സാരസനേത്രാ പോരുമേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സാരസനേത്രാ പോരുമേ കുചിപിടകം
പാരാതശിച്ചതദ്യ നീ
കാരുണ്യലവം മയി തീരെയില്ലെന്നതും
നേരെ ബോധമിതെത്രയും മാമക നാഥ
 
ഉദ്വാഹദിനം തുടങ്ങി വേർപിരിയാതെ
ചൈദ്യമഥന ! നിന്നോടും
സ്വൈര്യം വാണീടുമെന്നെ നീ മാനസതാരിൽ
കാരുണ്യനിധേ ! മറന്നോ മാമകനാഥാ
 
വാണീയമതിക്രമിച്ചു ഏകമുഷ്ടിയാൽ
നാണീയമല്ലേ ഭോജനം
വാണീവരാദിവിനുത നിന്നോടു കൂടി
വാണീടവേണം മാമക നാഥാ
 
വൃദ്ധനാം ധരാദേവന്റെ സാദ്ധ്വീമണിക്കു
ഭൃത്യയാക്കുവാനുറച്ചോ ?
നിത്യമല്ലാത്ത ചാപല വൃത്തികൾ കണ്ടാൽ
പത്നിമാരോതും നിസ്സർഗ്ഗം മാമകനാഥാ!
 
വല്ലഭാ ഭവനോടു ഞൻ ചൊന്നതുകൊണ്ടു
ശല്യമെന്നിപ്പോൾ മാനസ
പല്ലവേ തോന്നരുതൊട്ടുമേ സഹിക്കാഞ്ഞിതു
ചൊല്ലിയെന്നതുമോർക്കണം മാമകനാഥ
 
അർത്ഥം: 

അല്ലേ താമരക്കണ്ണാ! മതി മതി ഈ ചീത്ത അവിൽ കഴിച്ചത് ഇപ്പോൾ മതി. (ഇനി കഴിക്കരുത്). അല്പം പോലും എന്റെ നാഥാ! അങ്ങേയ്ക്ക് എന്നോട് കരുണ ഇല്ലേ? ഇല്ലാന്ന് ഇപ്പോൾ നേരിട്ട് അറിയുന്നു.(ഒരു ലേശം ആ ചീത്ത അവിൽ ശ്രീകൃഷ്ണൻ കഴിച്ചപ്പോഴേ, കുചേലന്റെ വീട്ടിൽ ധനം വന്നു കുമിഞ്ഞു. മുഴുവൻ കഴിച്ചാൽ, ആ രുക്മിണി കൂടെ കുചേലന്റെ ദാസി ആയി അവിടെ പോകേണ്ടി വരും. രുക്മിണിയ്ക്ക് പ്രശ്നവും അതാണ്. അതാണ് ചോദ്യത്തിൽ എന്നോട് കരുണ ഇല്ലേ എന്നതിന്റെ വ്യഗ്യം.) ഉദ്വാഹദിനം=വിവാഹദിവസം, അതു മുതൽ ചൈദ്യമഥനൻ (അസുരന്മാരെ പോലെ ഒരു വംശം അവരോടും ശത്രുത അവരേയും നിഗ്രഹിക്കുന്ന ആൾ ആണു കൃഷ്ണൻ) ആയ നിന്നോടു കൂടെ ഞാൻ സ്വൈര്യമായി കഴിയുന്നു. അങ്ങനെ ഉള്ള ഈ എന്നെ, കാരുണ്യവാരിധിയായ എന്റെ ഭർത്താവ്. മറന്നുവോ? എന്നെ ഈ വൃദ്ധബ്രാഹ്മണന്റെ ഭാര്യയുടെ ദാസിയാക്കുവാൻ തീരുമാനിച്ചുവോ? പതിവില്ലാത്ത ഇത്തരം ചപലതകൾ കണ്ടാൽ സ്വാഭാവികമായും ഭാര്യമാർക്കും ചപലത നിർത്താൻ തുറന്ന് പറയേണ്ടി വരും. പ്രിയഭർത്താവേ. ഞാൻ ഈ പറയുന്നതൊക്കെ ഒരു ശല്യമായി ഒട്ടും തോന്നരുതേ. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്താത് കൊണ്ട് പറഞ്ഞതാണേ, എന്റെ നാഥാ!