പാഥോജവിലോചനേ നാഥേ
താമരക്കണ്ണീ, പ്രിയഭാര്യേ, നീ പറഞ്ഞത് സത്യം തന്നെ. അർജ്ജുനന്റെ സാരഥിയായിരുന്ന ശ്രീകൃഷ്ണഭഗവാനെ കാണാൻ അല്ലയോ ബാലേ, ഞാൻ നാളെ തന്നെ യാത്രയാകുന്നുണ്ട്. ധനം അനർത്ഥകാരണമായതിനാൽ എന്തിനു മോഹിക്കണം എന്ന് വിചാരിക്കുമ്പോൾ ആ ധനത്തിൽ ഒട്ടും എനിക്ക് മനസ്സിൽ ആഗ്രഹം ഉണ്ടാകുന്നില്ല. എന്നിരുന്നാലും ഭാര്യേ, ദേവകീപുത്രനായ ഭഗവാൻ ശ്രീകൃഷ്ണനെ കാണുക എന്നത് മോക്ഷത്തിനു കാരണമാണ് എന്ന്, അല്ലയോ കറുത്ത് ഇരുണ്ട തലമുടിയുള്ളവളേ, ഞാൻ കരുതുന്നു. ലോകനാഥനായ കൃഷ്ണനെ കാണാൻ പോകുമ്പോൾ എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുക്കണം. അല്ലയേ പൂർണ്ണചന്ദ്രന്റെ ശോഭയുള്ള മുഖത്തോടുകൂടിയവളെ, ഇക്കാര്യത്തിൽ സംശയം ഹൃദയത്തിൽ, ഒട്ടുമരുതേ. ഇന്നത് എന്നില്ല, മലരോ, പൂവോ, അവിലോ, കുതിര, ആന, പഴം തുടങ്ങിയ എന്തുമാകാം. അവനോനു പറ്റുന്നപോലെ നിഷ്കളങ്ക ഭക്തിയോടെ നൽകിയാൽ മതിയാകും. അല്ലയോ താമരക്കണ്ണീ. മല്ലന്റെ ശത്രുവായ ഭഗവാനു എല്ലാ വസ്തുക്കളും ഇഷ്ടം തന്നെ. പറഞ്ഞതിൽ എന്തെങ്കിലും ഒന്ന് വേഗം അല്ലയോ സുന്ദരീ നീ തന്നീടേണം. അല്ലയോ ആരോമലേ! സർവ്വലോകങ്ങളും നിറഞ്ഞുനിൽക്കുന്ന (ലോകരക്ഷകനായ) ശ്രീകൃഷ്ണപ്രഭുവിനെ കാണാൻ, കയ്യിൽ ഒന്നും ഇല്ലാതെ ആരും തന്നെ, തന്റെ വീട്ടിൽ നിന്ന് പുറപ്പെടരുതാത്തതാണല്ലൊ.