കമലദള ലോചനേ മ്മ ജീവ നായികേ
പദം:-താമരയിതളുപോലെ ഉള്ള കണ്ണുകളുള്ളവളേ, എന്റെ പ്രാണസഖീ, എന്നോട് ദേഷ്യപ്പെടാൻ ഇപ്പോൾ ഒരു കാരണവും ഇല്ലല്ലൊ. കൈപ്പടത്തിന്റെ പാർശ്വഭാഗത്തിനൊത്ത തുടയോടു കൂടിയവളേ, ഞാൻ ഒരു തെറ്റുചെയ്തതായൈ ഓർക്കുന്നില്ലല്ലൊ. നിന്റെ കാലുകൾ ആണേ സത്യം. താരുണ്യം നിറഞ്ഞ ദേഹത്തോടുകൂടിയവളെ, നീ ഒഴിച്ച് ഒരു തരുണിമാരിലും എനിക്ക് സന്തോഷം ഇല്ല. പിന്നെ പരിഭവിക്കുന്നതെന്തിനു? എനിക്ക് കാമപീഡ വളരുന്നു ദേഹം തളരുന്നു. അതിനാൽ കലഹം നീ കളയുക. അല്ലയോ ആനയുടെ നടത്തം പോലെ നടക്കുന്നവളേ, എന്നിൽ മനസ്സ് തെളിഞ്ഞ് കുളിർമുലകൾ പുണരുവാൻ കിടക്കയിലേക്ക് വരിക. കഷ്ടം! യുദ്ധത്തിനിടയ്ക്ക് കൂടെ വാടാത്ത എന്റെ ദേഹം കാമദേവന്റെ അമ്പുകളേറ്റ് വല്ലാതെ തളരുന്നു. അല്ലയോ ചലനഭംഗിയായ കണ്ണുകൾ ഉള്ളവളേ, നിന്റെ കാൽക്കൽ വീണ് നിനക്ക് അടിമപ്പെട്ട എന്നെ ഉപേക്ഷിക്കരുതേ.
രാഗം പാടി കലാശിക്കുക 4 മാത്ര
ആലവട്ടം ശംഖ്, മേലാപ്പ് എന്നിവകളോടുകൂടി ശൃംഗാരപ്രധാനമായ രാവണന്റെ തിരനോക്ക്. ശേഷം നാലാമിരട്ടി മേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോൾ മെത്തയിൽ ഇരിക്കുന്ന രാവണന്റെ മടിയിൽ മണ്ഡോദരി കിടന്നുറങ്ങുന്നു. രംഗത്ത് ചെറിയ രണ്ട് നിലവിളക്കുകൾ അഞ്ചുതിരിയിട്ട് കത്തിച്ച് വെയ്ക്കണം. രാവണൻ ഇരിക്കുന്ന ഇടം കാൽ മടക്കി ദേഹത്തോട് ചേർത്തുവെച്ചും, വലം കാൽ ചെറുമടക്കോടെ മുന്നിലേക്ക് നീട്ടിവെച്ച് അരക്കെട്ട് വായുകൊടുത്തുകൊണ്ട് മുന്നിലേക്ക് തള്ളിയും ആയിരിക്കണം. മണ്ഡോദരിയുടെ കിടപ്പ് മുന്നിലേക്ക് അൽപ്പം തിരിഞ്ഞ് മലർന്നുകൊണ്ടും രാവണന്റെ വലം തുടയിലേക്ക് തലവെച്ചുകൊണ്ടും ആകണം. തിരശ്ശീല താഴുമ്പോൾ രാവണം വലം കൈപ്പടം മണ്ഡോദരിയുടെ ശിരസ്സിനു താഴെ ചേർത്ത് പിടിച്ചും മുട്ടുതിക്കിപിടിച്ച ഇടം കൈ (മുദ്രാഖ്യമുദ്ര) കൊണ്ട് മൃദുവായി മുലക്കണ്ണു തിരുമ്മിക്കൊണ്ട് തലവലത്തോട്ട് അൽപ്പം ചെരിച്ചു പിടിച്ചും രതിഭാവത്തോടെ ഇരിക്കുന്നു. തിര താഴുന്നതോടൊപ്പം മേളം നിലയ്കുന്നു. അങ്ങനെ അൽപ്പനേരം ഇരുന്നശേഷം രാവണൻ ചെറുതായൊന്ന് ഞെട്ടുന്നു. (ഇത് ഉറക്കത്തിൽ മണ്ഡോദരി ഞെട്ടുന്നതിന്റെ പ്രതികരണം രാവണനിൽ ഉണ്ടാവുന്നതാണ്). ഉടനെ മണ്ഡോദരിയുടെ മുഖത്തേയ്ക്ക് തലതിരിച്ച് സൂക്ഷിച്ചുനോക്കി നേരെ തിരിഞ്ഞ് (ഞെട്ടുവാൻ കാരണമെന്ത്?) ആലോചിച്ച് ദൃഷ്ടി കീഴോട്ടാക്കി സമാധാനിച്ച്, ‘ആ എന്തെങ്കിലുമാകട്ടെ’ എന്ന് കണ്ണുകൊണ്ടും താടികൊണ്ടും മാത്രം നടിച്ച് മുൻനിലയിൽ തന്നെ ഇരിക്കുന്നു. നിമിഷങ്ങൾക്ക് ശേഷം രണ്ടാമതും ഞെട്ടുന്നു. വീണ്ടും മുന്നത്തെ പോലെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയശേഷം ആലോചിച്ച് സമാധാനിച്ച് ‘എന്തെങ്കിലും ആകട്ടെ’ എന്ന് വലംകൈപ്പടം കൊണ്ട് കൂടെ കാണിച്ച് വീണ്ടും സമാധാനിച്ച് മുൻനിലയിൽ തന്നെ ഇരിക്കുന്നു. മൂന്നാമത് പൂർവ്വാധികം ശക്തിയോടെ ഞെട്ടുന്നു. മണ്ഡോദരി പെട്ടെന്നെഴുന്നേറ്റ് പരിഭവിച്ച് ഇടത്തോട്ടുമാറിയകന്ന് (ഇടം കാൽ നിലത്തു മടക്കിവെച്ചും കുത്തുപ്പിടിച്ച വലം കാലിനു മീതെ വെച്ഛ വലം കയ്യിലേക്ക് തലചായ്ച്ചും മുന്നിൽ നിലത്തേയ്ക്ക് നോക്കി ഇരിക്കുന്നു. രാവണൻ ഞെട്ടിയ ഉടനെ ഇടത്തോട്ട് നോക്കി മണ്ഡോദരിയെ ആവേശത്തോടേ ആലിംഗനം ചെയ്യുവാൻ മുതിരുന്നു. മണ്ഡോദരി കൈ തട്ടുന്നു. രാവണൻ വീഴുന്നു. വീണതിനുശേഷം രാവണൻ വിഷാദഭാവത്തിൽ കൈകൾ രണ്ടും കാലുകളുടെ മീതെ മലർത്തിവെച്ച് ഇരിക്കുന്നു. വീഴുന്നതോടൊപ്പം പതിഞ്ഞ ‘കിടതകധീം, താം’ മേളം തുടങ്ങുന്നു. അൽപ്പസമയം അതേ നിലയിൽ ഇരുന്ന ശേഷം സാവധാനത്തിൽ ഒന്ന് വിചാരിച്ച് ‘ഇങ്ങനെ വരുവാൻ കാരണമെന്ത്?’ എന്ന് മുദ്രയോടെ വിചാരിച്ച് ഇരുകൈവിരലുകളും മുന്നിൽ നിലത്തൂന്നി അൽപ്പം മുന്നോട്ടാഞ്ഞ് മണ്ഡോദരിയുടെ മുഖത്തേയ്ക്ക് ആശങ്കയോടെ നോക്കി, മുഖം നേരെ തിരിച്ച് മുന്നിൽ ദൃഷ്ടി തുറന്ന് ഉറപ്പിച്ചു നിർത്തി, ശിരസ്സ് ഇരുവശത്തേയ്ക്കും മൂന്നുനാലുതവണ തിരിച്ച് ‘ഓഹോ വല്ലാതെ പരിഭവിച്ചിട്ടുണ്ടല്ലൊ’ എന്ന് നടിയ്ക്കുന്നു. ഒന്നുകൂടി ആലോചിച്ചുറച്ച് ‘ആ, എന്തെങ്കിലും ആകട്ടെ. നല്ലവാക്കുപറഞ്ഞു സന്തോഷിപ്പിക്കുക തന്നെ’ എന്ന് കാണിക്കുന്നു. തന്നെ എന്ന മുദ്രവിടുന്നത് മേളാവസാനത്തോടേ ആയിരിക്കണം. പദത്തിന്റെ ഭാവം വിപ്രലംഭശൃംഗാരം.