ചിത്രം വിചിത്രമീ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ചരണം 2:
ചിത്രം വിചിത്രമീ വൃത്താന്തമൊക്കവേ
പ്രീത്യാ ഗമിക്കുന്നു ഞാന്‍ 
ധൂര്‍ത്തന്‍ ശഠന്‍ കുമതി ദുര്യോധനന്‍ തന്റെ
ദുര്‍മ്മദമടക്കീടുവന്‍

(ഭവതു തവ മംഗളം.............)

അർത്ഥം: 

വിശേഷമായി! ഈ ചരിതമൊക്കെ വിചിത്രം തന്നെ. ഞാന്‍ പ്രീതിയോടെ ഗമിക്കുന്നു. താന്തോന്നിയും വാശിക്കാരനും ദുഷ്ടനുമായ ദുര്യോധന്റെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്.

അരങ്ങുസവിശേഷതകൾ: 

"ധൂര്‍ത്തന്‍, ശഠന്‍“ തുടങ്ങി കാലംകയറ്റി പാടുന്നു.

പദാവസനത്തിലെ കലാശത്തോടൊപ്പം ദുര്‍വാസാവ് ദുര്യോധനനെ ശപിക്കാനൊരുങ്ങുന്നു. ധര്‍മ്മപുത്രന്‍ ഓടിച്ചെന്ന് അത് തടയുന്നു. ധര്‍മ്മപുത്രനെ നോക്കി ചിരിച്ചിട്ട് ദുര്‍വാസാവ് പല്ലവി ആവര്‍ത്തനം ആടുന്നു.

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ദുര്‍വാസാവിനെ കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘അല്ലയോ രാജാവേ, ശ്രീകൃഷ്ണന്റെ കാരുണ്യം ഉള്ളതിനാല്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഈ സങ്കടങ്ങളേല്ലാം ഉടനെ ഒഴിയും. ശത്രുക്കളെ ജയിച്ച് നിങ്ങള്‍ സന്തോഷത്തോടെ രാജ്യം ഭരിക്കും’
ധര്‍മ്മപുത്രന്‍:‘എല്ലാം ഇവിടുത്തെ കാരുണ്യം പോലെ വരട്ടെ’
ദുര്‍വാസാവ്:‘എന്നാല്‍ ഞങ്ങളിപ്പോള്‍ പോകട്ടെ. സന്തോഷത്തോടെ വസിച്ചാലും’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് ദുര്‍വാസാവിനെ യാത്രക്കുന്നതോടെ ഇരുവരും നിഷ്ക്രമിക്കുന്നു.

തിരശ്ശീല