന്ന ഭാഗം ഓർക്കുക) വരുന്നതിന്റെ മനോഹരവും ശലീകൃതമായ മുദ്ര, ആട്ടം എന്നിവ കൊണ്ട് നിറഞ്ഞതുമായ രംഗമാണിത്. കൂടിയാട്ടത്തിൽ നിന്നും കഥകളിയിലേക്ക് വന്ന ദൃശ്യാവിഷ്കാരമാണിത്. ഇനിയുള്ള ആട്ടങ്ങൾ,

വര്‍ഷവരാനനുമയാ ചിരം
നിര്‍വാസിതസ്യ
സൂര്യസ്യ ലങ്കയാം കഃപ്രസംഗഃനായം
സൂര്യഃ മയാ ദത്താഭയശ്ചന്ദ്രമാഃ

അർത്ഥം:- ഹേ വർഷവരാ, (ലങ്കാപുരിയിലെ അന്തഃപ്പുരത്തിലെ നപുംസകമായ ഒരു കാവൽക്കാരന്റെ പേരാണ് വർഷവരൻ) എന്നാൽ ലങ്കയിൽ നിന്നും നിഷ്കാസിതനാക്കപ്പെട്ട സൂര്യൻ, ഇപ്പോൾ ആരുപറഞ്ഞാണ് ഇവിടെ വന്നത്? ചന്ദ്രനു ഞാൻ അഭയം കൊടുത്തിട്ടുണ്ട്.
 
 
ഹിമകര ഹിമകരഗര്‍ഭാ രശ്മയസ്താവകീനാ-
മയി മദനവിധേയേ യേന വഹ്നിം വമന്തി
ന തവ ബലമനംഗസ്യാപി വാ ദുഃഖഭാജോ
ജനക ദുഹിതുരേഷാ ശര്‍വരീനാഥ! ശക്തി
 
അർത്ഥം:- അല്ലയോ ഹിമകര! ഉള്ളില്‍ ഹിമംനിറഞ്ഞതായ നിന്റെ രശ്മികള്‍കൊണ്ട്, കാമദേവനു കീഴ്‌പ്പെട്ടിരിയ്ക്കുന്ന ഈയെന്നില്‍ നീ ഏതുവിധത്തില്‍ തീ ചൊരിയാനാണ്? ഇത്(ഇപ്പോഴത്തെ എന്റെ നില) നിന്റെയോ കാമന്റെയോ ബലമല്ല; ഹേ, ചന്ദ്ര! ദുഃമനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സീതയുടെ ശക്തിയാണത്.
 
 
ശ്രീ കൈതയ്ക്കൽ ജാതവേദന്റെ തർജ്ജുമ:-
ഹിമകര! ഹിമമൂറും നിന്‍ കരച്ചാര്‍ത്തിനാല്‍ നീ
സുമശരവശനാമീയെന്നിലെമ്മ,ട്ടിടും തീ?
ക്ലമകരമിതു നീയോ കാമനോ പൂണ്ടകെല്‍പ്പ ക
ല്ലമലമഴലിലാഴുംസീതതന്‍ ശക്തിതന്നെ
 
 
രാജ്യച്യുതം വിപിനചാരിണമാത്തചീരം
തം ദുര്‍ബ്ബലം മനുജകീടമപാസ്യ ബുദ്ധ്യാ    
സീതേ! ഭജസ്വ വിബുധേന്ദ്രപുരീപുരന്ധ്രീ
സങ്കീര്‍ത്യമാനയശസം ദശകണ്ഠമേനം
 
അർത്ഥം:- രാജ്യം നഷ്ടപ്പെട്ടവനും കാട്ടില്‍ നടക്കുന്നവനും മരവുരിയുള്ളവനും ബലമറ്റവനുമായ അവനെ വെടിഞ്ഞ് അല്ലയോ സീതേ! (നീ) ബുദ്ധിപൂര്‍വ്വം, സ്വര്‍ഗ്ഗസ്ത്രീകള്‍ പാടിപ്പുകഴ്ത്തുന്ന യശസ്സുള്ളവനായ ഈ ദശകണ്ഠനെ ഭജിച്ചാലും.
 
 
ശ്രീ കൈതയ്ക്കൽ ജാതവേദന്റെ തർജ്ജുമ:-
നാടായകന്നു ബലമ,റ്റയി! ചീരമേന്തി ക
ക്കാടാര്‍ന്നൊരാ നരഘുണത്തെ വെടിഞ്ഞു സീതേ!
വാടാതെ വേള്‍ക്കു,കമരീജനകീര്‍ത്തിതശ്രീ ക
യ്ക്കീടാം ദശാസ്യനിവനെസ്സവിവേകമാര്യേ!
 
 
ഏതേ സ്വര്‍ഗ്ഗവിഭൂഷണം വിടപിനോ മന്ദാകിനീരോധസോ
ധീരം പശ്യതി ദേവഭര്‍ത്തരിമഹീം നേതും മയാസ്ഥാലിതം
ഏഷാചുംബതി രാജഹംസമിഥുനം ഹെമാംബുജാന്യേകതോ
ദൃഷ്ട്വാ പല്ലവമന്യതശ്ചകലികാ മാദ്യന്തിപുംസ്കോകിലഃ 
 
 
എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്.
 
രംഗത്തിന്റെ പിൻഭാഗത്ത് രാവണൻ മണ്ഡോദരിയെ ആലിംഗനം ചെയ്ത് നിൽക്കുമ്പോൾ തിരശ്ശീല താഴുന്നു. അതിനുശേഷം മുന്നിലേക്കും പിന്നിലേക്കുമായി പലതവണ കാൽ നിരക്കി നീങ്ങുന്നു. ഓരോയിടത്തും നിന്നുകൊണ്ട് സീതയെ പറ്റി ഓർത്ത്, സ്മൃതി, ഹർഷം,വിഷാദം, സുഖം എന്നീഭാവങ്ങൾ ആവർത്തിച്ചു അഭിനയിക്കുന്നു. ക്രമത്തിൽ വിഷാദ്ത്തിനു ശക്തി കൂടി മുന്നിലേക്ക് രണ്ടുകാൽ തൂക്കിവെച്ച് വിളക്കിനടുത്ത് ചെന്ന് കാൽ പരത്തി നിന്ന്ചൂടുനടിച്ചുകൊണ്ട് തിരശ്ശീല പൊക്കുന്നു. ഈ സമയത്ത് രണ്ടും മൂന്നും കാലങ്ങളിൽ തൃപുടമേളം. മുന്നിൽ ഇരുവശത്തും “പോയ്, പോയ്“ എന്ന് പറഞ്ഞ് വഴിയൊഴിപ്പിക്കുന്ന അകമ്പടിക്കാർ. മേലാപ്പും ആലവട്ടവും പത്ത് തലയെ അനുസ്മരിപ്പിക്കുന്നവിധത്തിൽ ഇരുവശത്തും പിടിച്ച കിരീടങ്ങൾ. അങ്ങിനെ സീതയുടെ അടുത്തേയ്ക്കുള്ള അഴകിയരാവണന്റെ എഴുന്നള്ളത്തിന്റെ മാതൃകയിൽ ആയിരുന്നു പഴയ ചിട്ട.
 
രാവണന്റെ അന്തഃപ്പുരരംഗവും ഉദ്യാനപ്രവേശനഭാഗവും കൂടുതൽ സ്വാഭാവികമാക്കാനുള്ള ഉദ്ദേശത്തോടെ കലാ.പദ്മനാഭൻ നായരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ശ്രീമാന്മാർ പദ്മഭൂഷൺ കലാ.രാമൻ കുട്ടി നായർ, കലാ.കൃഷ്ണൻ കുട്ടി പൊതുവാൾ എന്നിവരോടും പദ്മശ്രീ മാണിമാധവച്ചാക്യാരോടും പണ്ഡിതന്മാരായ ചില ആസ്വാദകരോടും കൂടിയാലോചിച്ച് പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയ ആട്ടക്രമമാണ് ഇവിടെ വിവരിക്കുന്നത്. കലാ. പദ്മനാഭൻ നായരുടെ “ചൊല്ലിയാട്ടം“ എന്ന പുസ്തകമാണ് ഈ വെബ്‌സൈറ്റ് പ്രധാനമായും വിവിധ കഥകളിലെ ആട്ടക്രമങ്ങൾക്ക് ആശ്രയിക്കുന്നത് എന്ന് പ്രത്യേകം പറയട്ടെ.
 
ഇത്രയും അനുബന്ധവിവരങ്ങൾ.
മനോധർമ്മ ആട്ടങ്ങൾ: