ആശര കുലമണിദീപമേ ധീര
ശ്ലോകസാരം :- അനുരാഗം കൊണ്ട് പരവശയായ മണ്ഡോദരി, ചൂടേറിയ അമൃത് പോലെയുള്ള ഭർത്താവിന്റെ വാക്കുകൾ കേട്ട് നാണത്തോടെ അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് മെല്ലെ പറഞ്ഞു.
പദസാരം:- രാക്ഷസവംശത്തിന്റെ മണിവിളക്കേ, എന്റെ പ്രിയപ്പെട്ടവനേ, നീ സങ്കടപ്പെടരുത്. എനിക്കുണ്ടായ സങ്കടത്തെ പറ്റി പറയാൻ എനിക് നാണം തോന്നുന്നു.
ഇങ്ങനെ ഇത്ര എല്ലാം പറഞ്ഞിട്ടും മണ്ഡോദരിയ്ക്ക് ഒരു ഭാവഭേദവും വന്ന് കാണാത്തതിൽ വിഷണ്ണനായ രാവണൻ ശ്ലോകം തുടങ്ങിയാൽ ‘ഇനി ഇവളുടെ കാൽക്കൽ വീണു നമസ്കരിക്കുക തന്നെ’ എന്ന് കാണിച്ച് പതുക്കെ എഴുന്നേൽക്കുന്നു. ജാള്യത്തോടെ ശിരസ്സിനു മുകളിൽ തൊഴുകൈയ്യുമായി ‘മന്ദം ജഗാത’ എന്നതിനൊപ്പ് ഓടി അടുത്തേയ്ക്ക് ചെന്ന് നമസ്കരിക്കുവാൻ തുടങ്ങുമ്പോൾ ഭാവം മാറിയ മണ്ഡോദരി പെട്ടെഴുന്നേറ്റ് രാവണനെ ആലിംഗനം ചെയ്യുവാൻ തുടങ്ങുന്നു. ഉടനെ സന്തോഷത്തോടേ രാവണൻ രണ്ട് കൈകൾ കൊണ്ടും മാറി മാറി ‘നിൽക്കൂ നിൽക്കൂ’ എന്ന് കാണിച്ച് ‘ഇപ്പോൾ ഞാനല്ലേ ജയിച്ചത്’ എന്ന നാട്യത്തിൽ ഒന്നുരണ്ടു തവണ ചാഞ്ചാടിയശേഷം ‘പരിരഭ്യ’ എന്നതിനൊപ്പം പരസ്പരം ആലിംഗനം ചെയ്യുന്നു. ശ്ലോകം അവസാനിക്കുന്നത് വരെ അങ്ങനെ നിന്നശേഷം രാവണൻ വലതുവശം പീഠത്തിൽ ഇരുന്ന് സശ്രദ്ധം കേൾക്കുന്നു.