കല്യാണാലയ! വാചം മേ വല്ലഭാ കേൾക്ക
ശ്ലോകസാരം. കാലേസ്മിൻ സദനേ..
പദം:-നന്മയുടെ ഇരിപ്പിടവും മല്ലന്റെ ശത്രുവുമായ ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവനായ എന്റെ ഭർത്താവ് ആദരത്തോടേ കേൾക്കുക. അല്ലയോ ശ്രേഷ്ഠനായവനെ, സ്വകർമ്മങ്ങളിൽ പെട്ട് വലയുന്നതിനാൽ ബ്രാഹ്മണശ്രെഷ്ഠനും ഗുണവാനുമായ അങ്ങയോടേ എന്റെ സങ്കടത്തെ ഞാൻ പറയുന്നു. നമുക്കുള്ളതുപോലെ ഇത്രയധികം ദാരിദ്ര്യദുഃഖം മറ്റാർക്കും ഉണ്ടാകില്ല. വീട് ആകെ ദ്രവിച്ചു വെഴാറായിരിക്കുന്നു. സകലതിനും ദാരിദ്ര്യം. ചോറും ധരിക്കാനുള്ള വസ്ത്രങ്ങളും ഒന്നും ഇല്ല. ഇതൊക്കെ ഓർത്താലുള്ള സങ്കടം ഏറെയാണ്. സഹിക്കാൻ പറ്റുന്നില്ല. വീടുവീടാന്തരം കയറിയറങ്ങി നാടുമുഴുവനും യാചിച്ചു നടന്നാൽ തന്നെ ദയ തോന്നുന്നവരെ ആരെയും കാണാൻ ഇല്ല. അല്ലയോ ആര്യപുത്രാ, അതുമല്ലെങ്കിൽ സന്ധ്യയാകുമ്പൊൾ ആരെങ്കിലുമൊക്കെ സ്വല്പം നെല്ല് മടിക്കാതെ തന്നാൽ അതും കഷ്ടം തന്നെ. (സന്ധ്യയ്ക്ക് ഒട്ടും നല്ലതല്ലാത്ത നെല്ല് കിട്ടിയാൽ അത് കുത്തി അരിയാക്കി കുട്ടികൾക്ക് ചോറുണ്ടക്കി കൊടുക്കാനുള്ള ബുദ്ധിമുട്ട് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.) സ്വർണ്ണത്താലി, കമ്മലുകൾ ഒന്നും എന്റെ കയ്യിൽ ഇല്ലാത്തതിനാൽ അവകൊടുത്ത് ഭക്ഷണം വാങ്ങാൻ പറ്റില്ല എന്നും അങ്ങേയ്ക്ക് അറിയാമല്ലൊ.