ആരെടായീസ്സഭയിങ്കൽ
ശ്ലോകം
ഇന്ദ്രപ്രസ്ഥേ സധർമ്മാത്മജനഥ വിധിവദ്യാഗമൻപോടു ദീക്ഷി-
ച്ചന്നൊന്നിച്ച ഗ്രപൂജക്കഖിലജനഗുരും കൃഷ്ണമഭ്യർച്ച്യ പീഠേ
ധന്യോസൗ തൽ പദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോൾ
വന്നോരുൾക്കോപമോടും സഭയിലതിഖലൻ ചൈദ്യനിത്ഥം ബഭാഷേ.
പദം
ആരെടായീസ്സഭയിങ്കൽ-
ചോരനാമീ ഗോപാലനെ
പാരാതെ കാൽ കഴുകിച്ചു-
പൂജചെയ്തതത്യത്ഭുതം
ആരിവനെ മാനിക്കുന്നു
നാരീജനങ്ങളല്ലാതെ
പാരം പിഴച്ചിതു യാഗം
ഓരോന്നേവം നിനക്കുമ്പോൾ
യോഗ്യരെല്ലാം ഇരിക്കവേ
യോഗ്യമല്ലീ ചെയ്തതൊട്ടും
യോഗ്യമല്ലാത്തതു കണ്ടാൽ
ആർക്കാനും സഹിക്കുമോ?
കുണ്ഡന്മാരെ നിങ്ങൾക്കിന്നു
വന്ദിപ്പാനീ കൃഷ്ണൻ തന്നെ
നന്നു തമ്മിൽ ചേർന്നു വന്ന-
തെന്നേ ഹന്ത! ചൊല്ലാവൂ.
ആരെടാ ഈ സഭയില്‍ വെച്ച് കള്ളനായ ഈ ഗോപാലനെ ഒന്നും ചിന്തിക്കാതെ കാല്‍കഴുകി പൂജചെയ്തത്? അത്ഭുതം!. ആരിവനെ വന്ദിക്കുന്നു? സ്ത്രീജനങ്ങളല്ലാതെ? ഇങ്ങിനെ ഓരോന്നു വിചാരിക്കുമ്പോള്‍ യാഗം വല്ലാതെ പിഴച്ചിരിക്കുന്നു. യോഗ്യരെല്ലാമിരിക്കവെ ഈ ചെയ്തത് ഒട്ടും ഉചിതമല്ല. അനുചിതമായതുകണ്ടാല്‍ ആരെങ്കിലും സഹിക്കുമോ? ജാരസന്തതികളേ, നിങ്ങള്‍ക്കിന്ന് വന്ദിപ്പാനായി ഈ കൃഷ്ണന്‍ തന്നെ നല്ലത്. ഹോ! തമ്മില്‍ ചേര്‍ച്ചയായി വന്നു എന്നേ പറയേണ്ടൂ
യാഗശാല - വലത്ത് കൃഷ്ണൻ, ബ്രാഹ്മണർ, ധർമ്മപുത്രൻ, ഇടത്ത് അർജ്ജുനൻ.
കുണ്ഡന്മാരെ നിങ്ങൾക്കിന്നു എന്നത് കാലം കൂട്ടി പാടുന്നു.