പരിതാപം ഹൃദി കരുതീടേണ്ട നീ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
പരിതാപം ഹൃദി കരുതീടേണ്ട നീ
പരിചൊടെന്മൊഴി കേള്‍ക്കെടോ
കരുതീടുക ബാല കരളിലുത്സാഹം
കാര്യവിഘാതകമയി നിര്‍വ്വേദം‍
 
ശൂരമണേ ശൃണു മയോദിതം ബഹു
സാരമതേ മതി വിഷാദിതം
കൌരവ! സമ്പ്രതി തവേഹിതം
അയി വീര! മയാ ഖലു സുസാധിതം
 
പാര്‍ത്തലമിന്നിതിലൊരുത്തരും വര-
പോര്‍ത്തലമാര്‍ന്നതി കരുത്തരും
പാര്‍ത്ഥജയത്തിനു സമര്‍ത്ഥരും നഹി
പാര്‍ത്തുചതിക്കുക ജയം വരും
 
ആതുരഭാവമിതൊഴിക്കണം തവ
താതനുമിന്നനുവദിക്കണം
പ്രേതപപുത്രനെ വരുത്തണം
മമ ചാതുര്യച്ചതിയെടുക്കണം
 
(കാലം തള്ളി)
ചൂതുകളിപ്പതിനുറയ്ക്കണം അവര്‍
ചേതസിയങ്ങതു രസിക്കണം
ഏതുവിധത്തിലുമരക്ഷണം മതി
ഭൂതലമൊക്കെയുമടക്കണം.
 
അർത്ഥം: 
നീ മനസ്സില്‍ പരിതാപം കരുതീടേണ്ട. സാദരം എന്റെ മൊഴി കേള്‍ക്കെടോ. ബാലാ, കരളില്‍ ഉത്സാഹം കരുതിയാലും. ദു:ഖിച്ചിരിക്കുന്നത് കാര്യസാദ്ധ്യത്തിന് തടസമാണ്. ശൂരശ്രേഷ്ഠാ, ഞാന്‍ പറയുന്നത് കേട്ടാലും. ബഹുസാരമതേ, മതി വിഷാദിച്ചത്. കൌരവാ, അല്ലയോ വീരാ, അതില്‍ നിന്റെ ഹിതം ഞാന്‍ പെട്ടന്ന് സാധിപ്പിച്ചുതരാം. കരുത്തരായ പാര്‍ത്ഥന്മാരെ പോര്‍ത്തലത്തില്‍ നേരിട്ട് ജയിക്കുവാനായി സമർത്ഥരായ ആരും ഇന്ന് ലോകത്തിലില്ല. തക്കം പാര്‍ത്ത് ചതിച്ചാല്‍ ജയം ലഭിക്കും. അതിനായി നിന്റെ ദു:ഖഭാവം ഒഴിക്കണം. താതനും ഇന്ന് അനുവദിക്കണം. ധര്‍മ്മപുത്രനെ വരുത്തണം. എന്റെ ചതിചാതുര്യം പുറത്തെടുക്കണം. അവര്‍ ചൂതുകളിക്കുവാന്‍ തീരുമാനിക്കണം. മനസ്സില്‍ അത് രസിക്കണം. ഏതുവിധത്തിലും അരക്ഷണം മതി ഭൂതലമൊക്കെയും നാം പിടിച്ചെടുക്കണം.
 
അരങ്ങുസവിശേഷതകൾ: 

ആട്ടം:-

ദുര്യോധനന്‍: (പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന മാതുലനെ വന്ദിച്ചശേഷം) ‘ഞാന്‍ ചൂതിനു വിളിച്ചാല്‍ അവര്‍ വരാതിരിക്കുമോ?’
ശകുനി:‘ധര്‍മ്മപുത്രന് ചൂതുകളി വളരെ ഇഷ്ടമാണ്. നീ വിളിച്ചാല്‍ മടി പറയുകയില്ല. എന്നെ വിശ്വാസമില്ല. എന്നാല്‍ ചൂതുകളി രാജാക്കന്മാര്‍ക്ക് ധര്‍മ്മം ആയതിനാല്‍ ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രന്‍ സമ്മതിക്കും. കളിച്ചാല്‍ ജയം എനിക്ക്, രാജ്യം നിനക്ക്. അതിനായി വേഗം ഉത്സാഹിച്ചുകൊള്‍ക’
ദുര്യോധനന്‍:‘എന്നാല്‍ ഇനി ഞാന്‍ അച്ഛനോട് സമ്മതം വാങ്ങിയിട്ട് പാണ്ഡവരെ ചൂതിനു ക്ഷണിക്കാന്‍ ശ്രമിക്കട്ടെ’
ദുര്യോധനന്‍ വീണ്ടും ശകുനിയെ വണങ്ങി അനുഗ്രഹം വാങ്ങിയിട്ട് നിഷ്ക്രമിക്കുന്നു. ദുര്യോധനനെ യാത്രയാക്കിക്കൊണ്ട് ശകുനിയും നിഷ്ക്രമിക്കുന്നു.