വാരിജേക്ഷണ ശൃണു വചനം
താമരക്കണ്ണാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയോടുകൂടിയവനേ, എന്റെ വാക്കുകൾ ശ്രവിച്ചാലും.
കാമതുല്യാ, ഭവാനെ കാണുകയാൽ എന്റെ മനസ്സിൽ കാമവേദന പെരുകുന്നു. സുന്ദരശരീരാ, ഭംഗിയായി കാമകേളികളാടുവാനായി എന്റെ അരുകിലേയ്ക്കു് വന്നാലും. സുമതേ, ദയയോടെ പന്തിനൊക്കുന്ന കുളിർമുല പുണർന്ന് വഴിപോലെ ചെമ്പരത്തിപ്പൂപോലുള്ള അധരം നുകർന്നാലും.
സാരസോത്ഭവനാദി എന്ന ചരണം പതിവില്ല. എന്നുടെ മാനസേ കഴിഞ്ഞാൽ ചെന്താർബാണ എന്ന ചരണമേ ഉള്ളൂ. പദം കഴിഞ്ഞു നരകാസുരന്റെ ആട്ടം.
(ആത്മഗതമായി)'ഹോ! ഈ ലോകത്തിൽ ഇവൾക്കുതുല്യം സൗന്ദര്യമുള്ളവൾ വേറെ ആര്? ഞങ്ങളെപ്പോലെ നടത്തത്തിന് ഭംഗിയുണ്ടായിട്ട് മറ്റാരുമില്ലെന്ന് ഹംസങ്ങൾക്ക് ഒരു ഗർവ്വുണ്ട്. ഇവളുടെ ഗമനഭംഗി വിചാരിച്ചാൽ ഹംസങ്ങളുടെ ഗർവ്വ് വൃഥാവിൽ തന്നെ. പിന്നെ, കുയിലുകൾ ഞങ്ങളെപ്പോലെ ശബ്ദഗുണം വേറെയാർക്കും ഇല്ലെന്ന് അഹങ്കരിക്കുന്നു. ഇവളുടെ ശാരീരഗുണം വിചാരിച്ചാൽ കുയിലുകൾ മൗനം ദീക്ഷിക്കണം. പിച്ചകപൂവിന് തന്നോളം മാർദ്ദവം മറ്റൊന്നിനുമില്ലെന്ന് ഗർവ്വുണ്ട്. ഇവളുടെ ദേഹമാർദ്ദവം വിചാരിച്ചാൽ പിച്ചകപ്പൂകൂടി കരിങ്കല്ലുപോലെ തോന്നും. ഇവളുടെ ദേഹകാന്തി വിചാരിച്ചാൽ ശ്രീഭഗവതി കാഷായമുടുത്ത് സംന്യസിക്കണം. ഇത്ര സൗന്ദര്യമുള്ള ഇവളെ ഭാര്യയായി ലഭിച്ചത് എന്റെ ഭാഗ്യംതന്നെ. കഷ്ടം! ലക്ഷ്മിയെജയിക്കുന്നവളായ ഇവൾ സമീപത്ത് വസിക്കുമ്പോൾ ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരുവാനായി ഞാൻ നക്രതുണ്ഡിയെ നിയോഗ്ഗിച്ചുവല്ലോ?' (ലജ്ജനടിച്ചിട്ട്)'ഉം, ആകട്ടെ.'
ഈ ആട്ടം
സല്ലാപോയദി സാദ്ധ്യതാം പരഭൃതൈർവ്വാചം യമത്വവ്രതം
അംഗാനാമകഠോരതാ യദിദൃഷൽ പ്രായൈവ സാ മാലതീ
കാന്തിശ്ചേൽ കമലാ കിമത്രബഹുനാ കാഷായമാലംബ്യതാം
തുടർന്ന് നരകാസുരൻ എഴുന്നേറ്റ് പത്നിയെ ആലിംഗനം ചെയ്യുന്നു. ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുമ്പോൾ അവിചാരിതമായി എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്ന നരകാസുരൻ 'എന്തെങ്കിലും ആകട്ടെ' എന്ന് മുഖംകൊണ്ട് ഭാവിച്ച് വീണ്ടും സുഖദൃഷ്ടിയിൽ നിൽക്കുന്നു.
രൂപവർണ്ണന/നിണംവരവ് ആട്ടം-
('അഡ്ഡിഡ്ഡിക്കിട'വെച്ചിട്ട് വലതുവശത്തുള്ള പീഠത്തിൽ കയറി ഇടത്തുഭാഗത്ത് ദൂരേയ്ക്ക് ദൃഷ്ടിയുറപ്പിച്ച് ആലോചനയോടുകൂടി)'ദൂരെ ഒരു ശോഭകാണുന്നതെന്ത്? (പീഠത്തിൽ നിന്നും ചാടിയിറങ്ങി ഇടതുകോണിലേയ്ക്ക് ഓടിചെന്ന് സൂക്ഷിച്ചുനോക്കിയശേഷം വീണ്ടും പിന്നോക്കം വന്ന് ഇടംകാൽ പീഠത്തിലുയർത്തിവെച്ചുനിന്ന് ഇടത്തുഭാഗത്തേയ്ക്കുതന്നെ നോക്കിക്കൊണ്ട്)'ഒരു സ്ത്രീയുടെ മൂക്കും കാതും മുലകളും ഛേദിക്കപ്പെട്ട് നിണമണിഞ്ഞ് വരികയാണ്. ഇവൾ ആര്?' (വീണ്ടും ഓടി ഇടത്തുകോണിലേയ്ക്കുവന്ന് ഉദ്വേഗത്തോടെ നോക്കിയിട്ട്)'ഏ? എന്റെ കൽപ്പനയോടുകൂടി സ്വർഗ്ഗത്തിലേയ്ക്കുപോയ നക്രതുണ്ഡിയോ?' (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയശേഷം പെട്ടന്ന് പിന്നോട്ടുചാടിനിന്നിട്ട്)'അതെ, അതെ. കഷ്ടം! ഇവളെ ഇപ്രകാരം ചെയ്തതാര്? അറിയുകതന്നെ'
നരകാസുരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. നക്രതുണ്ഡിയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം നരകാസുരൻ വിളിക്കുമ്പോഴേക്കും, 'അയ്യയ്യയ്യോ' എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ നക്രതുണ്ഡി) രംഗത്തേയ്ക്കു പ്രവേശിച്ച് നരകാസുരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
നരകാസുരൻ:(അനുഗ്രഹിച്ചശേഷം നക്രതുണ്ഡിയെ നന്നായി നോക്കിക്കണ്ടിട്ട്)'കഷ്ടം! ഇപ്രകാരം ചെയ്തത് ആര്? വേഗം പറഞ്ഞാലും.'
നക്രതുണ്ഡി ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.
( നിണം ഇല്ലാതെയും ഈ ഭാഗം പതിവുണ്ട്. നരകാസുരൻ നിനത്തെ കണ്ടതായി നടിച്ച് മുകളിൽ പറഞ്ഞ ആട്ടം ആടുന്നു. )
ഇങ്ങനെ ആണ് ഇപ്പോൾ പൊതുവെ പതിവ്.